Indian Paradise Flycatcher | |||
ശാസ്ത്രീയ നാമം | Terpsiphone paradisi |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര |
Passeriformes
| ||
കുടുംബം | Monarchidae | ||
ജനുസ്സ് | Terpsiphone | ||
വർഗ്ഗം | T. paradisi | ||
ഉപവർഗ്ഗം | T. p. paradisi |
"നാകമോഹൻ" എന്ന പേര് അന്വർത്ഥമാക്കുന്ന സൗന്ദര്യത്തിനുടമയായ പക്ഷിയാണ് നാകമോഹൻ. ഒരു വെള്ളപ്പട്ട് പറന്ന് പോകുന്നത് പോലെ മനോഹരമായ കാഴ്ചയാണ് ആൺ നാകമോഹൻ പക്ഷികളുടെ പറക്കൽ. ഇവയെ ഇന്ത്യൻ റോക്കറ്റ് ബേഡ് എന്ന് ഇംഗ്ലീഷുകാർ വിളിച്ചത് ഈ രൂപം കണ്ടാണ്. ആൺ പക്ഷികൾ രണ്ട് വകദേദങ്ങളിൽ കാണപ്പെടാറുണ്ട്. വെള്ളയും തവിട്ടും.
നാകമോഹൻ ( വെള്ള - White Morph ) - പൂർണ വളർച്ച എത്തിയ ആൺകിളി
മധ്യപ്രദേശിന്റെ സംസ്ഥാന പക്ഷിയാണ് നാകമോഹൻ.
ശരീരഘടന
മനോഹരമായ തൂവലുകളോടുകൂടിയ നാകമോഹൻ ആൺകിളികൾ രണ്ട് വർണങ്ങളിൽ കാണപ്പെടുന്നു. പ്രധാനമായും വെള്ളയും പ്രധാനമായും തവിട്ടും വർണത്തിലുള്ളവയാണിവ. അപൂർവമായി തവിട്ടിൽ വെള്ള കലർന്ന കിളികളെയും കാണാറുണ്ട്. രണ്ട് വിഭാഗത്തിനും തിളങ്ങുന്ന കറുപ്പ് വർണ്ണത്തിലുള്ള തലയാണ്. തലയിൽ മുകളിലേക്ക് പൊങ്ങി നിൽക്കുന്ന ശിഖ കാണാം. കണ്ണിനു ചുറ്റും ഇളം നീല നിറത്തിലുള്ള ഒരു വലയം ഉണ്ടാകും. തലയിലെ കറുപ്പ് നിറം കഴുത്ത് വരെ കാണാം. ഇത് കഴുത്തിന് ശേഷം കൃത്യമായ ഒരു അതിർത്തി പോലെ അവസാനിക്കുന്നു.
നാകമോഹൻ ( തവിട്ട് - Rufous Morph ) - പൂർണ്ണ വളർച്ച നേടിയ ആൺകിളി
വെള്ള വർണ്ണത്തിലുള്ള വിഭാഗത്തിന് കഴുത്തിന് താഴെ മുതൽ പൂർണമായും വെള്ളയും കറുപ്പും നിറമാണ്. എന്നാൽ തവിട്ട് വിഭാഗത്തിന് തവിട്ടും കറുപ്പും കൂടാതെ മങ്ങിയ വെള്ളയും കാണാം. പൂർണവളർച്ചയെത്തിയ ആൺപക്ഷിക്ക് വാലുകളിൽ മനോഹരമായ നീണ്ട നാടകൾ പോലുള്ള തൂവലുകൾ കാണാം. 18 മുതൽ 20 വരെ സെ.മീ. നീളം വരുന്ന ശരീരം ഉള്ള ആൺകിളിക്ക് അതിന് പുറമെ 20 മുതൽ 30 സെ.മീ വരെ നീളം വരുന്ന താഴോട്ട് തൂങ്ങി നിൽക്കുന്ന ഈ രണ്ട് തൂവലുകൾ പക്ഷിയുടെ നിറം അനുസരിച്ച് വെള്ളയോ തവിട്ടോ ആയിരിക്കും. വെള്ള നിറത്തിലുള്ള പക്ഷികളുടെ ചിറകുകളിലും വാലിലും കറുപ്പ് നിറത്തിലുള്ള വരകൾ കാണാം. അവയുടെ നെഞ്ചും വയറും ചിറകുകളും വെള്ള നിറത്തിൽ തന്നെ ആയിരിക്കും. എന്നാൽ തവിട്ട് നിറത്തിലുള്ള വിഭാഗത്തിലെ പക്ഷികളുടെ ചിറകുകളും വാലും ചെമ്പ് കലർന്ന തവിട്ടാണെങ്കിലും .അടിഭാഗത്ത് കഴുത്തിന് താഴെ നെഞ്ച് മുതൽ ഗുദം വരെ മങ്ങിയ വെള്ള നിറമാണ്.
20 സെ.മീ. വരെ മാത്രം നീളം വരുന്ന പെൺപക്ഷികൾ തവിട്ട് വിഭാഗത്തിലെ കാണുന്നുള്ളൂ. ഇവയുടെയും തല കറുപ്പ് നിറത്തിലാണെങ്കിലും കഴുത്ത് ചാരനിറത്തിലാണ് കാണുക. തലയിലെ ശിഖ പെൺകിളിയിലും കാണാം. ആൺകിളികൾക്കുള്ളത് പോലെ കണ്ണിനുചുറ്റും നീലനിറത്തിലുള്ള വലയത്തിന് പകരം കറുപ്പ് വലയം കാണുന്നു.
ആൺകിളിയെപോലെ തലയിൽ നിന്ന് കഴുത്ത് വരെയുള്ള കറുപ്പ് നിറം ഒരു കൃത്യമായ അതിർത്തിയിൽ വെച്ച് അവസാനിക്കുന്നതിന് പകരം ചുറ്റിലുമായി ചാരനിറത്തിലേക്ക് മാറുന്നതായാണ് കാണുന്നത്. പുറം ഭാഗത്ത് ഇവക്ക് കഴുത്തിന് താഴെ നിന്ന് തവിട്ട് നിറം ആരംഭിക്കുന്നു. ചിറകുകളും വാലും തവിട്ട് നിറത്തിൽ ആണെങ്കിലും വാൽ ആൺകിളിയെ പോലെ നീളമുള്ളതല്ല. അടിഭാഗത്ത് കൊക്ക് മുതൽ കഴുത്തിലെ ചാരനിറം നെഞ്ചിലെ മങ്ങിയ വെള്ള നിറത്തിലേക്ക് ലയിക്കുന്നു. അവിടെ നിന്നെ താഴേക്ക് വയറും ഗുദം വരെയും വെള്ളനിറത്തിലാണ്.
16 മുതൽ 22 ഗ്രാം വരെ ഭാരം ഉണ്ടാകാറുള്ള നാകമോഹൻ പക്ഷികൾക്ക് 86 മുതൽ 92 സെ.മീ. വരെ ചിറകറ്റങ്ങൾ തമ്മിൽ അകലം ഉണ്ടാകും. ചാരനിറത്തിലുള്ള ചെറിയ കാലുകളും കറുത്തനിറത്തിലുള്ള അഗ്രം ചെറുതായി വളഞ്ഞ കൊക്കും ആണ്. കണ്ണുകൾ കറുപ്പ് നിറത്തിലാണ്.
ഒറ്റനോട്ടത്തിൽ പെൺകിളിയെപോലെ തോന്നിക്കുന്ന പ്രായപൂർത്തി ആവാത്ത ആൺകിളികൾക്ക് നീണ്ടവാലുകൾ കാണുകയില്ല. എന്നാൽ കണ്ണിനുചുറ്റും നീലവളയവും കഴുത്ത് വരെയുള്ള തിളങ്ങുന്ന കറുപ്പ് നിറവും കാണാം.
രണ്ട് മുതൽ മൂന്ന് വരെ വർഷം പ്രായം ആകുമ്പോഴാണ് ആൺകിളിക്ക് നീണ്ട വാലുകൾ ഉണ്ടാവാൻ തുടങ്ങുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആൺകിളിക്ക് അതിന്റെ ശരിയായ നിറവും ലഭിക്കുന്നു.
ആഹാരരീതി
നാകമോഹൻ ഒരു പ്രാണിപിടിയൻ പക്ഷിയാണ്. പറക്കുന്ന കീടങ്ങൾ,
തുമ്പികൾ, ശലഭങ്ങൾ, മഴപ്പാറ്റ, പച്ചത്തുള്ളൻ, ചീവീട്, വെട്ടുക്കിളി
തുടങ്ങിയവയാണ് ഇവയുടെ പ്രധാനഭക്ഷണം. ഇടതൂർന്ന നിൽക്കുന്ന മരക്കൊമ്പിൽ
ഇരുന്ന ചുറ്റുപാടും നിരീക്ഷിക്കുന്ന ഈ പക്ഷി ഒരു ഇരയെ
കണ്ടുപിടിച്ചാൽ അതിനുനേരെ പറന്നടുത്ത് ഇരയെ കൊക്കിലാക്കിയ ശേഷം സാധാരണയായി
തിരികെ പറന്ന് പുറപ്പെട്ട കൊമ്പിൽ തന്നെ ചെന്ന് ഇരുന്ന് വിശ്രമിക്കും.
സാധാരണയായി നിലത്ത് ഇറങ്ങാറോ ഇര തേടാറോ ഇല്ല.
സ്വഭാവം
സദാ ഉല്ലാസവാനായി കൊമ്പുകളിൽ നിന്ന് കൊമ്പുകളിലേക്ക് ചാടികൊണ്ടും
ചിലച്ചുകൊണ്ടും കാണപ്പെടുന്ന ഈ പക്ഷിക്ക് നല്ല വേഗതയിൽ പറക്കാനും
കഴിവുണ്ട്. സാധാരണയായി തറയിൽ ഇറങ്ങുന്നതായി കാണാറില്ല. എന്നാൽ വിശ്രമിക്കുന്ന കൊമ്പിൽ നിന്ന് ഇടക്കിടെ
കുളങ്ങളിലും മറ്റും പറന്ന് വീണ് കുളിക്കുന്നതായി കാണാം. ഒരുതരം പരുക്കൻ ശബ്ദമാണിവ
സാധാരണയായി ഉണ്ടാക്കുന്നത്. തുടർച്ചയായി ചിലക്കുന്നതാണ് ഇവയുടെ സ്വഭാവം.
പ്രജനനം
മാർച്ച് മുതൽ ആഗസ്ത് വരെയാണ് വിവിധ മേഖലകളിൽ നാകമോഹന്റെ
പ്രജനന കാലം. ഒരു പ്രജനനകാലത്ത് ഒരു ഇണയെ മാത്രം ഇവ സ്വീകരിക്കുന്നു.
ഇണക്കിളികൾ ഒന്നിച്ചാണ് കൂട് നിർമിക്കുന്നത്. ചെറിയ മരത്തിന്റെ കൊമ്പിനെ
അഗ്രത്തിലെ കുമ്പിളിൽ നിർമിക്കുന്ന കപ്പിന്റെ രൂപത്തിലുള്ള കൂട്, പുല്ലും
നാരുകളും ചിലന്തി വലയും മറ്റും കൊണ്ട് നിർമിക്കപ്പെടുന്നതാണ്. 3 മുതൽ 5 വരെ
ബ്രൗൺ പുള്ളികളുള്ള ഇളം പിങ്ക് നിറത്തിലുള്ള മുട്ടകൾ ഇടുന്നു. ഇണകൾ
മാറിമാറി അടയിരിക്കും. 21 മുതൽ 24 വരെ ദിവസങ്ങൾ കൊണ്ട് മുട്ട വിരിയുന്നു.
കുഞ്ഞുങ്ങളെ തീറ്റിക്കുന്നത് ഇണക്കിളികൾ ഒന്നിച്ചാണ് ചെയ്യുന്നത്. 9 മുതൽ
12 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും.
5.8 വർഷം വരെയാണ് നാകമോഹന്റെ ശരാശരി ആയുർദൈർഘ്യം.
5500 അടി വരെ ഉയരത്തിലുള്ള ഹിമാലയൻ മേഖലകളിൽ വരെ ഇവ കൂട് കെട്ടിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആവാസമേഖല
മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളാണ് നാകമോഹന്റെ ഇഷ്ട ആവാസമേഖല. കൂടാതെ മുളങ്കാടുകളും ഇലപൊഴിയും കാടുകളും മരങ്ങൾ നിറഞ്ഞ പറമ്പുകളും കുറ്റിക്കാടുകളും ഇവയ്ക്ക് പ്രിയമാണ്. എന്നാലും കാടുകളെ കൂടുതലായി ആശ്രയിക്കുന്ന ഇനം അല്ല ഇവ. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ഇവ കണ്ടുവരാറുണ്ട്.
ദേശാടനസ്വഭാവം പ്രകടമായി ഉള്ള ഒരു പക്ഷിയാണ് നാകമോഹൻ. ശരത്കാലം ഭൂമധ്യരേഖാ പ്രദേശത്തിനടുത്താണ് ഇവ ചെലവഴിക്കുന്നത്. പ്രജനനകാലം ഇവ വടക്ക് ദിശയിലേക്ക് നീങ്ങുന്നു. എന്നാൽ തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും സ്ഥിരതാമസമാക്കിയ വിഭാഗങ്ങളും ഉണ്ട്. ഇവ ഉത്തരേന്ത്യയിൽ നിന്ന് ദേശാടനം ചെയ്ത് എത്തുന്ന നാകമോഹൻ പക്ഷികളുമായി സങ്കലനം നടക്കാറുമുണ്ടെന്ന് പറയപ്പെടുന്നു.
മധ്യേഷ്യയിലെ കസാഖ്സ്താൻ മുതൽ താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പടിഞ്ഞാറൻ ചൈന, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ വരെയുള്ള രാജ്യങ്ങളിൽ നാകമോഹൻ പക്ഷികളെ കാണുന്നു.
ഹിമാലയൻ പാരഡൈസ് ഫ്ളൈകാച്ചർ എന്ന് വിളിക്കപ്പെടുന്ന T. p. leucogaster എന്ന ഉപവിഭാഗം കസാഖ്സ്ഥാൻ, താജിക്ക്സ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പടിഞ്ഞാറൻ ചൈന, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, വടക്കൻ ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ കാണുന്നു. ശരത്കാലത്ത് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങൾ സന്ദർശിക്കുകയും വസന്തത്തിൽ പ്രജനനമേഖലകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. മധ്യേന്ത്യയിലും തെക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലും കാണുന്ന ഉപവിഭാഗം ആണ് T. p. paradisi. കൂടാതെ ഇവ ശ്രീലങ്കയിൽ ശരത്കാലത്ത് സന്ദർശകരായി എത്താറുണ്ട്. T. p. ceylonensis എന്ന വിഭാഗം ശ്രീലങ്കയിൽ കാണപ്പെടുന്നു. ഇവ ദേശാടനസ്വഭാവം കാണിക്കാറില്ല. ഇവയെ സിലോൺ ഫ്ളൈ കാച്ചർ എന്ന് വിളിക്കാറുണ്ട്.
No comments:
Post a Comment