എന്‍റെ നാട്ടിലെ പക്ഷികള്‍: വലിയ വേലിത്തത്ത

Saturday, December 9, 2017

വലിയ വേലിത്തത്ത


Blue Tailed Bee Eater

ശാസ്ത്രീയ നാമം

 Merops philippinus



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Meropidae
ജനുസ്സ് Merops
വർഗ്ഗം M. philippinus

വർണശബളമായ മെലിഞ്ഞ ശരീരത്തോടുകൂടിയ വേലിത്തത്ത എന്ന ചെറുപക്ഷി വർഗ്ഗത്തിലെ കേരളത്തിൽ കാണപ്പെടുന്ന വലിപ്പം കൂടിയ വിഭാഗമാണ്‌ വലിയ വേലിത്തത്ത എന്നറിയപ്പെടുന്നത്. 

വലിയ വേലിത്തത്ത

നാട്ടുവേലിത്തത്തയേക്കാൾ വലിപ്പം കൂടിയ ഇവ ദേശാടന സ്വഭാവം കാണിക്കുന്ന ഒരു പക്ഷിയാണ്.

ശരീരഘടന 

പരമാവധി 23 - 26 സെ.മീ. നീളം എത്തുന്ന ശരീരത്തിന് പ്രധാനമായും പച്ച നിറമാണ്‌. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. അതിനു താഴ്‌ഭാഗം ഇളം പച്ചയോ നീലയോ കലർന്ന മഞ്ഞ നിറം ആയിരിക്കും. 

 

വാലിൻറെ മദ്ധ്യത്തിൽ നീളം കൂടിയ കമ്പിത്തൂവലുകൾ  കാണാം. കൊക്കുകൾ കറുത്തതാണ്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വര കാണാം. കൊക്കിനു താഴെയായി താടി മഞ്ഞ നിറമാണ്. കാലുകൾ ചെറുതാണ്. അത് മണ്ണിൽ നടക്കാൻ ചേരുന്ന വിധത്തിൽ ഉള്ളതല്ല. ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.




വലിയ വേലിത്തത്തയുടെ ശബ്ദം. 

ആഹാര രീതി 

നാകമോഹൻ പക്ഷികളെ പോലെ പറന്നാണ് ഇര തേടുന്നത്. പ്രാണികൾ, കീടങ്ങൾ, തുമ്പികൾ, പൂമ്പാറ്റകൾ, കടന്നലുകൾ, തേനീച്ചകൾ എന്നിവ ഭക്ഷണമാണ്. വിഴുങ്ങാൻ പറ്റാത്ത വലുപ്പം ഉള്ള ഇരകളെ കൊമ്പിൽ അടിച്ചു കൊന്നാണ് ഭക്ഷിക്കുന്നത്.



എപ്പോഴും വേലികളിലും കമ്പികളിലുമാണ്‌ ഇവ കാണപ്പെടുന്നത്. അങ്ങനെ സ്ഥിരമായി കാണപ്പെടുന്നതിനാൽ ചില ഭാഗങ്ങളിൽ കമ്പിത്തത്ത എന്നും വേലിത്തത്ത എന്നും വിളിക്കാറുണ്ട്. കാലുകൾ കുറിയതാകയാൽ നിലത്തിറങ്ങി ഇരതേടുന്നത് സാധാരണ കാണാറില്ല.

പ്രജനനം

ഏപ്രിൽ മെയ് മാസങ്ങളിലാണ് വലിയ വേലിത്തത്തയുടെ പ്രജനനകാലം. മൺതിട്ടകളിൽ ആണ് പൂവനും പിടയും ചേർന്ന് മാളം ഉണ്ടാക്കുന്നത്. രണ്ട് മീറ്റർ വരെ നീളത്തിൽ മാളം ഉണ്ടാക്കി 5 മുതൽ 7 വരെ മുട്ടകളിടുന്നു. കൂട്ടമായി അടുത്തടുത്തായി ധാരാളം മാളങ്ങളുണ്ടാക്കും.



മുട്ട വിരിഞ്ഞ് പറക്കാൻ പ്രായം ആവുന്നത് വരെയുള്ള ഇവയുടെ ജീവിതം ധാരാളം ഭീഷണികൾ നേരിടുന്നതാണ്. പറക്കമുറ്റിയാൽ സാധാരണയായി ഭീഷണികൾ നേരിടുന്നില്ല. 

6.2 വർഷം വരെയാണ് ഈ പക്ഷിയുടെ ആയുർദൈർഘ്യം.

ഉത്തര- മദ്ധ്യ ഭാരതത്തിലും പാകിസ്താനിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കാങ്കോൽ എന്ന സ്ഥലത്ത് വേലിതത്തകളുടെ ഒരു പ്രജനനകേന്ദ്രം കണ്ടെത്തിയിരുന്നു. പൂഴി പ്രദേശത്ത് മണ്ണ് നീക്കി രൂപപ്പെട്ട കുഴിയുടെ വശങ്ങളിലെ മൺതിട്ടയിൽ നിർമിക്കപ്പെട്ട നിരവധി കൂടുകൾ ഇവിടെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് മുഴുവനായും മനുഷ്യരാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.


ആവാസമേഖല 

വെളിമ്പ്രദേശങ്ങളാണ് വലിയ വേലിത്തത്തക്ക് പ്രിയം. കൂടുതലായും ജലാശയങ്ങളുടെ സമീപപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. 
 


ഹിമാലയത്തിൻറെ താഴ്‌വാരം മുതൽ ശ്രീലങ്ക വരെയും ഇന്തോചൈന മുതൽ ന്യൂഗിനി വരെയും ഈ വിഭാഗം പക്ഷികൾ കണ്ടുവരുന്നു. ഉത്തര, മദ്ധ്യ, വടക്ക് കിഴക്കൻ ഭാരതത്തിലും മ്യാൻമാർ, ലാവോസ്, വിയറ്റ്നാം, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ ഉത്തരമേഖലയിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. 

സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകുന്നു.




No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...