എന്‍റെ നാട്ടിലെ പക്ഷികള്‍: ഇരട്ടത്തലച്ചി

Monday, March 5, 2018

ഇരട്ടത്തലച്ചി

Red Whiskered Bulbul

ശാസ്ത്രീയ നാമം

 Pycnonotus jocosus             



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes    
കുടുംബം Pycnonotidae
ജനുസ്സ് Pycnonotus
വർഗ്ഗം P. jocosus
ഉപവർഗ്ഗം P. j. fuscicaudatus



ബുൾബുളുകളുടെ വർഗ്ഗത്തിൽപെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇനത്തിൽപെട്ട പക്ഷി ഇരട്ടത്തലച്ചി ആണ്. കൂട്ടമായും ഇണകളായും ഇവ നാട്ടിൻ പുറങ്ങളിലെ മരിച്ചില്ലകളെ ശബ്ദമുഖരിതമാക്കാറുണ്ട്.


ഇരട്ടത്തലച്ചി


ശരീരഘടന


6-7 ഇഞ്ചുവരെ വലിപ്പം വയ്ക്കുന്ന പക്ഷികളാണ് ഇരട്ടത്തലച്ചി. ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം ആയി കാണപ്പെടുന്നു.  ശരീരത്തിന്റെ അടിഭാഗം വെള്ള നിറത്തിലാണ്. തലയിൽ കറുത്ത ഒരു ശിഖ മുകളിലേക്ക് ഉയർന്ന് നിൽക്കും. കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു.



കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം കാണാം. ആൺ - പെൺ കിളികൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല.


സ്വഭാവം


വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കുളിക്കാനെത്തുന്ന ഇരട്ടത്തലച്ചികൾ ദിവസവും കുളിക്കാനിഷ്ടപ്പെടുന്ന പക്ഷികളാണ്. ഒന്നിലേറെ പക്ഷികൾ ഒരുമിച്ചാണ് കുളിക്കാനെത്തുക. കരയിലേക്കു കയറിയും വെള്ളത്തിലിറങ്ങിയും കുറെ നേരം കുളിച്ച ശേഷം മരച്ചില്ലകളിലിരുന്ന് ചിറകുകൾ ഉണക്കിയശേഷമേ ഇവ അടുത്ത ജോലിയിലേർപ്പെടാറുള്ളു. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ‍ പുറപ്പെടുവിക്കാറുണ്ട്.

ഇരട്ടത്തലച്ചിയുടെ ശബ്ദം.

ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരമാക്കുന്നു. കുരുമുളക് പഴുത്താലും മുള്ളിൻ കായ പഴുത്താലും ഒരേ ആവേശത്തോടെ ഇവയെത്തും.


പ്രജനനം


ജനുവരി മുതൽ ഒക്ടോബർ വരെയാണ് പ്രജനന കാലം. ചെറിയ പൊന്തകളിൽ കോപ്പയുടെ ആകൃതിയിൽ കൂടു പണിയുന്നു. വീട്ടിനകത്തും ഇവ കൂടു പണിയാറുണ്ട്. ഇത്തരം കൂടുകൾ മനുഷ്യർ പരിശോധിക്കുന്നതിൽ ഇവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. മനുഷ്യസാമിപ്യം കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്ന മട്ടിലാണിവയുടെ പെരുമാറ്റം. നാല്-അഞ്ചു മുട്ടകളാണ് സാധാരണ ഇടാറ്‌. പമ്പരത്തിന്റെ ആകൃതിയിൽ നല്ല കുങ്കുമ വർണ്ണത്തിലുള്ള അനവധി കുത്തുകളോടു കൂടിയതാണ് മുട്ടകൾ.











കുഞ്ഞുങ്ങൾക്ക് പതിനാലു ദിവസം പ്രായമായാൽ തള്ളപ്പക്ഷികൾ കൂട്ടിലേക്ക് തീറ്റയുമായി പോകുന്നതു നിർത്തും. പിന്നീട് തീറ്റയുമായി വന്ന് കൂടിനടുത്തുള്ള മരച്ചില്ലയിൽ ഇരുന്ന് ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ വിളിക്കാറാണ് ചെയ്യുക. ഈ വിളികേട്ട് കുഞ്ഞുങ്ങൾ ഇറങ്ങിവന്നിലെങ്കിൽ അവ കൂടുതൽ കൂടിനടുത്തേക്കു ചെന്ന് ശബ്ദമുണ്ടാക്കും അപ്പോൾ കുഞ്ഞുങ്ങൾ ഇറങ്ങിവന്നാലും തീറ്റ കൊടുക്കാതെ കുറച്ചു കൂടെ അകലെയുള്ള മരച്ചില്ലയിലേക്ക് പറന്നു പോകും. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ അടുത്ത ചില്ലയിലേക്കു മാറിയിരുന്നു കഴിഞ്ഞാൽ പിന്നീട് തെങ്ങുപോലെ കൂടുതൽ ഉയരമുള്ള മാറിയിരിക്കാൻ തുടങ്ങും. ഇങ്ങനെ അഞ്ചോ ആറോ പ്രാവശ്യം മാറിയിരുന്നതിനു ശേഷം മാത്രമേ കുഞ്ഞുങ്ങൾക്കു തീറ്റ കൊടുക്കു. ഇത് കുഞ്ഞുങ്ങൾക്കുള്ള പറക്കൽ പരിശീലനം കൂടിയാണ്. തീറ്റ കൊടുത്തു കഴിഞ്ഞ് തള്ള പക്ഷികൾ കുഞ്ഞുങ്ങളുമായി ആകാശത്തേക്കു പറന്നു പോകും.


ആവാസവ്യവസ്ഥ 


ബുൾബുൾ വിഭാഗത്തിൽ കേരളത്തിൽ അധികമായി കാണപ്പെടുന്ന ഇനമാണ് ഇരട്ടത്തലച്ചി.



ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളും തെക്ക് കിഴക്കൻ തീരവും ഒഴികെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പക്ഷികൾ കാണപ്പെടുന്നു. ചൈനയുടെ തെക്കു ഭാഗങ്ങളിലും ബംഗ്ലാദേശ്, മ്യാൻമർ , ഇന്തോചൈന, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ഇരട്ടത്തലച്ചികളിൽ ആകെ 9 ഉപവിഭാഗങ്ങളെ തിരിച്ചറിഞ്ഞതിൽ P. j. fuscicaudatus എന്ന ഉപവിഭാഗം ആണ് കേരളത്തിൽ കാണപ്പെടുന്നത്.

No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...