White Throated Ground ThrushOrange Headed Thrush | |||
ശാസ്ത്രീയ നാമം | Geokichla citrina |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Turdidae | ||
ജനുസ്സ് | Geokichla | ||
വർഗ്ഗം | G. citrina | ||
ഉപ വർഗ്ഗം | G. c. cyanota |
പ്രധാനമായും തറയിൽ നടന്ന് ഇര തേടുന്ന ഒരു പക്ഷിയാണ് കുറിക്കണ്ണൻ കാട്ടുപുള്ള് അഥവാ ചെന്തലയൻ കാട്ടുപുള്ള്. അതിമനോഹരമായി പാട്ട് പാടുന്ന ഒരു പക്ഷിയാണിത്.
ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഇടതൂർന്ന വനങ്ങളിൽ കാണുന്ന ഇവ പ്രാണികൾ, മണ്ണിര, പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നവയാണ്. Orange Headed Thrush (G. citrina) എന്ന് വിളിക്കപ്പെടുന്ന വർഗ്ഗത്തിലെ White Throated Ground Thrush എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.
ശരീരഘടന
20 - 23 സെ.മീ നീളം ആണ് കുറിക്കണ്ണൻ കാട്ടുപുള്ള് പക്ഷിയ്ക്കുള്ളത്. തൂക്കം 45 – 60 ഗ്രാം വരെ കാണപ്പെടുന്നു. തലക്കും കഴുത്തിനും ശരീരത്തിൻറെ അടിഭാഗത്തിനും ഓറഞ്ച് നിറമാണ്. ശരീരത്തിൻറെ ഉപരിഭാഗത്ത് ഇരുണ്ട ചാരനിറം കലർന്ന നീല നിറം ആയിരിക്കും.
കൊക്കിനെ താഴെ മുതൽ കഴുത്തും കവിളും വെള്ള നിറമാണ്. ഒറ്റനോട്ടത്തിൽ ഈ പക്ഷിയെ തിരിച്ചറിയുന്നതിന് സഹായിക്കുന്നത് ഇതിൻറെ വെളുത്ത കവിളിൽ ഭാഗത്ത് കുത്തനെ കാണുന്ന രണ്ട് വരകളാണ്. കൊക്കിന് അല്പം പിന്നിലായി കവിളിൽ കണ്ണിൽ നിന്ന് താഴോട്ട് ഒരു വരയും അല്പം കൂടി പിന്നിൽ രണ്ടാമത്തെ വരയും കാണാം.
പെൺകിളിക്ക് ഉപരിഭാഗത്തെ നീല നിറത്തിൽ പച്ചനിറം കലർന്നിരിക്കുന്നു എന്നതൊഴികെ ആൺ കിളിയും പെൺ കിളിയും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഇല്ല.
സ്വഭാവം
മിക്കവാറും ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്ന പക്ഷികളാണ് കുറിക്കണ്ണൻ കാട്ടുപുള്ള്. അല്ലെങ്കിൽ ഇണയുടെ കൂടെ. മിക്കവാറും തറയിൽ ചാടിനടക്കുന്ന ഈ പക്ഷികൾ അപകടം മണത്താൽ പറന്ന് മരക്കൊമ്പിൽ ചെന്നിരിക്കും.
ഒച്ചയുണ്ടാക്കാതെ പറക്കുന്ന ഇവ നാണം കുണുങ്ങികളാണ്. എന്നാൽ വേനൽ കാലത്ത് വെള്ളം നിറച്ച ഒരു ടാങ്കോ പാത്രമോ കണ്ടാൽ അവിടെ പല പക്ഷികൾ ഒന്നിച്ച് എത്തി ആഘോഷമായി കുളിക്കുകയും ചെയ്യും.
മനോഹരമായി പാടുന്ന പക്ഷികളാണ് കുറിക്കണ്ണൻ കാട്ടുപുള്ളുകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഈ പക്ഷിയെ കൂട്ടിലടച്ചു വളർത്താറുണ്ടത്രെ.
കുറിക്കണ്ണൻ കാട്ടുപുള്ളിൻറെ ശബ്ദം
പ്രജനനം
മെയ് മുതൽ ആഗസ്ത് വരെയാണ് കുറിക്കണ്ണൻ കാട്ടുപുള്ളിൻറെ പ്രജനനകാലം. ആൺ പെൺ പക്ഷികൾ ഒന്നിച്ചാണ് കൂട് ഉണ്ടാക്കുന്നത്. അധികം ഉയരമില്ലാത്ത മരത്തിലൊ കുറ്റിച്ചെടിയിലൊ 4-5 മീറ്റർ ഉയരത്തിലാണ് കൂടുണ്ടാക്കുന്നത്. അധികം കുഴി ഇല്ലാത്ത പരന്ന കൂട് ചെറിയ ചുള്ളിക്കമ്പുകളും പന്നലും വേരുകളും കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇലകളും പായലും വെച്ച് ഉൾഭാഗം മൃദുവാക്കും.
3 - 5 വരെ മങ്ങിയ നിറത്തിൽ ചുവന്ന പൊട്ടുകളുള്ള മുട്ടകളിടും. രണ്ട് ആഴ്ച കൊണ്ട് മുട്ട വിരിയും. തുടർന്ന് 12 ദിവസം കൊണ്ട് പറക്കമുറ്റുന്ന കുഞ്ഞുങ്ങൾ കൂട് വിടും. കൊമ്പൻകുയിൽ എന്ന പക്ഷികൾ ഇവയുടെ കൂട്ടിലാണ് മുട്ടയിടുന്നതത്രേ.
ആഹാരരീതി
തറയിൽ ചാടി സഞ്ചരിച്ച് ഇര തേടുന്ന പക്ഷിയാണ് കുറിക്കണ്ണൻ കാട്ടുപുള്ള്. ഇത് പ്രധാനമായും മണ്ണിലെ കീടങ്ങളെയും മണ്ണിരകളെയും ഭക്ഷിക്കുന്നു. പഴങ്ങളും ഭക്ഷണമാക്കാറുണ്ട്.
സാധാരണയായി രാവിലെയും വൈകീട്ടും മരത്തണലിൽ അധികം കുറ്റിച്ചെടികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇവ ഇര തേടുന്നതായി കാണാം.
സാധാരണയായി രാവിലെയും വൈകീട്ടും മരത്തണലിൽ അധികം കുറ്റിച്ചെടികൾ ഇല്ലാത്ത
ആവാസമേഖല
സാധാരണയായി ദേശാടന സ്വഭാവം കാണിക്കാറില്ലെങ്കിലും തണുപ്പ് കാലത്ത് ചില ഉപവിഭാഗങ്ങളിൽ പെട്ട പക്ഷികൾ ഉയർന്ന പ്രദേശങ്ങൾ വിട്ട് താഴെയുള്ള പ്രദേശങ്ങളിലേക്ക് മാറാറുണ്ടത്രെ.
കുറിക്കണ്ണൻ കാട്ടുപുള്ള് കേരളം ഉൾപ്പെടെ ഇന്ത്യൻ ഉപദ്വീപിൻറെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മിക്കവാറും സ്ഥിര താമസക്കാരാണ്. കൂടാതെ കർണാടകം, ഗോവ, മഹാരാഷ്ട്രയുടെ മധ്യ മേഖല ഒഴികെയുള്ള ഭാഗങ്ങൾ, തമിഴ്നാടിൻറെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ, തെലങ്കാന, ആന്ധ്രപ്രദേശ്, ഒറീസ, ഛത്തീസ്ഗഢ്, മധ്യപ്രദേശിൻറെ കിഴക്കൻ ഭാഗങ്ങൾ, ജാർഖണ്ഡ്, ബീഹാർ, വടക്കൻ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബിൻറെയും ഹരിയാനയുടെയും വടക്കൻ ഭാഗങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നീ മേഖലകളിലും ഈ പക്ഷിയെ കണ്ടുവരുന്നു. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻറെ ഹിമാലയൻ ഭാഗത്തും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ്, ശ്രീലങ്ക, തെക്കൻ മ്യാൻമാർ, തെക്കൻ, മധ്യ കിഴക്കൻ ചൈന, വടക്കുപടിഞ്ഞാറൻ തായ്ലൻഡ്, മധ്യ, തെക്കൻ ലാവോസ്, കമ്പോഡിയ, തെക്കൻ വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യയിലെ ബോർണിയോ, ജാവ, ബാലി എന്നിവിടങ്ങളിലും ഈ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നുണ്ട്.
G. c. cyanota എന്ന ഉപവിഭാഗമാണ് കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിൽ കാണപ്പെടുന്നത്. മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് ഈ പക്ഷിക്ക് മുഖത്ത് വെള്ളനിറത്തിൽ രണ്ട് കറുപ്പ് വരകൾ കാണാം. വടക്കേ ഇന്ത്യയിലെ ഹിമാലയൻ മേഖലകൾ തൊട്ട് ബംഗ്ലാദേശ്, മ്യാൻമർ വരെ കാണപ്പെടുന്ന ഉപവിഭാഗമാണ് G. c. citrina. തണുപ്പ് കാലത്ത് ഇവ തെക്കേ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും നീങ്ങാറുണ്ട്. G. c. amadoni എന്ന ഉപവിഭാഗം മധ്യപ്രദേശ്, ഒറീസ തുടങ്ങിയ മേഖലകളിൽ കാണപ്പെടുന്നു. ആന്തമാൻ ദ്വീപുകളിൽ കാണുന്നത് G. c. andamensis എന്ന ഉപവിഭാഗമാണ്. G. c. albogularis നിക്കോബാർ ദ്വീപുകളിൽ കാണുന്നു.
തെക്കേ കിഴക്കൻ ഏഷ്യയിൽ തെക്കൻ ബർമ മുതൽ തെക്ക് പടിഞ്ഞാറൻ ചൈന, വടക്ക് പടിഞ്ഞാറൻ തായ്ലൻഡ്,തെക്കൻ ലാവോസ്,കമ്പോഡിയ, തെക്കൻ വിയറ്റ്നാം, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ
G. c. innotata എന്ന ഉപവിഭാഗം കാണപ്പെടുന്നു. തെക്ക് കിഴക്കൻ ചൈനയിലും ഹോങ് കോങിലും
G. c. melli എന്ന ഉപവിഭാഗം കാണാം. G. c. courtoisi എന്ന ഉപവിഭാഗത്തെ മധ്യ കിഴക്കൻ ചൈനയിൽ കാണാം. G. c. aurimacula തെക്കൻ വിയറ്റ്നാമിലും ചൈനയിലെ ഹൈനാൻ പ്രവിശ്യയിലും വടക്കൻ ലാവോസിലും കാണപ്പെടുന്നു. G. c. gibsonhilli തെക്കൻ മ്യാൻമർ, തെക്കൻ തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്തോനേഷ്യയിൽ G. c. aurata വടക്കൻ ബോർണിയ ദ്വീപിലും G. c. rubecula പടിഞ്ഞാറൻ ജാവയിലും G. c. orientis കിഴക്കൻ ജാവയിലും ബാലിയിലും കാണപ്പെടുന്നു.
മറ്റ് ഭാഷകളിൽ
Bengali: কমলা দামা
Burmese: မြေလူးခေါင်းနီ
Chinese: 橙头地鸫
French: Grive à tête orange
German: Damadrossel
Gujarati: મલાગીર કસ્તુરો
Icelandic: Damaþröstur
Indonesian: Anis merah
Japanese: オレンジジツグミ
Malay: Burung Murai Belanda
Marathi: केशरी डोक्याचा कस्तूर
Nepali: सुन्तले चाँचर
Norwegian: ravtrost
Odiya: ଭୂଇଁଖୁଣ୍ଟି ଚଢ଼େଇ
Polish: drozdaczek ognistogłowy
Portuguese: tordo-citrino
Russian: Оранжевоголовый дрозд
Serbian: Narandžasto-plavi drozd
Slovak: drozd brahmanský
Spanish: Zorzal Citrino
Swedish: orangehuvad trast
Tamil: செந்தலைப் பூங்குருவி
Thai: นกเดินดงหัวสีส้ม
Turkish: Turuncu başlı ardıç
Vietnamese: Sáo đất đầu cam
കുറി കണ്ണൻകാട്ടുപുള്ളു 19/4/21 ന് ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ മുനക്കകടവിൽ കണ്ടു.
ReplyDelete👍🏻
Deleteഇന്നലെയും ഇന്നുമായി (22, 23 - 3 -23) കുറിക്കണ്ണൻ കാട്ടുപുള്ളിനെ പന്തളത്ത് അച്ചൻകോവിലാറിൻ്റെ തീരത്തെ പറമ്പിൽ കണ്ടു. മനോഹരമായി പാടുന്നതും കേട്ടു
ReplyDelete👍🏻
Deleteഒരു വർഷത്തോളമായി എന്റെ വീടിനു ചുറ്റും സ്ഥിരമായി കാണപ്പെടുന്നുണ്ട്.. ഭൂരിഭാഗം സമയത്തും ഒറ്റയ്ക്കാണ് വരുന്നത്... ചിലപ്പോൾ മൂന്നെണ്ണം കാണാം...
ReplyDelete👍🏻
Delete