Yellow browed Bulbul | |||
ശാസ്ത്രീയ നാമം | Acritillas indica |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Pycnonotidae | ||
ജനുസ്സ് | Acritillas | ||
വർഗ്ഗം | A. indica | ||
ഉപ വർഗ്ഗം | A. i. indica |
ബുൾബുൾ വിഭാഗത്തിലുള്ള ഒരു പക്ഷിയാണ് മഞ്ഞച്ചിന്നൻ. തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്. തിളങ്ങുന്ന മഞ്ഞ നിറം കൊണ്ടും രസകരമായ ശബ്ദം കൊണ്ടും ഈ പക്ഷി ശ്രദ്ധയാകർഷിക്കുന്നു.
പ്രധാനമായും വനത്തോടടുത്ത പ്രദേശങ്ങളിലാണ് കാണപ്പെടാറെങ്കിലും ഇടതൂർന്ന മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളിലും ഇവ അപൂർവമല്ല.
ശരീരഘടന
മഞ്ഞച്ചിന്നൻ 20 സെ.മീ. നീളം വരെ വളരുന്ന ഒരു കിളിയാണ്. ഇവയ്ക്ക് ഇരട്ടത്തലച്ചിയെ പോലെ തലയിൽ ശിഖ ഇല്ല. ശരീരത്തിന്റെ പിറകിൽ തല മുതൽ ചിറകും വാലും വരെ ഒലീവ് പച്ച നിറമാണ്. ഇരുണ്ട നിറത്തിലുള്ള കണ്ണിന് ചുറ്റുമായി കണ്ണിന് ചുറ്റുമായി മഞ്ഞ നിറമാണ്. കൊക്കുകൾക്ക് കറുപ്പ് നിറമാണ്. അതിന് താഴെ മുതൽ തൊണ്ടയ്ക്കും ശരീരത്തിന്റെ അടിഭാഗത്തിനും തിളങ്ങുന്ന മഞ്ഞ നിറമാണ്.
ആൺ കിളിക്കും പെൺ കിളിക്കും തമ്മിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.
മഞ്ഞച്ചിന്നന്റെ ശബ്ദം
ആഹാരരീതി
പ്രധാനമായും ചെറുപഴങ്ങൾ ആണിവയുടെ ആഹാരം.കൂടാതെ പുഴുക്കൾ, കീടങ്ങൾ എന്നിവയും ആഹാരമാക്കാറുണ്ട്. അരിപ്പൂവിന്റെ പഴങ്ങളും കാട്ടുമുൾച്ചെടിയുടെ പഴങ്ങളും പഴുത്ത കുരുമുളകും ഇവ പ്രിയത്തോടെ അകത്താക്കുന്നത് കാണാം.
പ്രജനനം
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ പക്ഷിയുടെ പ്രജനന കാലം. കൂട് നിർമിക്കാൻ ഒരാഴ്ച വരെ സമയം എടുക്കാറുണ്ട്. നാരുകളും ചിലന്തിവലകളും മറ്റും കൊണ്ട് നിർമിക്കുന്ന കപ്പ് ആകൃതിയിലുള്ള കൂട്ടിൽ 2 മുട്ടകളാണ് സാധാരണയായി ഇടുന്നത്. 13 ദിവസം കൊണ്ട് മുട്ട വിരിയുന്നു. പുഴുക്കളും മൃദുവായ കീടങ്ങളും പഴങ്ങളും കഴിച്ച് വളരുന്ന കുഞ്ഞുങ്ങൾ 13 ദിവസം കൊണ്ട് പറക്കമുറ്റുന്നു.
ആവാസമേഖല
കേരളത്തിലും ഗോവയിലും കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ പൂർവ്വഘട്ട പ്രദേശങ്ങളിലും ശ്രീലങ്കയിലും മഞ്ഞച്ചിന്നൻ എന്ന പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.
പ്രധാനമായും വനത്തോടടുത്ത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടാറെങ്കിലും ഇടതൂർന്ന മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളിലും ഇവ അപൂർവമല്ല. കേരളത്തിൽ ഈ പക്ഷിയുടെ A. i. indica എന്ന ഉപവിഭാഗം ആണ് കാണപ്പെടുന്നത്.
No comments:
Post a Comment