എന്‍റെ നാട്ടിലെ പക്ഷികള്‍: പനങ്കാക്ക

Thursday, September 27, 2018

പനങ്കാക്ക

Indian Roller

ശാസ്ത്രീയ നാമം

 Coracias benghalensis        



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Coraciidae
ജനുസ്സ് Coracias
വർഗ്ഗം C. benghalensis     
ഉപ വർഗ്ഗം C. b. indicus


ഏഷ്യയിൽ ഇറാഖ് മുതൽ ഇന്തോചൈന വരെ കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ പനങ്കാക്ക. ഇവ റോളർ എന്ന വിഭാഗത്തിൽ പെടുന്ന പക്ഷികളാണ്. പ്രജനനകാലത്ത് ഇവ വായുവിൽ കാണിക്കുന്ന അഭ്യാസങ്ങൾ ആണ് ഈ വിഭാഗത്തിന് റോളർ എന്ന പേര് വരാൻ കാരണം. പനങ്കാക്കകൾ ചിറകുകൾ ഒതുക്കി ഇരിക്കുമ്പോൾ കാഴ്ചയ്ക്ക് പ്രത്യേകതകൾ തോന്നില്ലെങ്കിലും ചിറകുകൾ വിടർത്തി പറക്കുമ്പോൾ അത് അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ്.


പനങ്കാക്ക


കേരളത്തിൽ വയലുകളും പറമ്പുകളും ചരൽ‌പ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ ആണിവയെ സാധാരണയായി കാണുന്നത്. 


ആന്ധ്രപ്രദേശ്, കർണാടകം, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ പനങ്കാക്കയെ സംസ്ഥാനപക്ഷിയായി സ്വീകരിച്ചിരിക്കുന്നു. 


ശരീരഘടന

 

ഏകദേശം 27 സെ.മീ. വലിപ്പമുള്ള ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും ആണ്. വാൽ താരതമ്യേന ചെറുതാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾ‌ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്.




ചിറകുകളിൽ തിളക്കമുള്ള കടും നീലയും കറുപ്പും ഇളംനീലയും കലർന്നുകിടക്കുന്നത് പക്ഷിക്ക് അസാധാരണമായ ഭംഗികൊടുക്കുന്നു. ചിറകുകളിൽ പ്രതേകിച്ചും രണ്ടുമൂന്നുതരം നീലയുണ്ട്. ഊതനിറവും ചിറകിൽ പ്രധാനമായ ഒരു ഛായാഭേദമാണ്. മുഖത്തും കഴുത്തിലും ചാരനിറവും ഊതയും കലർന്ന വരകളാണ് കാണുക. തവിട്ടു നിറമുള്ള മാറിടത്തിൽ നെടുനീളെ അനവധി വെള്ള വരകളുണ്ട്. വയറു നേർത്ത കാവി നിറവും അടിവയർ ഇളം നീലയുമാണ്. 

ഇതിന്റെ ശബ്ദം പരുക്കനായ ‘ക്രോ- ക്രോ- കെ- കെ’ എന്നിങ്ങനെയൊക്കെയാണ്.




പനങ്കാക്കയുടെ ശബ്ദം


ആഹാരരീതി


വണ്ടുകൾ, ശലഭങ്ങൾ, ചീവീടുകൾ, കടന്നൽ, ഉറുമ്പുകൾ, ചിതൽ, പുഴുക്കൾ തുടങ്ങി  ചെറിയ തവളകൾ, ഓന്തുകൾ,പാമ്പുകൾ എന്നിവയെ ഒക്കെ പനങ്കാക്കകൾ ഭക്ഷണമാക്കാറുണ്ട്. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക. 



സാധാരണയായി പനയുടെ പട്ടക്കൈകളിലും ടെലിഫോൺ കമ്പിത്തൂണുകളിലും വൈദ്യുതകമ്പികളിലും തലപോയ  തെങ്ങ്, പന എന്നിവയുടെ മുകളിലും ഇരിക്കുന്ന ഇവ തന്റെ ഇരിപ്പിടത്തിൽ കണ്ണിമ പൂട്ടാതെ ചുറ്റും നോക്കി കൊണ്ടേയിരിക്കും. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽ‌പ്പെട്ടാൽ താഴേക്ക് പറന്നു തുടങ്ങും. നിലത്താണ് ഇവ ഇര പിടിക്കുക.

പ്രജനനം 

 

ഏപ്രിൽ മെയ്‌ മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. തലപോയ തെങ്ങോ പനയോ ഉണ്ടെങ്കിൽ തീർച്ചയായും അതിന്മേൽ മാത്രമേ കൂടുകെട്ടുകയുള്ളൂ. ഈ മരങ്ങളുടെ തലയ്ക്കൽ ഉണ്ടാകുന്ന  കുഴികളിൽ പനങ്കാക്ക കൂടുകെട്ടുന്നു. പനയും തെങ്ങും കിട്ടിയില്ലെങ്കിൽ വൃക്ഷഭിത്തികളിലുള്ള പോടുകളിലും മരപൊത്തുകളിലും കൂട് കെട്ടാറുണ്ട്.



പനങ്കാക്കകൾ തൂവെള്ള നിറത്തിൽ 3 – 5 വരെ മുട്ടകളാണ് ഓരോ തവണയും ഇടാറുള്ളത്. 17 മുതൽ 20 ദിവസം കൊണ്ട് മുട്ടകൾ വിരിയും. 30 ദിവസം വരെ കുഞ്ഞുങ്ങൾ കൂട്ടില കഴിയും.അവ പറന്നുതുടങ്ങുമ്പോൾ വലിയ പക്ഷികൾ അവയെ ഇലക്കൂട്ടങ്ങൾ യഥേഷ്ടമുള്ള വൃക്ഷങ്ങളിൽ കൊണ്ടുപോയി ഇരുത്തും. കുഞ്ഞുങ്ങൾ മുതിർന്നാൽ കുടുംബം പിരിഞ്ഞു ഒറ്റക്ക് ജീവിക്കുവാൻ തുടങ്ങും.


ആവാസമേഖല

 

കാടുകളെ അധികം ആശ്രയിക്കാത്ത ഇനം പക്ഷികളാണ് പനങ്കാക്കകൾ. വയലുകളും പറമ്പുകളും ചരൽ‌പ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ ആണിവയെ സാധാരണയായി കാണുന്നത്. പനങ്കാക്കകൾ ദേശാടനസ്വഭാവം കാണിക്കാറില്ല.

ഇറാഖ്, ഇറാൻ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാൻ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ ഇവയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു. 



C. b. indicus എന്ന ഉപവിഭാഗം ആണ് കേരളം ഉൾപ്പെട്ട തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നത്. C. b. benghalensis എന്ന ഉപവിഭാഗം ഇറാഖ്, ഇറാൻ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാൻ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, വടക്കേ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. C. b. affinis എന്ന വിഭാഗം മ്യാൻമാർ മുതലുള്ള ഇന്തോചൈന പ്രദേശങ്ങളിൽ കാണുന്നു.



No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...