എന്‍റെ നാട്ടിലെ പക്ഷികള്‍: മഞ്ഞക്കറുപ്പൻ

Wednesday, October 10, 2018

മഞ്ഞക്കറുപ്പൻ

Black hooded oriole

ശാസ്ത്രീയ നാമം

 Oriolus xanthornus           



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes    
കുടുംബം Oriolidae
ജനുസ്സ് Oriolus
വർഗ്ഗം O. xanthornus
ഉപ വർഗ്ഗം O. x. maderaspatanus



കാഴ്ചയിൽ  മഞ്ഞക്കിളിയോട് വളരെ സാദൃശ്യം ഉള്ള ഒരു പക്ഷിയാണ് മഞ്ഞക്കറുപ്പൻ. എന്നാൽ മഞ്ഞക്കിളിയെ പോലെ ദേശാടനം നടത്തുന്ന ഒരു പക്ഷി അല്ല ഇത്. മറിച്ച് കേരളത്തിൽ തന്നെ വഷം മുഴുവൻ താമസിക്കുകയും ഇവിടെ തന്നെ പ്രജനനം നടത്തുകയും ചെയ്യുന്ന ഒരു പക്ഷിയാണ് മഞ്ഞക്കറുപ്പൻ.


മഞ്ഞക്കറുപ്പൻ


നിറപ്പകിട്ടുകൊണ്ട് ആരെയും ആകർഷിക്കുന്ന ഈ പക്ഷികൾ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തിൽ പാടുകയും ചെയ്യും. സമതലപ്രദേശങ്ങളിൽ ധാരാളം മരങ്ങൾ ഉള്ളിടത്താണ്‌ ഇവ കൂടുതലായും വിഹരിക്കുന്നത്.


ശരീരഘടന


തിളങ്ങുന്ന മഞ്ഞ നിറം കൊണ്ട് ആരെയും ആകർഷിക്കുന്ന പക്ഷിയാണ് മഞ്ഞക്കറുപ്പൻ. മിക്കവാറും സമയം മരങ്ങളുടെ ശാഖകളിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ തലയും കഴുത്തും നെഞ്ചിന്റെ മുകള്‍ ഭാഗവും പൂർണമായും കറുപ്പ് നിറത്തിലാണ്. ചിറകുകളും വാലും മഞ്ഞയും കറുപ്പും നിറത്തിലും കാണപ്പെടന്നു. മഞ്ഞ വാലിന്റെ മുകൾ ഭാഗത്ത് കറുപ്പ് നിറത്തിൽ തൂവലുകൾ കാണാം. ചിറകിന്റെ മിക്കവാറും ഭാഗം കറുപ്പ് നിറത്തിലാണ്. ഈ പക്ഷിയുടെ കൊക്ക് ചുവപ്പ് കലർന്ന പിങ്ക് നിറത്തിൽ കാണപ്പെടുന്നു. കണ്ണുകൾ കടും  ചുവപ്പ് നിറത്തിലാണ്.
മദ്ധ്യത്തിൽ കറുത്ത പുള്ളിയുമുണ്ടായിരിക്കും. 




പെണ്‍പക്ഷികളുടെ തലക്ക് മങ്ങിയ കറുപ്പ് നിറമായിരിക്കും എന്നതൊഴിച്ചാൽ ആണ്‍ പെണ്‍ പക്ഷികള്‍ക്ക് പ്രകടമായ മാറ്റങ്ങളില്ല. മഞ്ഞക്കറുപ്പന്റെ കുഞ്ഞുങ്ങള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറമായിരിക്കും. താടി, തൊണ്ട, മാറിടം, എന്നിവിടങ്ങളിൽ അനവധി വെള്ള വരകൾ കാണാം. കൊക്ക് ചുവപ്പിനു പകരം കറുത്ത നിറത്തിൽ ആയിരിക്കും. 

പരുഷമായ ശബ്ദത്തിനു പുറമെ ഈ പക്ഷികൾ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തിൽ പാടുകയും ചെയ്യും. 




മഞ്ഞക്കറുപ്പന്റെ ശബ്ദം


ആഹാരരീതി 

 

ചെറുപഴങ്ങൾ ആണ് പ്രിയപ്പെട്ട ആഹാരം. അതിനൊപ്പം  പുഴുക്കളും  പുല്‍ച്ചാടികളും ഇവയ്ക്ക് ഭക്ഷണമാകാറുണ്ട്. പുറമെ പൂവുകളിലെ തേനും ഇവ ഭക്ഷിക്കാറുണ്ട്. ആല്‍, അത്തി എന്നിവയുടെ പഴങ്ങള്‍ ഇവക്ക് ഏറെ പ്രിയപ്പെട്ടതാണ്. 



 

പ്രജനനം 

 

മഞ്ഞക്കറുപ്പന്റെ പ്രജനനകാലം മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്.
അത്യാവശ്യം ഉയരമുള്ള കൊമ്പുകളും കവിളിൽ തൊട്ടിൽ പോലെ തൂങ്ങിക്കിടക്കുന്ന ചായ അരിപ്പ ആകൃതിയിൽ ഉള്ള കൂട് മരങ്ങളുടെ തൊലിയിൽ നിന്ന് ചീന്തിയ നാരുകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉള്ളിൽ പഞ്ഞിയും രോമങ്ങളും കാണും. വെള്ള നിറത്തിലുള്ള രണ്ടോ മൂന്നോ മുട്ടകളാണ് സാധാരണ കാണുന്നത്. മുട്ടകളില്‍ പുള്ളികളും കാണാറുണ്ട്. 





ആവാസമേഖല



വനവും മരങ്ങൾ കൂടുതൽ ഉള്ള വളപ്പുകളുമെല്ലാം മഞ്ഞക്കറുപ്പന് പറ്റിയ താവളങ്ങൾ ആണ്‌. മരങ്ങള്‍ തിങ്ങിയ ഗ്രാമപ്രദേശങ്ങളിലും ശബ്ദാനമായ നഗരങ്ങളിലും ഇവയെ കാണാം. അപൂർവ്വമായി മലകളിൽ വളരെ ഉയരങ്ങളിലേക്ക് ഇവയെ കാണാൻ സാധിക്കുകയുള്ളൂ. അല്പം വലിയ ഇലകൾ ഉള്ള മരങ്ങളാണ്‌ ഇവക്ക് പഥ്യം.
ഇന്ത്യയിൽ  വടക്ക് പടിഞ്ഞാറൻ ഇന്ത്യ ഒഴികെ മിക്കവാറും പ്രദേശങ്ങളിൽ ഇവയെ കാണാറുണ്ട്. കൂടാതെ ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, തെക്കൻ ചൈന, തായ്‌ലൻഡ്, വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ വരെ ഇവയുടെ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.





O. x. maderaspatanus എന്ന ഉപവിഭാഗം ആണ് കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യ മുതൽ  സമതലപ്രദേശം വരെ കാണപ്പെടുന്നത്. കേരളത്തില്‍ തന്നെ വര്‍ഷം മുഴുവന്‍ താമസിക്കുകയും ഇവിടെത്തന്നെ പ്രജനനം നടത്തുകയും ചെയ്യുന്നു. O. x. xanthornus എന്ന ഉപവിഭാഗം വടക്കേ ഇന്ത്യയിൽ ഹിമാലയൻ താവാരങ്ങളിലും നേപ്പാൾ, തെക്കൻ ചൈന, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ എന്നിവിടങ്ങളിലും കാണപ്പെടുന്നു.
O. x. reubeni Abdulali എന്ന ഉപവിഭാഗം ആണ് ആൻഡമാനിൽ കാണുന്നത്. O. x. ceylonensis Bonaparte എന്ന ഉപവിഭാഗം ശ്രീലങ്കയിൽ കാണുന്നു.




No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...