എന്‍റെ നാട്ടിലെ പക്ഷികള്‍: ഓലേഞ്ഞാലി

Monday, November 26, 2018

ഓലേഞ്ഞാലി


Rufous Treepie

ശാസ്ത്രീയ നാമം

Dendrocitta vagabunda      



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ് ‌Aves
നിര Passeriformes    
കുടുംബം Corvidae
ജനുസ്സ് Dendrocitta
വർഗ്ഗം D. vagabunda
ഉപ വർഗ്ഗം D. v. parvula


നിരവധി പാട്ടുകളിലൂടെയും നാട്ടുചൊല്ലുകളിലൂടെയും മലയാളികൾക്ക് സുപരിചിതമായ ഒരു പക്ഷിയാണ് ഓലേഞ്ഞാലി. ഇതിൻറെ സ്വഭാവത്തിലെ പ്രത്യേകതകളും ശബ്ദവും ഈ പക്ഷി ശ്രദ്ധയാകർഷിക്കാൻ കാരണമാകുന്നു. 

ഓലേഞ്ഞാലി

ഇംഗ്ലീഷ് ഭാഷയിൽ Rufous Treepie, Indian Treepie, Wandering Treepie എന്നൊക്കെ ഇവയ്ക്ക് പേരുണ്ട്. കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി. ഇത് ഒരു തദ്ദേശീയ ഇനം പക്ഷിയാണ്. ഇവയ്ക്ക്  ദേശാടനം നടത്തുന്ന സ്വഭാവം ഇല്ല.

ശരീരഘടന


ഒരു മൈനയുടെ വലുപ്പം മാത്രമേ ഉള്ളൂ എങ്കിലും നീളമേറിയ വാൽ കാരണം ഒരു വലിയ പക്ഷിയാണെന്ന തോന്നൽ ഉളവാക്കാറുണ്ട്. സാധാരണയായി 46 മുതൽ 50 സെമീ വരെ നീളം വരുന്ന ഈ പക്ഷിയുടെ വാലിനു മാത്രം ഏതാണ്ട്‌ 30 സെ.മീ. വരെ നീളം കാണും. ശരീരത്തിന് 90 മുതൽ 130 ഗ്രാം വരെ ഭാരം ഉണ്ടാകും. തലയും കഴുത്തും മാറിടവും വരെ ഉള്ള ഭാഗങ്ങൾ ചാരനിറം കലർന്ന കറുപ്പു നിറമാണ്. കണ്ണുകൾ കടുംചുവപ്പാണ്. കൊക്ക്, കാലുകൾ എന്നിവ കടുത്ത ചാരനിറമാണ്. പുറം ഭാഗം നല്ല തവിട്ടു നിറമാണ്. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറമാണ്.


ചിറകിനരികിലായി ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. ഏകദേശം ഒരട്ടിയോളം വരുന്ന നീണ്ട കറുത്ത വാലിൻറെ അറ്റത്തിന് അല്പം മുകളിൽ ആയി ഒരു വെള്ള പട്ട കാണാം. മുകൾ ഭാഗത്തുള്ള രണ്ടു തൂവലുകൾക്കു മാത്രമേ ഇത്രയും നീളമുള്ളു. മറ്റു തൂവലുകൾ ക്രമേണ നീളം കുറഞ്ഞു വരുന്നു. ഇതിനാൽ ഇവ വാലു വിടർത്തുമ്പോൾ വാലിന് ഒരു ത്രികോണാകൃതിയാണുള്ളത്.പറക്കുമ്പോൾ മാത്രമേ സാധാരണയായി വാൽ വിടർത്താറുള്ളൂ.

ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ പ്രകടമായ വ്യത്യാസം ഒന്നും ഇല്ല. കുഞ്ഞുങ്ങളുടെ വാലിലെ കറുത്ത തൂവലുകളുടെ തുമ്പുകളിൽ വെളുത്ത പൊട്ടുകൾ കാണും.

ആഹാരരീതി


ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കുന്ന രീതിയുള്ള പക്ഷിയാണ്. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഇരട്ടത്തലച്ചി, മഞ്ഞക്കറുപ്പൻ തുടങ്ങിയ ചെറിയ പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഇവ ഭക്ഷിക്കാറുണ്ട്. അത്കൊണ്ട് ഈ പക്ഷിയെ ലളിതക്കാക്കയും മറ്റും ചേർന്ന് തുരത്തുന്നത് നാട്ടിൻപുറങ്ങളിൽ പലപ്പോഴും കാണാൻ പറ്റും.   



ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നത് ഈ പക്ഷിയുടെ ഒരു സാധാരണ കാഴ്ചയാണ്.

സ്വഭാവം


പൊതുവെ ഇണകൾ ആയാണ് ഇവ സഞ്ചരിക്കുക. ഇവയെ സാധാരണയായി നിലത്തിറങ്ങി കാണാറില്ല. അപൂർവമായി നിലത്തിറങ്ങുന്ന സന്ദർഭങ്ങളിൽ ഇവ വാൽ ഉയർത്തിപ്പിടിച്ച് ചാടി ചാടിയാണ് സഞ്ചരിക്കുക.


കുളിക്കാൻ വളരെ ഇഷ്ടമുള്ള പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളത്തിൽ തലയും ചിറകും ഉപയോഗിച്ച് കുളിക്കുകയാണ് ഇവയുടെ രീതി. മഴക്കാലത്ത് മഴ നനഞ്ഞ് ഇരിക്കുന്ന ഓലേഞ്ഞാലികളെ കാണാം.

ഓലേഞ്ഞാലി ഉയർന്ന ശബ്ദം ഉണ്ടാക്കുന്ന പക്ഷിയാണ്. പലതരം ശബ്ദങ്ങൾ ഈ പക്ഷി പുറപ്പെടുവിക്കാറുണ്ട്.  


ഓലേഞ്ഞാലിയുടെ ശബ്ദം 


പ്രജനനം



മഴക്കാലത്തിനു മുൻപായി ഏപ്രിൽ മുതൽ ജൂൺ വരെയാണ് പ്രധാന പ്രജനനകാലം. 



വലിയ മരത്തിൽ ഏതാണ്ട് പതിനഞ്ചടിയോളം ഉയരത്തിലാണ് ഓലേഞ്ഞാലി കൂടുവെക്കുന്നത്. ചുള്ളിക്കമ്പുകളും മറ്റും കൊണ്ട് നിർമിച്ച് കാക്കയുടെ കൂട് പോലെ ആണെങ്കിലും അതിനേക്കാൾ അല്പം ചെറുതായിരിക്കും ഇവയുടെ കൂട്. ഈ കാലത്ത് ഓലേഞ്ഞാലി വളരെ നിശബ്ദനായി നടക്കുന്നതിനാൽ കൂട് കണ്ടെത്താൻ വളരെ പ്രയാസമാണ്. കൂട്ടിൽ 2 മുതൽ 6 വരെ ഇളം പച്ച നിറത്തിലുള്ള മുട്ടകൾ കാണാം. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കുകയും തീറ്റ ശേഖരിക്കുകയും ചെയ്യുന്നു.

6.7 വർഷം വരെയാണ് ഓലേഞ്ഞാലിയുടെ ശരാശരി ആയുർദൈർഘ്യം.

ആവാസമേഖല

 

ഓലേഞ്ഞാലി പക്ഷികൾ സാധാരണയായി താഴ്ന്ന പ്രദേശങ്ങളിലാണ് കാണപ്പെടുക. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ വരെ ഉള്ള പ്രദേശങ്ങളിൽ ആണ് ഇവയെ കാണുന്നത്. പരമാവധി 2100 മീറ്റർ വരെ കാണപ്പെട്ടിട്ടുള്ളതായും അപൂർവമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്ന വനപ്രദേശങ്ങളിൽ സാധാരണയായി ഇവയെ അധികം കാണാറില്ല. ആ പ്രദേശങ്ങളിൽ ഇവയുടെ അടുത്ത ബന്ധുവായ കാട്ടുഞ്ഞാലി എന്ന പക്ഷിയാണ് കാണപ്പെടുന്നത്.

നഗരങ്ങളിൽ തൊട്ട് കാട്ടുപ്രദേശങ്ങളിൽ വരെ ഓലേഞ്ഞാലിയെ കാണാറുണ്ട്. നാട്ടിൻ പുറത്തെ വൃക്ഷ സമൃദ്ധമായ കൃഷിയിടങ്ങളിലും നഗരങ്ങളിലെ പാർക്കുകളിലും പൂന്തോട്ടങ്ങളിലും ഇല പൊഴിയുന്ന വനപ്രദേശങ്ങളിലും വരണ്ട വനമേഖലകളിലും ഓലേഞ്ഞാലളെ കാണാറുണ്ട്.

ഇന്ത്യയിൽ രാജസ്ഥാൻ, ഗുജറാത്ത് ഭാഗത്തെ മരുപ്രദേശങ്ങളും വിവിധ ദ്വീപുകളും ഒഴികെ ഉള്ള മിക്കവാറും പ്രദേശങ്ങളിൽ ഇവയുടെ വിവിധ ഉപവിഭാഗങ്ങളെ കാണുന്നു. കൂടാതെ പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ, തായ്‌ലൻഡ്, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, തെക്കൻ ചൈന പ്രദേശങ്ങളിലും ഇവയുടെ വിവിധ ഉപവിഭാഗങ്ങകാണപ്പെടുന്നു.

D. v. parvula എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിന് പുറമെ ഇവ തെക്കൻ കർണാടകത്തിലും കാണുന്നു. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. 




 
D. v. bristoli Paynter എന്ന ഉപവിഭാഗം പാക്കിസ്ഥാൻറെ കിഴക്കപ്രദേശങ്ങൾ മുതൽ ഹിമാലയത്തിൻറെ താഴ്‌വാരങ്ങളിലും വടക്കേ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ ഉത്തരാഖണ്ഡ് വരെ കാണപ്പെടുന്നു. D. v. vagabunda എന്ന ഉപവിഭാഗം ഉത്തരാഖണ്ഡ് മുതൽ വടക്ക് കിഴക്കൻ ഇന്ത്യയിലും ബംഗ്ളാദേശിലും തെക്കോട്ട് ആന്ധ്രാപ്രദേശിൻറെ വടക്കൻ ഭാഗങ്ങൾ വരെയും കാണപ്പെടുന്നു. ആന്ധ്രപ്രദേശ് മുതൽ തെക്കോട്ട് പശ്ചിമഘട്ടത്തിന് കിഴക്ക് ഭാഗത്ത് D. v. pallida എന്ന ഉപവിഭാഗം കാണപ്പെടുന്നു. പശ്ചിമഘട്ടം മുതൽ പടിഞ്ഞാറോട്ട് D. v. behni എന്ന ഉപവിഭാഗം തെക്കൻ ഗുജറാത്ത് മുതൽ തെക്കോട്ട് മധ്യകണാടകം വരെ കാണപ്പെടുന്നു. ഇന്ത്യക്ക് പുറത്തും മറ്റ് നിരവധി ഉപവിഭാഗങ്ങളിലായി പക്ഷി കാണപ്പെടുന്നുണ്ട്.

മറ്റു ഭാഷകളിൽ 

Assamese: কোকলোঙা
Bengali: খয়েরি হাঁড়িচাচা
Catalan: garsa arbòria de dors rogenc
Chinese: 棕腹树鹊
Chinese-traditional: 棕腹樹鵲
Czech: straka toulavá, Straka toulavá
Danish: Træskade
Dutch: Rosse Boomekster, Zwerfekster
English: Rufous Treepie, Wandering Treepie, Indian Treepie
Estonian: aed-ruskharakas
Finnish: huppuviidakkoharakka, Huppuviidakkoharakka
French:  Témia vagabonde, Pie vagabonde de l'Inde
German: Wanderbaumelster, Wander-Elster, Wanderelster
Gujarati: ખેરખટ્ટો
Hungarian: vándor erdeiszarka
Italian: Dendrogazza rossiccia, Gazza vagabonda
Japanese: チャイロオナガ
Kannada: ಮಟಪಕ್ಷಿ
Lithuanian: indinė dendrocita, Indinė dendrocita
Marathi: भेरा
Nepali: कोकले
Norwegian: Okerskjære
Odia: ହାଣ୍ଡି ଚଞ୍ଛା ପକ୍ଷୀ
Persian : زاغ درختی حنایی
Polish: srokówka jasnoskrzydła, sroka jasnoskrzydła
Russian: Индийская древесная сорока
Slovak: strakaňa hájová, Straka túlavá
Spanish: Urraca vagabunda
Swedish: ockrabukig trädskata, Indisk trädskata
Tamil: வால் காக்கை
Thai: นกกะลิงเขียด, นกกะลิงเขียดสีน้ำตาล
Ukrainian: вагабунда світлокрила, Вагабунда світлокрила
Vietnamese: Choàng choạc hung


2 comments:

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...