എന്‍റെ നാട്ടിലെ പക്ഷികള്‍: തണ്ടാൻ‌ മരംകൊത്തി

Tuesday, December 25, 2018

തണ്ടാൻ‌ മരംകൊത്തി

Brown capped pygmy woodpecker

Indian Pygmy Woodpecker

ശാസ്ത്രീയ നാമം

 Yungipicus nanus              



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ് ‌Aves
നിര Passeriformes    
കുടുംബം Picidae
ജനുസ്സ് Yungipicus
വർഗ്ഗം Y. nanus
ഉപ വർഗ്ഗം Y. n. cinereigula


കേരളത്തിൽ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളിൽ ഏറ്റവും ചെറുതാണ് തണ്ടാൻ മരംകൊത്തികൾ. ഒരു ചെറു കുരുവിയോളം മാത്രം വലുപ്പം വെക്കുന്ന ഈ പക്ഷികൾ കാടുകളിലും ധാരാളം മരങ്ങൾ ഉള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു.



തണ്ടാൻ‌ മരംകൊത്തി


ചില പ്രദേശങ്ങളിൽ മുണ്ടൻ മരംകൊത്തി എന്നും ഇവ വിളിക്കപ്പെടുന്നു. ഇവ ദേശാടനസ്വഭാവം ഉള്ള പക്ഷികൾ അല്ല. 


ശരീരഘടന

 

ശരാശരി 13 സെ.മീ. വരെ നീളവും  13–17 ഗ്രാം വരെ ഭാരവും വെക്കുന്ന ഈ പക്ഷികളുടെ ശരീരം പ്രധാനമായും തവിട്ട് നിറത്തിൽ ഉള്ളതാണ്. തലയുടെ മുകൾ ഭാഗം മുതൽ കഴുത്തിന് പിറകിൽ വരെ തവിട്ടുനിറമാണ്. അടിഭാഗത്ത് ഇളം മഞ്ഞ കലർന്ന വെള്ളനിറമാണ്. അതിൽ മങ്ങിയ തവിട്ട് വരകൾ അവ്യക്തമായി കാണാറുണ്ട്. കണ്ണിൽ നിന്ന് തുടങ്ങുന്ന ഒരു കറുത്ത പട്ട കഴുത്തിന് പിറകിൽ വരെ എത്തുന്നു. കണ്ണിന് മുകളിൽ നിന്ന് തുടങ്ങി വെളുത്ത പുരികം കഴുത്ത് വരെ നീളുന്നു. പുറം ഭാഗത്ത് വെളുപ്പ് വരകളോട് കൂടിയ ഇരുണ്ട തവിട്ട് നിറം ആണ്. ചിറകുകൾക്ക് കാറ്റും തവിട്ട് നിറമാണ്. അതിൽ വെളുത്ത പുള്ളികൾ കാണാം. വാൽ ചിറകിന്റെ മധ്യത്തുള്ള തൂവലുകളിൽ വെളുത്ത കുത്തുകൾ കാണാവുന്നതാണ്‌. ആൺകിളിയുടെ തലയുടെ പിറകിൽ വശങ്ങളിലായി രണ്ട് ചുവപ്പ് വരകൾ കാണാം. പെൺകിളിക്ക് അത് കാണാറില്ല എന്നതാണ് ആൺ-പെൺ കിളികൾ തമ്മിലുള്ള പ്രകടമായ  വ്യത്യാസം.





സ്വഭാവം 


വളരെ ഉത്സാഹികളായ ഈ കിളികൾ സാധാരണയായി ജോഡികളായാണ് കാണപ്പെടാറുള്ളത്. മറ്റ് പ്രാണിപിടിയൻ കിളികളുടെ കൂട്ടങ്ങൾക്കൊപ്പം ഇവ ചെറുമരങ്ങളിലും മറ്റും ചിലച്ച് കൊണ്ട് ഇവയെയും കാണാം. മറ്റ് മരംകൊത്തികളെ പോലെ ഇവയും മരത്തണ്ടുകളിൽ കൊക്ക് കൊണ്ട് ശക്തിയായി കൊത്തിക്കൊണ്ടും ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി സഞ്ചരിച്ചും തീറ്റ തേടുന്നു. കുറ്റിച്ചെടികളുടെ താഴ്തണ്ടുകളിലും ഉയർന്ന മരങ്ങളുടെ മേൽചില്ലകളിലും ഇവയെ കാണാം. ഇവ വലിയ മരംകൊത്തികളുടെ രീതിയിൽ ഉള്ള ഉയർന്നും താഴ്ന്നും ശൈലിയിൽ പറക്കുന്നവരല്ല മറിച്ച് കുരുവിളുടെ ശൈലിയാണ് ഉപയോഗിക്കുന്നത്.
       
 
  തണ്ടാൻ‌ മരംകൊത്തിയുടെ ശബ്ദം


ആഹാരരീതി 

 

ഉറുമ്പുകൾ, ചിതലുകൾ, മറ്റു ഷഡ്പദങ്ങൾ, പുഴുക്കൾ തുടങ്ങിയവ ആണ് ഇവയുടെ പ്രധാന ആഹാരം. ചെറുപഴങ്ങളും തേനും ഇവ ഭക്ഷണം ആക്കാറുണ്ട്.



പ്രജനനം

 

ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് പ്രജനനകാലം. പ്രാദേശികമായ വ്യത്യാസങ്ങൾ കണ്ടുവരാറുണ്ട്. 2 മുതൽ 12 മീറ്റർ വരെ പൊക്കത്തിൽ ഉള്ള ഉണങ്ങിയ മരത്തടികളിൽ ഉണ്ടാക്കുന്ന പൊത്തുകളിൽ ആണ് ഇവ കൂട് ഒരുക്കാറുള്ളത്. പൊത്തിന്റെ വാ വലുപ്പം മൂന്ന് സെ.മീ. വരെ ഉണ്ടാകും. ഇതിൽ നിന്ന് 5 മുതൽ 10 സെ.മീ. വരെ താഴേക്ക് തുന്നാണ് അല്പം വിസ്താരം കൂടിയ രൂപത്തിൽ  മുട്ട ഇടുന്ന അറ നിർമിക്കുന്നത്. വിലങ്ങനെ നിൽക്കുന്ന മരക്കൊമ്പിൽ ആണ് കൂടെങ്കിൽ പൊത്തിന്റെ വാ താഴേക്ക് തുറന്നതായിരിക്കും. 




ഇവ 3 - 4 മുട്ടകൾ ഇട്ടും. കൂടൊരുക്കൽ, അടയിരിക്കൽ, കുഞ്ഞുങ്ങളെ പരിചരിക്കൽ വരെ എല്ലാ പ്രവർത്തികളും ഇണകൾ ഒന്നിച്ചാണ് ചെയ്യുന്നത്.

 

ആവാസമേഖല    

 

സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെയുള്ള പ്രദേശങ്ങളിലാണ് തണ്ടാൻ‌ മരംകൊത്തികൾ കാണപ്പെടുന്നത്. ഇലപൊഴിയുന്ന വനങ്ങളും മുളങ്കൂട്ടങ്ങളും ഇടവിട്ട് വൃക്ഷങ്ങൾ വളരുന്ന തോട്ടങ്ങളും ഈ പക്ഷിയുടെ ആവാസകേന്ദ്രങ്ങളാണ്.
   
ഇന്ത്യൻ ഉപദ്വീപിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങൾ ഒഴികെ ഹിമാലയത്തിന് തെക്കോട്ട് ഹിമാചൽ പ്രദേശ് മുതൽ കന്യാകുമാരി വരെയും ആരവല്ലി പർവ്വതത്തിന് കിഴക്കോട്ട് ബീഹാർ വരെയും ശ്രീലങ്കയിലും ഇവയെ കാണാം.

Y. n. cinereigula എന്ന ഉപവിഭാഗം ആണ് കേരളത്തിലും പടിഞ്ഞാറൻ തമിഴ്‌നാട്ടിലും കാണപ്പെടുന്നത്.





Y. n. nanus എന്ന ഉപവിഭാഗം വടക്കേ ഇന്ത്യയിലും നേപ്പാളിലും കാണപ്പെടുന്നു. Y. n. hardwickii എന്ന ഉപവിഭാഗമാണ് മധ്യ ഇന്ത്യയിൽ കാണപ്പെടുന്നത്. Y. n. gymnopthalmos എന്ന ഉപവിഭാഗം ശ്രീലങ്കയിൽ കാണപ്പെടുന്നവയാണ്. അതുകൊണ്ട് ഇവ ശ്രീലങ്കൻ പിഗ്മി വുഡ്പെക്കർ എന്നും അറിയപ്പെടുന്നു.







  

No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...