എന്‍റെ നാട്ടിലെ പക്ഷികള്‍: തവിടൻ ബുൾബുൾ

Friday, December 28, 2018

തവിടൻ ബുൾബുൾ



White browed Bulbul

ശാസ്ത്രീയ നാമം

 Pycnonotus luteolus     



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes    
കുടുംബം Pycnonotidae
ജനുസ്സ് Pycnonotus
വർഗ്ഗം P. luteolus
ഉപ വർഗ്ഗം P. l. luteolus




കേരളത്തിൽ കണ്ടു വരുന്ന ഒരിനം ബുൾബുളാണ് തവിടൻ ബുൾബുൾ. ഇത് കേരളത്തിലെ ഒരു സ്ഥിരവാസിയായ പക്ഷിയാണ്. 


തവിടൻ ബുൾബുൾ


മനോഹരമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇവയെ കേരളത്തിലെ കുറ്റിക്കാട് പോലുള്ള പ്രദേശങ്ങളിൽ ഇണയോടൊപ്പം കാണാം. മനുഷ്യസാമീപ്യം ഇഷ്ടപ്പെടാത്ത ഈ പക്ഷികൾ സാധാരണയായി നാണം കുണുങ്ങികളും മനുഷ്യരിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭവക്കാരുമാണ്.


 

ശരീരഘടന


ബുൾബുളുകളിൽ മറ്റൊരു വിഭാഗമായ നാട്ടുബുൾബുളുകളുടെ അത്രയോളം തന്നെ വലുപ്പം ഉള്ള പക്ഷികളാണ് തവിടൻ ബുൾബുളുകളും. 2സെ.മീ. വരെ നീളവും 28 - 43 ഗ്രാം വരെ ഭാരവുമുള്ള ഈ പക്ഷികളുടെ ശരീരത്തിൽ പൊതുവിൽ തിളങ്ങുന്ന വർണങ്ങൾ ഒന്നും കാണാനില്ല. ഇരട്ടിത്തലച്ചികളെ പോലെ തലയിൽ ശിക്ഷയോ തൊപ്പിയോ ഇവയ്ക്ക് ഇല്ല. ഇതിന്റെ ഇംഗ്ലീഷ് പേരിന്നാധാരമായി
കണ്ണിന് മുകളിൽ വെള്ള പുരികം തെളിഞ്ഞ് കാണാം.





നെറ്റി മുതൽ വാലറ്റം വരെ ഉപരിഭാഗം മഞ്ഞപച്ച  കലർന്ന തവിട്ട് നിറമാണ്. താടിയും തൊണ്ട ഭാഗവും മാറിടവും കലർന്ന വെള്ള നിറത്തിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗത്തിന്  നേരിയ തവിട്ട് കലർന്ന മഞ്ഞ നിറമാണ്. ഗുദഭാഗത്ത് തൃകോണാകൃതിയിൽ മഞ്ഞനിറം കാണാം.
കൊക്ക് കറുപ്പ് നിറത്തിലും കണ്ണ് ചുകപ്പ് നിറത്തിലും കാണപ്പെടുന്നു. കണ്ണിന്റെ താഴെ വെള്ള നിറത്തിലും കൊക്കിനോട് ചേർന്ന് അടിഭാഗത്ത് ഇളം മഞ്ഞനിത്തിലും കാണാം. ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.

 

സ്വഭാവം

മിക്കവാറും ഇവയെ ഇണകൾ ആയാണ് കാണാറുള്ളത്. പക്ഷെ മനുഷ്യന്റെ സാമീപ്യം ഇവയ്ക്ക് താത്പര്യമില്ല. നാണംകുണുങ്ങികളായ പക്ഷികളായാണ് ഇവയെ കാണക്കാക്കാറ്. ഇവ മനുഷ്യരിൽ നിന്ന് അകന്ന് നിൽക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവയെ കാണുന്നതിനേക്കാൾ കൂടുതൽ ഇവയുടെ മനോഹരമായ പാട്ട് കേക്കാറാണ് പതിവ്. പതിഞ്ഞ ശബ്ദത്തിലാണ് ഇവ പാടാറുള്ളത്. പക്ഷെ ഇടയിൽ അത് ഉച്ഛസ്ഥായിയിൽ എത്താറുണ്ട്.




തവിടൻ ബുൾബുളിന്റെ ശബ്ദം



ആഹാരരീതി


മറ്റു ബുൾബുളുകളെ പോലെ ചെറുപഴങ്ങളും ചെറു ചിലന്തികൾ മുതൽ കീടങ്ങളുമാണ് ഇവയുടെയും പ്രധാന ആഹാരം.




 അരിപ്പൂവിന്റെയും തെച്ചിയുടെയും പഴങ്ങളും പഴുത്ത കുരുമുളകും ഇവ ഇഷ്ടത്തോടെ  കഴിക്കുന്നത് കാണാം. അത് വഴി ഇവ ഈ ചെടികളുടെ വിത്ത് വിതരണത്തിൽ ഭാഗഭാക്കാവുന്നു


പ്രജനനം


കേരളത്തിൽ പൊതുവെ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങൾ ആണ് തവിടൻ ബുൾബുളിന്റെ പ്രജനനകാലം. കാണാൻ മറ്റു ബുൾബുളുകളുടെ കൂട് പോലെ തന്നെ തോന്നിക്കുന്ന കൂട്ടിൽ സാധാരണയായി 2 മുട്ടകൾ ഇടും





ആൺകിളിയും പെൺകിളിയും ഒരുമിച്ചാണ് കൂടുണ്ടാക്കൽ മുതകുഞ്ഞുങ്ങളെ വളർത്തൽ വരെയുള്ള പ്രവർത്തികളിൽ ഏർപ്പെടാറുള്ളത്.



ആവാസമേഖല   


വളരെ നാണംകുണുങ്ങികളായ തവിടൻ ബുൾബുളുകൾക്ക്  വരണ്ട പ്രദേശങ്ങളിലുള്ള കുറ്റിക്കാടുകളാണ് കൂടുതൽ ഇഷ്ടം. കൂടാതെ കാറുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും ഇവയെ കാണാം. എന്നാൽ കനത്ത വനങ്ങളും തുറസായ കൃഷിയിടങ്ങളും ഒഴിവാക്കാനാണിവയ്ക്ക് താത്പര്യം. എന്നാലും ഇവയുടെ ഓരങ്ങളിൽ ഈ പക്ഷികളെ കണ്ടേക്കാം. സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ വരെയുള്ള പ്രദേശങ്ങളിൽ ഇവ വസിക്കുന്നു.






ദേശാടനം നടത്താത്ത ഈ പക്ഷികൾ ഇന്ത്യൻ ഉപദ്വീപിൽ വിന്ധ്യ പർവത മേഖലക്ക് തെക്ക് ഭാഗത്ത് ഗുജറാത്തിലെ മധ്യമേഖല മുതൽ പശ്ചിമബംഗാളിന്റെ മധ്യമേഖല വരെയും ദക്ഷിണേന്ത്യ മുഴുവനായും കാണാം. കൂടാതെ ശ്രീലങ്കയിലും ഇവയുടെ ഉപവിഭാഗം കാണപ്പെടുന്നു.
P. l. luteolus എന്ന ഉപവിഭാഗമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നത്. P. l. insulae എന്ന ഉപവിഭാഗം ശ്രീലങ്കയിലും കാണുന്നു.







No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...