എന്‍റെ നാട്ടിലെ പക്ഷികള്‍: ചേരക്കോഴി

Saturday, March 9, 2019

ചേരക്കോഴി

Oriental Darter

ശാസ്ത്രീയ നാമം

 Anhinga melanogaster       




ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Suliformes
കുടുംബം Anhingidae
ജനുസ്സ് Anhinga
വർഗ്ഗം A. melanogaster

കേരളം ഉൾപ്പടെ ഉള്ള പ്രദേശങ്ങളിൽ ജലാശയങ്ങളുടെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ജലപക്ഷിയാണ് ചേരക്കോഴി. ഇവ ജലാശയങ്ങളുടെ തീരങ്ങളിൽ ഉള്ള വൃക്ഷങ്ങളിൽ നീർക്കാക്കകളെ പോലെ ചിറക് നിവർത്തി ഉക്കാനായി ഇരിക്കുന്നത് കാണാം. ഇവയുടെ നീണ്ട കഴുത്ത് ഒരു പാമ്പിനോടു സാദൃശ്യമുള്ളത് പോലെ
തോന്നിപ്പിക്കുന്നത് കാരണം ഇവയ്ക്ക് ഈ പേര് ലഭിച്ചിരിക്കുന്നു. നീണ്ടു മെലിഞ്ഞ കഴുത്തുള്ള ഇവയുടെ കൊക്ക് കഠാര പോലെയാണ്. മികച്ച നീന്തൽക്കാരായ ഈ പക്ഷികൾ അത്ര തന്നെ മികച്ച മീൻപിടുത്തക്കാരുമാണ്.


ചേരക്കോഴി


എന്നാൽ വ്യാപകവുമായ ആവാസവ്യവസ്ഥാനാശം മൂലം ഇന്ന് കടുത്ത വംശനാശ സാധ്യത നേരിടുന്ന ഈ പക്ഷികളെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ആണ് കണക്കാക്കുന്നത്. കേരളത്തിൽ ഇന്ന് നൂറിൽ താഴെ പക്ഷികൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.


ശരീരഘടന


സാധാരണയായി 85 മുതൽ 95 സെ.മീ. വരെ നീളവും 115 മുതൽ 130 വരെ സെ.മീ വരെ ചിറകറ്റങ്ങൾ തമ്മിൽ നീളവും കാണാറുള്ള പൂർണ വളർച്ചയെത്തിയ ചേരക്കോഴികൾക്ക് 1000 മുതൽ 1800 ഗ്രാം വരെ തൂക്കവും കാണും. ചിറകുകൾക്ക് 33 മുതൽ 36 വരെ സെ.മീ. നീളം കാണുന്നു. മഞ്ഞ നിറത്തിലുള്ള ഇവയുടെ കൊക്ക് 70 മുതൽ 85 സെ.മീ വരെ നീളം ഉള്ളതും കൂർത്തതും ആണ്. തലയും കഴുത്തും പ്രധാനമായും തവിട്ട് നിറം ആണ്. തലയുടെ മുകൾഭാഗത്ത് ഇരുണ്ട തവിട്ട് നിറമാണ്. നീണ്ട് വണ്ണം കുറഞ്ഞ ഇവയുടെ കഴുത്ത് ഒരു പാമ്പിൻറെ രൂപത്തെ ഓർമിപ്പിക്കുന്നു. മുഖത്തും താടിക്കും തൊണ്ടയ്ക്കും വെള്ള നിറമാണ്. വെളുത്ത കൃഷ്ണമണിക്ക് ചുറ്റും കണ്ണ് മഞ്ഞ നിറത്തിലാണ്. കണ്ണിൽ നിന്ന് തുടങ്ങി ഒരു വെളുത്ത വര കഴുത്തിലേക്ക് നീളുന്നു. 




പ്രധാനമായും തിളങ്ങുന്ന കറുപ്പ് നിറം ആണ് ശരീരത്തിൽ ഉള്ളത്. കറുപ്പ് നിറത്തിൽ കാണുന്ന ഈ പക്ഷികളുടെ ചിറകുകളിൽ വെളുത്ത നിറത്തിൽ തൂവലുകൾ ധാരാളമായി കാണാം. ഇവയുടെ വലിയ വാലിന് 20 മുതൽ 24 സെ.മീ. നീളം കാണുന്നു. വാലിലെ തൂവലുകളുടെ അഗ്രം അർദ്ധവൃത്താകൃതിയിൽ ആണ്. കറുപ്പ് നിറത്തിലുള്ള 12 വരെ നീളമേറിയ തൂവലുകൾ ആണ് വാലിൽ കാണുന്നത്. നീളം കുറഞ്ഞ കാലുകൾ കറുപ്പ് നിറത്തിലുള്ളതാണ്. പാദങ്ങൾ മഞ്ഞ കലർന്ന തവിട്ടാണ്. വിരലുകൾ താറാവുകളെ പോലെ ചർമത്താൽ ബന്ധിക്കപെട്ടിരിക്കുന്നത് വെള്ളത്തിൽ എളുപ്പം തുഴയാൻ സഹായകരമാണ്.

ചേരക്കോഴിയുടെ തൂവലുകൾ മറ്റുചില ജലപക്ഷികളെ പോലെ പൂർണമായും ജലപ്രതിരോധകങ്ങൾ അല്ലാത്തത് കൊണ്ട് ഇവയ്ക്ക് എളുപ്പം വെള്ളത്തിൽ മുങ്ങിച്ചെല്ലാൻ പറ്റുന്നു. പക്ഷെ അത് കാരണം ചേരക്കോഴികൾക്ക് അവയുടെ തൂവലുകൾ ഉണക്കാനായി മരകുറ്റികൾക്കും മറ്റും മുകളിൽ ചിറകുകൾ വിടർത്തി വെയിൽ കാഞ്ഞ് നിൽക്കേണ്ടതായി വരുന്നു. 



ആൺപക്ഷികൾക്ക്  പെൺപക്ഷികളേക്കാൾ അല്പം വലുപ്പക്കൂടുതൽ കാണുന്നതല്ലാതെ മറ്റു പ്രകടമായ വ്യത്യാസങ്ങളില്ല. പ്രായപൂർത്തി ആവാത്ത പക്ഷികൾക്ക് അല്പം മങ്ങിയ നിറമായിരിക്കും. കണ്ണിൽ നിന്ന് തുടങ്ങുന്ന വെളുത്ത വര പ്രകടമായി കാണില്ല.


ആഹാരരീതി


പ്രധാനമായും മൽസ്യങ്ങളാണ് ആഹാരം. പക്ഷെ ജലത്തിൽ കാണുന്ന ചെറിയ ഉരഗങ്ങളെയും പാമ്പുകളെയും തവളകളെയും  ആമകളെയും കീടങ്ങളെയും ഇവ ആഹരിക്കാറുണ്ട്. 
ചില ഇലകളും വിത്തുകളും ധാന്യങ്ങളും ഇവ ആഹരിക്കാറുളളതായി പറയപ്പെടുന്നുണ്ട്.




ഇവ ഇരിക്കുന്ന മരക്കൊമ്പിൽ നിന്നോ തറയിൽ നിന്നോ വെള്ളത്തിലേക്ക് ഊളിയിട്ടോ മൽസ്യങ്ങളെ പിന്തുടർന്നോ വെള്ളത്തിൽ മുകളിൽ വരുന്ന മത്സ്യത്തെ പതിയെ കാത്ത് നിന്നോ ഇവയുടെ നീണ്ട കഴുത്ത് അതിവേഗത്തിൽ മുന്നോട്ട് പായിച്ച് ഇരയെ ചാട്ടുളി പോലെ ഇവയുടെ കോക്കിൽ കോർത്തെടുത്ത് വെള്ളത്തിൻറെ വെളിയിലേക്ക് വരുന്നു. അതിനുശേഷം ഇരയെ കൊക്കിൽ നിന്ന് മുകളിലേക്ക് എറിഞ്ഞ് വിഴുങ്ങുന്നു. എന്നാൽ ചില അവസരങ്ങളിൽ മത്സ്യത്തെ കോർത്തെടുക്കുന്നതിനുപകരം വെള്ളത്തിനടിയിൽ വെച്ച് തന്നെ വിഴുങ്ങാറുമുണ്ട്. 


സ്വഭാവം


ചേരക്കോഴികളെ സാധാരണയായി ഒറ്റക്കോ ചെറിയ കൂട്ടമായോ ജലാശയങ്ങൾക്ക് സമീപമുള്ള മരങ്ങൾക്ക് മുകളിലോ കുറ്റികളിലോ ചിറക് വിരിച്ച് വിശ്രമിക്കുന്നതായോ ജലാശയത്തിൽ നീന്തുന്നതായോ ആണ് കാണാറുള്ളത്. 


ചിറക് വിരിച്ച് ചർമബന്ധിതമായ വിരലുകൾ ഉള്ള കാലുകൾ തുഴകളാക്കി ഇവയ്ക്ക് അതിവേഗം നീന്താനാവും. മുങ്ങാംകുഴിയിടുന്നതിന് പുറമെ ഇവയ്ക്ക് താറാവുകളെ പോലെ ജലോപരിതലത്തിൽ തുഴഞ്ഞ് നീങ്ങാനും പ്രയാസമില്ല.ആ അവസരങ്ങളിൽ ഇവയുടെ നീണ്ട കഴുത്ത് ഒരു പാമ്പിനെ പോലെ വെള്ളത്തിന് പുറത്തേക്ക് നീണ്ടുകാണാം. വെള്ളത്തിൽനിന്ന്  പുറത്ത് കയറിയ ശേഷം ഇവ മരക്കൊമ്പിലോ കുറ്റിയിലോ ഇരുന്നു ചിറകുകൾ വിടർത്തി തൂവലുകൾ ഉണക്കുന്നു. കൂടുതൽ സമയവും ചേരക്കോഴികളെ ഈ രൂപത്തിൽ ആണ് കാണാൻ കിട്ടുന്നത്.


നല്ല വണ്ണം പറക്കാൻ കഴിവുള്ള ചേരക്കോഴികൾക്ക് ദീർഘദൂരം ചിറകടിക്കാതെ കുതിക്കാൻ കഴിയും. ശക്തമായ ചില ചിറകടികൾക്ക് ശേഷം ഗ്ലൈഡ്‌ ചെയ്യുന്ന രീതിയാണ് ഇവ ഉപയോഗിക്കുന്നത്.

സാധാരണയായി അധികം ബഹളം ഉണ്ടാക്കാത്ത ഈ പക്ഷികൾ കൂടുകൾക്ക് പരിസരത്ത് മാത്രമാണ് ശബ്ദം ഉണ്ടാകാറുള്ളത്. ശത്രുക്കളുടെ സാമീപ്യം ഭയക്കുന്ന അവസരങ്ങളിൽ കഴുത്ത് നീട്ടി ചിറകുകൾ വീശിയടിച്ച് മറ്റു പക്ഷികളെ ജാഗരൂകരാക്കുന്നു.



   ചേരക്കോഴിയുടെ ശബ്ദം.

പ്രജനനം


മഴക്കാലമാണ് ചേരക്കോഴികളുടെ പ്രജനന കാലം. പ്രജനനകാലം ആരംഭിക്കുന്നതോടെ ആൺപക്ഷികൾ അധീനപ്രദേശങ്ങളെ സംരക്ഷിക്കുന്നതിൽ വളരെ ഉത്സുകനാകുന്നു.ഇവ ആ പ്രദേശത്തിലേക്ക് കടന്ന് വരുന്ന മറ്റ് ആൺപക്ഷികളെ തുരത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

ഇവ ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന പക്ഷികളാണ്. ആൺ പക്ഷികൾ ഇണയെ ആകർഷിക്കായി ആദ്യം കുതിച്ച് പറന്നുകൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കുന്നു. അതിനുശേഷം കൂട് നിർമിക്കാനുള്ള സ്ഥലം തെരഞ്ഞെടുത്ത് അതിന് ചുറ്റും അധീനപ്രദേശം സ്ഥാപിക്കുന്നു. അവിടെ വെച്ച് ഇണയെ ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പെൺപക്ഷികൾ അടുത്ത് എത്തുമ്പോൾ ശക്തമായി ചിറകടിച്ചും കഴുത്ത് വിവിധ രീതികളിൽ നീട്ടിയും അവയുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു.



ജലാശയത്തിലേക്ക് നീണ്ട നിൽക്കുന്ന മരച്ചില്ലകളിൽ 2 മീറ്റർ വരെ ഉയരത്തിൽ ഇണകൾ ഒന്നിച്ചാണ് 40-50 സെ.മീ വ്യാസമുള്ള കൂട് നിർമിക്കുന്നത്. ഈ കൂടുകൾ നിരവധി വർഷങ്ങളിലേക്ക് ഉപയോഗിക്കാറുണ്ട്. ചുള്ളിക്കമ്പുകൾ കൊണ്ട് നിർമിക്കുന്ന കൂട്ടിൽ  ഇലകൾ കൊണ്ട് ഉൾഭാഗം നീലയും പച്ചയും കലർന്ന നിറത്തിലുള്ള, ദീർഘഗോളാകൃതിയിലുള്ള 3 മുതൽ 5 വരെ മുട്ടകൾ ഇടും. ഇണകൾ മാറി മാറി അടയിരിക്കും. 25 മുതൽ 30 വരെ ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും. ചേരക്കോഴികളുടെ കുഞ്ഞുങ്ങൾക്ക് വെളുത്ത തൂവലാണുള്ളത്. ഇവ കാഴ്ചയിൽ കൊക്കിന്റെ കുഞ്ഞുങ്ങളെ പോലെയും കാണപ്പെടും. ആൺ പെൺ പക്ഷികൾ ഒന്നിച്ചാണ് കുഞ്ഞുങ്ങളെ തീറ്റുന്നത്. ഇവ തിന്ന് തികട്ടുന്ന ഭക്ഷണം ആണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഒരു ദിവസം 6 - 9 തവണ ഇതാവർത്തിക്കും. ഏകദേശം 50 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറന്ന് കൂട് വിടും. 2 വർഷം കൊണ്ട് ചേരക്കോഴികൾ പ്രായപൂർത്തിയാകുന്നു. 9 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുർദൈർഘ്യം.


ആവാസമേഖല


പ്രധാനമായി പതിയെ ഒഴുകുന്ന പുഴകളുടെയും ഉൾനാടൻ ജലാശയങ്ങളുടെയും അഴിമുഖങ്ങളുടെയും ചതുപ്പുകളുടെയും തുടങ്ങി മുങ്ങി നീന്തി ഇരപിടിക്കാൻ പറ്റുന്ന ആഴമുള്ള ജലാശയങ്ങളുടെ കരകളിൽ കൂട്ടമായി ആണ് ചേരക്കോഴികളെ  കാണപ്പെടുന്നത്. നീർക്കാക്ക, കൊക്ക് തുടങ്ങിയ ജലപക്ഷികളുടെ ആവാസമേഖലക്ക് സമീപത്ത് തന്നെ ഇവയെയും കാണാം. ദേശാടന സ്വഭാവം ഇല്ലാത്ത ഈ പക്ഷികൾ അധിവാസമേഖലയിലെ ജലലഭ്യത കുറയുന്ന അവസരങ്ങളിൽ ചെറിയ തോതിൽ വാസസ്ഥാനം മാറ്റാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവയെ കാണാറുണ്ട്.


ഇന്ത്യാ ഉപഭൂഖണ്ഡം ആണിവയുടെ പ്രധാന വാസസ്ഥാനം. പാകിസ്ഥാനിൽ സിന്ധു നദിയുടെ തീരങ്ങൾ, നേപ്പാൾ അതിർത്തി തെക്കോട്ട് മുതൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്,മ്യാൻമർ, കംബോഡിയ, ലാവോസ്,തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലായാണ് ചേരക്കോഴികൾ കാണപ്പെടുന്നത്. 

ഈ രാജ്യങ്ങളിൽ ആകെ ആയി 30000 ൽ താഴെ പക്ഷികൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ആവാസവ്യവസ്ഥാനാശവും മുട്ടകൾ നശിപ്പിക്കപ്പെടുന്നതും മലിനീകരണവും ഈ പക്ഷികളുടെ എണ്ണത്തിലെ ശോഷണത്തിന് കാരണമാണ്. അതുകൊണ്ട് ഐ.യു.സി.എൻ ഇവയെ 'Near Threatened' എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. 

കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് ചേരക്കോഴികള്‍ കൂടുതലായി കാണുന്നത്. ആലപ്പുഴയിലെ നൂറനാട്, കറ്റാനം, കുട്ടനാട്, കോട്ടയത്തെ കുമരകം, ഇടുക്കിയിലെ തേക്കടി, തിരുവനന്തപുരത്തെ മൃഗശാലവളപ്പ്, വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളിലും ചേരക്കോഴികൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 22 'ചേരക്കോഴി ദിനം' ആയി ആചരിച്ചിരുന്നു.

മറ്റ് ഭാഷകളിൽ 


Afrikaans: Slanghalsvoël
Bengali: গয়ার
Bulgarian: Индийска змиешийка
Catalan: Anhinga asiàtic
Cebuano: sili-sili
Chinese: 黑腹蛇鹈
Croatian: Zmijovrata
Czech: Anhinga indomalajská
Danish: Indisk Slangehalsfugl
Dutch: Indische Slangehalsvogel
Estonian: aasia madukael
Finnish: Aasiankäärmekaula
French: Anhinga d'Asie
German: Indischer Schlangenhalsvogel
Hebrew: נחשון
Hungarian: feketehasú kígyónyakúmadár
Icelandic: Indíaskutli
Indonesian: Burung Pecuk Ular
Italian: Aninga indiana
Japanese (Kanji): アジア蛇鵜
Japanese: アジアヘビウ
Lithuanian: Indijos žalčiakaklis
Malagasy: Manaranomby
Malay: Burung Pependang Timur
Marathi: तिरंदाज
Nepali: सुइरोठू“डे
Norwegian Nynorsk: Skjeggslangehals
Norwegian: Orientslangehals
Pinyin: hēi-fù shé-tí
Polish: wezówka indyjska
Portuguese (Portugal): Mergulhão-serpente-oriental
Portuguese: Biguatinga de Pescoço Vermelho
Russian: Азиатская змеешейка
Serbian: Azijska zmijovrata
Sinhalese (Transliteration): Peradigu Ahikava
Slovak: Anhinga tmavobruchá
Slovenian: afriški kačjevratnik
Spanish: Anhinga Asiática
Swahili: Mbizi
Swedish: Indisk ormhalsfågel
Tamil: Pambu Thara
Thai: นกสร้อยอีร้า, นกอ้ายงั่ว
Turkish: Doğu Yılanboyunu
Ukrainian: Змієшийка чорночерева
Vietnamese: Chim Cổ rắn, Chim Điêng điểng



No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...