എന്‍റെ നാട്ടിലെ പക്ഷികള്‍: മീൻകൊത്തിച്ചാത്തൻ

Thursday, April 25, 2019

മീൻകൊത്തിച്ചാത്തൻ

White Throated Kingfisher

ശാസ്ത്രീയ നാമം

 Halcyon smyrnensis       



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Halcyonidae
ജനുസ്സ് Halcyon
വർഗ്ഗം H. smyrnensis
ഉപവർഗ്ഗം H. s. fusca

മീൻകൊത്തി വിഭാഗത്തിൽ കേരളത്തിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. മീൻകൊത്തി വിഭാഗത്തിൽപെട്ട പക്ഷി ആണെങ്കിലും ഇവ ജലാശയങ്ങളിൽ നിന്ന് സാമാന്യം അകലെ ഉള്ള പ്രദേശങ്ങളിൽ പോലും കാണപ്പെടുന്നു. മീനുകൾക്ക് പുറമേ പ്രാണികളെയും ചെറു ഉഭയജീവികളെയും ഇഴജന്തുക്കളെയും വരെ ആഹരിക്കുന്ന ഇവയുടെ ശീലമാണ് ഇതിന് കാരണം.


മീൻകൊത്തിച്ചാത്തൻ

തിളങ്ങുന്ന നീല നിറത്തിലുള്ള തൂവലുകൾ കൊണ്ട് ആരെയും ആകർഷിക്കുന്ന ഈ പക്ഷി സാധാരണയായി ദേശാടന സ്വഭാവം കാണിക്കാറില്ല. 

പശ്ചിമ ബംഗാളിന്റെ സംസ്ഥാനപക്ഷി ആണ് മീൻകൊത്തിച്ചാത്തൻ.


ശരീരഘടന


26 മുതൽ28  വരെ സെ.മീ നീളവും 65 മുതൽ 85 ഗ്രാം വരെ ഭാരവും കാണപ്പെടുന്ന മീൻകൊത്തിച്ചാത്തൻ പക്ഷികൾക്ക് 11 മുതൽ 13 സെ.മീ. വരെയാണ് ചിറകറ്റങ്ങൾ തമ്മിലുള്ള അകലം.




കൊക്കുകൾ ചുവപ്പുനിറത്തിലുള്ളതും തടിച്ചതുമാണ്. തലയും മുഖവും വയറും ചിറകിന്റെ മുകൾ ഭാഗവും കടും തവിട്ടുനിറമാണ്. ചിറകുകളും വാലും തിളങ്ങുന്ന നീലനിറത്തിലാണ് കാണപ്പെടുന്നത്. ഇടയിൽ ചെറുതായി വെള്ള നിറത്തിലുള്ള തൂവലുകളും കാണാം. ഇരുണ്ട നിറത്തിലുള്ള അടയാളങ്ങൾ ചിറകുകളുടെ അരികുകളിൽ കാണുന്നു. കൊക്കുകൾക്ക് താഴെ തൊണ്ട വഴി മാറിടം വരെ വെള്ള നിറത്തിൽ ഒരു ഭാഗം തെളിഞ്ഞ് കാണാം. കാലുകൾ ചുവന്ന നിറത്തിലാണ്. കണ്ണുകൾ ഇരുണ്ട നിറമാണ്.

ആൺ പെൺ കിളികൾ തമ്മിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസം ഇല്ല.

കുഞ്ഞുങ്ങൾ വർണ്ണശബളിമ കുറഞ്ഞ് കാണപ്പെടുന്നു. ഇവയുടെ കൊക്കുകളും മങ്ങിയ നിറത്തിൽ കാണപ്പെടുന്നത്.

ആഹാരരീതി


മീൻകൊത്തിച്ചാത്തൻ വിവിധതരത്തിലുള്ള ഇരകളെ ആഹരിക്കുന്ന ഒരു പക്ഷിയാണ്. ചീവീടുകൾ, വണ്ടുകൾ, തുമ്പികൾ, തേൾ, പഴുതാര, ചിതൽ, ഉറുമ്പ്, ഞണ്ട്, പല്ലി, തവള, എലി, മീൻ തുടങ്ങി അനേകതരം ജീവികളെ ഇവ ആഹരിക്കാറുണ്ട്. വെള്ളത്തിന് അടുത്തോ പറമ്പിലോ ഉയരത്തിൽ ഒരു മരക്കൊമ്പിൽ ഇരുന്ന് ഇവ പരിസരനിരീക്ഷണം നടത്തി ഇരയെ കണ്ടെത്തുന്നു. അതിനുശേഷം അതിവേഗം പറന്ന് ഇരയെ കൊക്കിലാക്കി തിരികെ കൊമ്പിൽ വന്നിരുന്ന് കൊമ്പിൽ അടിച്ച് കൊന്ന ശേഷം വിഴുങ്ങുന്നു. ചില ചെറുപക്ഷികളെയും പക്ഷിക്കുഞ്ഞുങ്ങളെയും ഇവ തീറ്റയാക്കാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. മീൻ പിടിക്കാനായി ഇവ വെള്ളത്തിൽ ഊളിയിടാറുണ്ടെങ്കിലും അധികം ആഴത്തിൽ ചെല്ലാറില്ല എന്ന് മാത്രമല്ല അധികസമയം വെള്ളത്തിൽ മുങ്ങിനിൽക്കാറുമില്ല.




എന്നാൽ ചെറിയ കുഞ്ഞുങ്ങൾക്ക് സാധാരണയായി ചെറുകീടങ്ങളെയാണ് ആഹരിക്കാനായി നൽകാറുള്ളത്.


സ്വഭാവം

 

പകൽ സമയത്ത് മാത്രം സജീവമായി കാണുന്ന മീൻകൊത്തിച്ചാത്തൻ പക്ഷികൾ സാധാരണയായി ഒറ്റയായി ജീവിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു. പ്രജനനകാലത്ത് ഇണയോടൊപ്പം കാണാം. പക്ഷി ഒറ്റക്കായാലും ഇണയോടൊപ്പം ആയാലും ഇവ ഒരു അധീനമേഖല സ്ഥാപിക്കുന്നു. ആ മേഖലയിലാണ് ഇര തേടുന്നതും കൂടുതൽ സമയം ചെലവഴിക്കുന്നതും. കാലാവസ്ഥക്കനുസരിച്ച് ചെറിയ മാറ്റം ഉണ്ടാകുമെങ്കിലും സാധാരണയായി ദേശാടനസ്വഭാവം കാട്ടാറില്ല എന്ന് മാത്രമല്ല, ഇവ സ്വന്തം അധീനമേഖലയിൽ നിന്ന് അധികം ദൂരേക്ക് പോകാറുമില്ല എങ്കിലും ചില പക്ഷികളെങ്കിലും പുറത്ത് കടക്കാറുണ്ടെന്നതിന് ഇവയെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര ദ്വീപുകളിലും മറ്റും കണ്ടെത്തിയത് സാക്ഷ്യപ്പെടുത്തുന്നു.

കൂടുതൽ സമയവും ഇവ മരക്കൊമ്പിലും മറ്റും വെറുതെ ഇരുന്ന് ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ഇവ പല രീതിയിൽ ഉള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. പ്രധാനമായും കേൾക്കാറുള്ളത് ഉറക്കെ ഉള്ള കിലുക്കൽ ശബ്ദം ആണ്. പ്രജനനകാലത്ത് ആൺപക്ഷികൾ കൂടെ കൂടെ ഉറക്കെ ചിലക്കുന്ന ശീലം കാണിക്കുന്നു.



 മീൻകൊത്തിച്ചാത്തൻ പക്ഷിയുടെ ശബ്ദം

ശക്തമായ കൊക്കും വേഗത്തിലുള്ള പറക്കലും കൈമുതലായുള്ള പ്രായപൂർത്തിയായ മീൻകൊത്തിച്ചാത്തൻ പക്ഷികൾക്ക് സ്വാഭാവിക ശത്രുക്കളില്ല.


പ്രജനനം

 

വർഷത്തിൽ ഒരു തവണയാണ് പെൺ മീൻകൊത്തിച്ചാത്തൻ പക്ഷി മുട്ടയിടുന്നത്. മഴക്കാലം തുടങ്ങുന്നതോടെയാണ് മീൻകൊത്തിച്ചാത്തൻ പക്ഷികളുടെ പ്രജനനകാലം ആരംഭിക്കുന്നു. തന്റെ അധീനമേഖലയിലെ ഏതെങ്കിലും ഉയർന്നു നിൽക്കുന്ന ഒരു ശിഖിരത്തിൽ നിന്ന് ആൺപക്ഷി പുലർകാലത്ത് തന്നെ ഇണയെ ആകർഷിക്കാൻ ഉള്ള ശ്രമം നടത്തുന്നു. ചിറകുകളും വാലും വിടർത്തി ചിറകുകളിലെയും, കൊക്ക് ഉയർത്തി തൊണ്ടയിലെയും വെളുത്ത ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നു. മറുപടിയായി പെൺപക്ഷി വേഗത്തിലുള്ള കിറ്റ് - കിറ്റ് ശബ്ദം പുറപ്പെടുവിക്കുന്നു.

മണ്ണിലാണ് ഇവ കൂട് നിർമിക്കുന്നത്. 50 സെ.മീ. മുതൽ 1 മീറ്റർ വരെ നീളം വരുന്ന കൂട് ജലാശയങ്ങളുടെ കരയിലും മറ്റുമുള്ള കുത്തനെയുള്ള മൺതിട്ടകളിൽ കൊക്ക് കൊണ്ട് കുഴിച്ച് നിർമിക്കുന്നത് ഇണക്കിളികൾ ഒന്നിച്ചാണ്. നേരെ ഒരു ടണൽ പോലെ നിർമിക്കുന്ന കൂടിന്റെ ഉള്ളറ്റം മണ്ണിനുള്ളിൽ അല്പം മുകളിലേക്കുയർന്ന് ഒരു വലുപ്പം കൂടിയ അറയിൽ അവസാനിക്കുന്നു.  ഈ അറയിൽ പെൺപക്ഷി 4 മുതൽ 7 വരെ ഉരുണ്ട വെള്ള നിറത്തിലുള്ള മുട്ടകൾ ഇടുന്നു. ഇണക്കിളികൾ മാറിമാറി അടയിരിക്കും. മുട്ടകൾ 20 മുതൽ 22 ദിവസം കൊണ്ട് വിരിയും. പൂർണ്ണ വളർച്ച എത്താതെ വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തി ഉണ്ടാകില്ല. ഇണക്കിളികൾ ഒരുമിച്ചാണ് കുഞ്ഞുങ്ങളെ തീറ്റുന്നത്. 20 ദിവസം കൊണ്ട് കുഞ്ഞുങ്ങൾ പൂർണ്ണമായും വളർന്ന് പറന്ന് തുടങ്ങും.


മീൻകൊത്തിച്ചാത്തൻ പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം 5-6 വർഷം വരെയാണ്‌.



ആവാസമേഖല


മീൻകൊത്തി വിഭാഗത്തിൽ പെട്ടവയാണെങ്കിലും മീൻകൊത്തിച്ചാത്തൻ പക്ഷികളെ ജലാശയങ്ങളിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലും കാണാം. വയലുകൾ, മറ്റ് കൃഷിസ്ഥലങ്ങൾ, ചതുപ്പുനിലങ്ങൾ, കണ്ടൽ പ്രദേശങ്ങൾ, കായൽ, പുഴ, കുളം തുടങ്ങിയ ജലാശയങ്ങളുടെ സമീപ പ്രദേശങ്ങൾ, കടൽതീരങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവ കണ്ടുവരുന്നു. മറ്റ് മീൻകൊത്തിപക്ഷികളിൽ നിന്ന് വ്യത്യസ്തമായി ഇവയെ വരണ്ട ഇലപൊഴിയും വനങ്ങളിലും പട്ടണങ്ങളിലും വരെ കാണാം. മനുഷ്യസാമീപ്യം ഇവയെ അധികമൊന്നും അസ്വസ്ഥരാക്കുന്നില്ലെന്ന് കരുതാം.
  
സമുദ്രതീരങ്ങൾ മുതൽ 2300 മീറ്റർ ഉയരെ ഉള്ള പ്രദേശങ്ങൾ വരെ ഇവയുടെ അധിവാസമേഖലകൾ ആണ്.

കിഴക്ക് ശാന്തസമുദ്രത്തിന്റെ അതിർത്തി മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ വരെ നീണ്ടുകിടക്കുന്ന വിശാലമായ ഭൂഭാഗത്ത് മീൻകൊത്തിച്ചാത്തൻ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ അധിവാസം ഉറപ്പിച്ചിരിക്കുന്നു. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തെക്കൻ ചൈന, തായ്‌വാൻ, സിംഗപ്പൂർ, ഇന്തോചൈന, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സിറിയ, തുർക്കി, ലെബനൻ, ജോർദ്ദാൻ, സൗദി അറേബ്യ, ഇസ്രായേൽ, ഈജിപ്ത് എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇവയെ കാണുന്നു. ഇവയുടെ ആവാസമേഖല പുതിയ രാജ്യങ്ങളിലേക്ക് വളരുന്നു എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്.



   

H. s. fusca എന്ന ഉപവിഭാഗമാണ് കേരളത്തിൽ അധിവസിക്കുന്നത്. ഇവയ്ക്ക് തൂവലുകളിലെ നീല നിറം മറ്റുള്ള ഉപവിഭാഗങ്ങളെക്കാൾ കടുത്തതാണ്. കൂടാതെ ശരീരത്തിലെ തവിട്ടുനിറവും കൂടുതൽ ഇരുണ്ടതാണ്.ശരീരവലുപ്പവും മറ്റുവിഭാഗങ്ങളെക്കാൾ കുറവാണ്. ഈ ഉപവിഭാഗം ഉത്തരാഖണ്ട് മുതൽ പശ്ചിമ ബംഗാൾ വരെയും തെക്കേ ഇന്ത്യ മുഴുവനും ശ്രീലങ്കയിലും കാണപ്പെടുന്നു. H. s. smyrnensis എന്ന ഉപവിഭാഗം തുർക്കി, ഈജിപ്ത് മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യ വരെ കാണപ്പെടുന്നു. H. s. perpulchra Madarász കിഴക്കൻ ഇന്ത്യ മുതൽ സുമാത്ര, ജാവ ദ്വീപുകൾ വരെ കണ്ടുവരുന്നു. ആൻഡമാനിൽ കാണുന്ന ഉപവിഭാഗമാണ് H. s. saturatior. ഫിലിപ്പൈൻസിൽ H. s. gularis എന്ന ഉപവിഭാഗം കാണുന്നു. H. s. fokiensis ആണ് തെക്ക്, കിഴക്കൻ ചൈനയിൽ കാണപ്പെടുന്നത്.

5 comments:

  1. കേരളത്തിലെ പക്ഷികളെ അറിയാനുള്ള ഈ സൈറ്റ് തികച്ചും അഭിനന്ദനം അർഹിക്കുന്നു.ചുറ്റിലും പണ്ട് കാണുന്ന പക്ഷികളെ സംരക്ഷിക്കേണ്ട ആവശ്യലത്ത പുതു തലമുറയ്ക്ക് അറിയിച്ചു കൊടുക്കേണ്ടതുണ്ട്. അവയുടെ ആവാസ വ്യവസ്ഥ നിലനിർത്താൻ എന്തൊക്കെ ചെയ്യാനാകും എന്ന് കൂടി ആലോചിക്കണം.

    ReplyDelete
    Replies
    1. വലുതായൊന്നും വേണ്ട...

      വേനൽ കാലമല്ലെ... പറമ്പിലൊ ഒഴിഞ്ഞ കോണിലൊ ഒക്കെ പാത്രത്തിൽ വെള്ളം വെച്ചാൽ തന്നെ വലിയ സഹായം ആണ്‌‌‌... നിരവധി പക്ഷികളെ അടുത്ത് കാണുകയും നിരീക്ഷിക്കുകയും ഒക്കെ ചെയ്യാൻ പറ്റും...

      Delete
  2. നിരീക്ഷണം - സൂപ്പർ

    ReplyDelete

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...