Oriental Magpie Robin | |||
ശാസ്ത്രീയ നാമം | Copsychus saularis |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Muscicapidae | ||
ജനുസ്സ് | Copsychus | ||
വർഗ്ഗം | C. saularis | ||
ഉപവർഗ്ഗം | C. s. ceylonensis |
കേരളത്തിൽ കണ്ടുവരുന്ന പക്ഷികളിൽ അതിമനോഹരമായി പാടുന്ന ഒരു ഇനമാണ് മണ്ണാത്തിപ്പുള്ള്. വണ്ണാത്തിപ്പുള്ള് എന്നും വിളിക്കപ്പെടാറുള്ള ഊർജസ്വലരായ ഈ ചെറുപക്ഷിയുടെ പാട്ടുകൾ നാട്ടിൻപുറങ്ങളിൽ പ്രഭാതത്തിൽ സ്ഥിരമായി കേൾക്കാവുന്നതാണ്. മനുഷ്യസാമീപ്യം കാര്യമാക്കാതെ തൊടികളിൽ തൻറെ നീണ്ട വാൽ ഉയർത്തിപ്പിടിച്ച് ചാടിച്ചാടി ഇര തേടുന്ന ഈ പക്ഷിയെ കാണാനും തിരിച്ചറിയാനും വളരെ എളുപ്പമാണ്.
മനോഹരമായ പാട്ട് കാരണം ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇവയെ കൂട്ടിൽ വളർത്തുന്ന രീതി ഉണ്ടായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ ചില രാജ്യങ്ങളിൽ ഇന്നും ഈ പതിവ് ഉണ്ടത്രേ.
ബംഗ്ളാദേശിൻറെ ദേശീയപക്ഷിയാണ് മണ്ണാത്തിപ്പുള്ള്.
ശരീരഘടന
ഒരു നാട്ടുബുൾബുൾ പക്ഷിയോളം വലുപ്പം വെക്കുന്ന മണ്ണാത്തിപ്പുള്ളിൻറെ ശരീരത്തിൽ കറുപ്പും വെളുപ്പും നിറങ്ങൾ ആണ് പ്രാമുഖ്യത്തോടെ കാണുന്നത്. തല മുതൽ വാൽ വരെ 17 മുതൽ 21 വരെ സെ.മീ. വരെ നീളത്തിൽ വളരുന്ന മണ്ണാത്തിപ്പുള്ളിന് 29 മുതൽ 51 ഗ്രാം വരെ ഭാരം കാണും.
ആൺകിളികളുടെ തലയും കഴുത്തും നെഞ്ചും പുറം ഭാഗവും തിളങ്ങുന്ന കറുപ്പ് നിറമാണ്. നീളമുള്ള വാൽ കറുപ്പ് നിറത്തിൽ കാണുന്നു. അതിൻറെ അരികുകൾ വെള്ളനിറത്തിലായിരിക്കും. തറയിൽ നടക്കുന്ന സമയത്ത് സാധാരണയായി വാൽ കുത്തനെ ഉയർത്തിക്കൊണ്ടാണ് നടക്കുന്നത്.
കറുപ്പ് നിറത്തിലുള്ള നെഞ്ചിനു താഴെ മുതൽ അടിഭാഗം പൂർണമായും വെളുപ്പ് നിറത്തിലായിരിക്കും. ഗുദഭാഗം വഴി വാലിൻറെ അടിഭാഗം വരെ ഈ വെളുപ്പ് നിറം തുടരുന്നു. ചിറകുകൾ കറുപ്പ് നിറത്തിലാണെങ്കിലും ഒരു തടിച്ച വെള്ള വര ചിറകിലൂടെ കടന്നുപോകുന്നത് തെളിഞ്ഞ് കാണാം. കാലുകളും കണ്ണുകളും ഇരുണ്ട നിറത്തിലാണ്. കൊക്ക് കറുപ്പ് നിറത്തിലായിരിക്കും.
പെൺകിളികൾക്ക് ശരീരത്തിൽ ആൺകിളികളുടേത് പോലെ ഉള്ള വിന്യാസം ആണെങ്കിലും കറുപ്പിന് പകരം ഇരുണ്ട ചാരനിറം ആണ് കാണുന്നത്. ഈ വ്യത്യാസം പ്രത്യക്ഷത്തിൽ കാണുന്നത് തൊണ്ടയിലും മാറിടത്തിലും ആണ്.
കേരളത്തിലും തെക്കേ ഇന്ത്യയിൽ പൊതുവെയും ആൺ പെൺ നിറവ്യത്യാസം അത്ര പ്രകടമല്ല. എന്നാൽ മറ്റു ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉപവിഭാഗങ്ങളിൽ ഈ നിറവ്യത്യാസം വളരെ പ്രകടമാണ്.
കുഞ്ഞുങ്ങളുടെ പുറംഭാഗം കറുപ്പിൽ തവിട്ട് കലർന്ന രൂപത്തിലാണ് കാണുക.
വാലുകുലുക്കിപ്പക്ഷി മണ്ണാത്തിപ്പുള്ള് ആയി തെറ്റിദ്ധരിക്കാൻ സാധ്യത ഉള്ള ഒരു പക്ഷിയാണ്. പക്ഷെ വാലുകുലുക്കിപ്പക്ഷിയുടെ കണ്ണിനു മുകളിൽ ഒരു വെളുത്ത പുരികം കാണാം. എന്നാൽ മണ്ണാത്തിപ്പുള്ളിന് മുഖത്ത് വെള്ളനിറം ഇല്ല.
സ്വഭാവം
പ്രധാനമായും മരങ്ങളിൽ ജീവിക്കുന്ന ഈ പക്ഷികൾ മിക്കവാറും അധികം ഉയരം ഇല്ലാത്ത ചെടികളിലോ മരങ്ങളിലോ തറയിലോ ആണ് കാണപ്പെടുക. പക്ഷെ കൂടുതലായും ഇര തേടുന്നത് തറയിലാണ്. തറയിൽ ഇര തേടിക്കൊണ്ട് ചാടിച്ചാടി നടക്കുമ്പോൾ നീണ്ട വാൽ ഉയർത്തിപ്പിടിച്ചിരിക്കുന്നതായി കാണാം. മനുഷ്യസാമീപ്യം ഇവയെ അധികം അലട്ടാറില്ല.
മനോഹരമായി പാടുക മാത്രമല്ല നല്ലവണ്ണം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കാനും ഇവയ്ക്ക് കഴിയും. പ്രജനന സമയത്ത് ആൺകിളികൾ ഉയർന്ന കൊമ്പുകളിൽ ഇരുന്ന് ഉറക്കെ പാടുന്നത് പതിവ് കാഴ്ചയാണ്. അല്ലാത്ത സമയത്ത് ഇവ വളരെ പതിയെ പാടുന്ന നാണംകുണുങ്ങികൾ ആവുന്നു.
മണ്ണാത്തിപ്പുള്ളിൻറെ ശബ്ദം
ആഹാരരീതി
തറയിലാണ് പ്രധാനമായും ആഹാരം തേടുന്നത്. പ്രധാനമായും പ്രാണികളാണ് ഇരകൾ. വണ്ടുകൾ, പുൽച്ചാടികൾ, പുഴുക്കൾ, തുമ്പികൾ, ഉറുമ്പുകൾ, ചിതലുകൾ, ഒച്ചുകൾ, മണ്ണിരകൾ, തുടങ്ങി പഴുതാര വരെ ഇവ ആഹാരമാക്കുന്നു. പൂക്കളിലെ തേൻ ഇവയ്ക്ക് പഥ്യമാണ്. വല്ലപ്പോഴും പറക്കുന്ന പ്രാണികളെ പിന്തുടരുന്നതും കാണാം.
പ്രജനനം
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലമാണ് ഇന്ത്യയിൽ ഇവയുടെ പ്രജനനകാലം. മറ്റു പ്രദേശങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങൾ കണ്ടുവരുന്നു.
ആൺകിളി പ്രജനനകാലത്ത് ഉറക്കെ മനോഹരമായി പാടി പെൺകിളിയെ ആകർഷിക്കാൻ ശ്രമിക്കുന്നു. അതിനൊപ്പം വാല് ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. പുലർച്ചെയും വൈകീട്ടും ആണ് ഇത് കൂടുതലായും കാണുക.
5 മുതൽ 20 അടി വരെ ഉയരത്തിൽ ഉള്ള ഇരുണ്ട മാളത്തിലോ മരപ്പൊത്തിലോ കെട്ടിടചുമരിലെ പൊത്തിലോ ഒക്കെ ഇവ കൂടുണ്ടാക്കാറുണ്ട്. പെൺകിളിയാണ് മുഖ്യമായും കൂടുണ്ടാക്കുന്നത്. കൂടിന്റെ ഉൾഭാഗം പനനാരും പുല്ലും മറ്റും ഉപയോഗിച്ച് മെത്ത ഉണ്ടാക്കും. ഇതിൽ 4 മുതൽ 5 വരെ മുട്ടകൾ ഇടും. ഊത നിറത്തിലുള്ള മുട്ടകളിൽ തവിട്ട് നിറത്തിലുള്ള പൊട്ടുകൾ കാണാം. പെൺപക്ഷിയാണ് അടയിരിക്കാറുള്ളത്. ആൺപക്ഷി കൂട്ടിന് പുറത്തുള്ള കർത്തവ്യങ്ങൾ നിറവേറ്റുന്നു. പെൺപക്ഷിക്ക് ഭക്ഷണം എത്തിക്കുന്നത് ആൺകിളിയാണ്.
8 മുതൽ 14 വരെ ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുന്നു. പെൺപക്ഷിയാണ് കൂടുതലായും കുഞ്ഞുങ്ങളെ തീറ്റുന്നത്. ഈ സമയത്ത് ആൺകിളികൾ തന്റെ അധികാരമേഖല സംരക്ഷിക്കാൻ വളരെ അധികം ശ്രദ്ധിക്കും. കാക്ക അടക്കം ഉപദ്രവകാരി ആവാൻ സാധ്യതയുള്ള ജീവികളെ ഇണപ്പക്ഷികൾ കൂടിൻറെ പരിസരത്ത് നിന്ന് അകറ്റാൻ ശ്രമിക്കാറുണ്ട്.
3.6 വർഷം വരെയാണ് മണ്ണാത്തിപ്പുള്ളിൻറെ ശരാശരി ആയുർദൈർഘ്യം.
ആവാസമേഖല
ഇവ ദേശാടനസ്വഭാവം കാണിക്കുന്നില്ല. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇവ കണ്ടുവരുന്നു.
തെക്ക് മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെയുള്ള വിവിധ രാജ്യങ്ങളിൽ ഈ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു. പാക്കിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമാർ, തെക്കൻ ചൈന, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഇവയുടെ ആവാസമേഖലയിൽ പെടുന്നു. ആസ്‌ത്രേലിയയിലേക്ക് ഇവ എത്തിചേർന്നിട്ടുണ്ടെന്ന്പറയപ്പെടുന്നു.
C. s. ceylonensis എന്ന ഉപവിഭാഗം ആണ് കേരളത്തിൽ കണ്ടുവരുന്നത്. ഇവ തെക്കേഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. C. s. saularis പാക്കിസ്ഥാൻ, വടക്കേ ഇന്ത്യ, നേപ്പാൾ, തെക്കൻ ചൈന, ഇന്തോചൈന, വരെ കാണപ്പെടുന്നു. C. s. andamanensis അൻഡമാൻ ദ്വീപുകളിൽ കാണപ്പെടുന്ന ഉപവിഭാഗമാണ്. C. s. musicus,C. s. amoenus, C. s. adamsi, C. s. pluto എന്നീ ഉപവിഭാഗങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ ദ്വീപുകളിൽ കാണപ്പെടുന്നു.
മറ്റ് ഭാഷകളിൽ
Arabic: عقعق شرقي أبو الحناء
Assamese: দহিকতৰা
Balinese: Becica
Bengali: দোয়েল
Burmese: သပိတ်လွယ်ဗိုက်ဖြူ
Catalan: shama oriental
Cebuano: siloy-itom ug pútî
Chinese: 鹊鸲
Croatian: crnoleđi živičnjak
Czech: šáma stračí
Danish: Dayal
Dutch: Dayallijster
Esperanto: Orienta pigonajtingalo
Estonian: pugal-harakööbik
Finnish: harakkatasku
French: Shama dayal
German: Dajalschama
Gujarati: દૈયડ
Hungarian: Dayal-rigó
Indonesian: Kucica kampung
Italian: Pettirosso gazza orientale
Japanese (Kanji): 四季鳥
Japanese: シキチョウ
Javanese: Kacer
Kannada: ಮಡಿವಾಳ
Korean: 까치울새
Latvian: žagatu strazds
Lithuanian: Rytinė šama
Malay: Burung Murai Kampung
Marathi: दयाळ
Mongolian, Halh: занги бялзуухай
Nepali: धोबिनी चरा
Norwegian: Orientskjæreskvett
Odiya: ଦହିଆଳ ପକ୍ଷୀ
Persian: سینهسرخ پیسه خاوری
Polish: sroczek zmienny
Portuguese (Portugal): shama-oriental
Portuguese: dominico
Punjabi: ਧਿਆਲ ਚਿੜੀ
Russian: Сорочий шама
Serbian: Obični svrakasti drozd
Sinhalese: පොල්කිච්චා
Slovak: šáma stračia
Spanish: Shama Oriental
Swedish: orientshama
Tamil: வண்ணாத்திக்குருவி
Thai: นกกางเขนบ้าน
Tulu: ಬೊಲ್ಲರ ಮಾನಿಗ
Turkish: Çinhindi alaca bülbülü
Ukrainian: Шама індійська
Vietnamese: Chích chòe than
Western Punjabi: اورینٹل میگپائی روبن
No comments:
Post a Comment