എന്‍റെ നാട്ടിലെ പക്ഷികള്‍: ചെമ്പൻ അരിവാൾകൊക്കൻ

Thursday, November 7, 2019

ചെമ്പൻ അരിവാൾകൊക്കൻ

ചെമ്പൻ അരിവാൾകൊക്കൻ

Glossy Ibis 

ശാസ്ത്രീയ നാമം

Plegadis falcinellus



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം  Animalia
ഫൈലം  Chordata
ക്ലാസ്സ് ‌ Aves
നിര  Pelecaniformes
കുടുംബം  Threskiornithidae
ജനുസ്സ്  Plegadis
വർഗ്ഗം  P. falcinellus


ചതുപ്പിൽ നടന്ന് ഇര തേടുന്ന ഐബിസ് വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് ചെമ്പൻ അരിവാൾകൊക്കൻ. ഇവ അന്റാർട്ടിക്ക ഒഴികെയുള്ള വൻകരകളിലെ വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്നു. അരിവാൾകൊക്കൻ വിഭാഗത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന പക്ഷിയും ഇവയാണ്. ചെമ്പൻ ഐബിസ് എന്നും ചെറിയ അരിവാൾകൊക്ക എന്നും ഇവ അറിയപ്പെടുന്നു.


ചെമ്പൻ അരിവാൾകൊക്കൻ
   
കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ചതുപ്പ് മേഖലകളിൽ കാണപ്പെടുന്ന ഐബിസ് വിഭാഗത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ചെമ്പൻ അരിവാൾകൊക്കൻ. ഈ പക്ഷികൾ ഇംഗ്ലീഷിൽ Glossy ibis എന്ന് അറിയപ്പെടുന്നു. Black curlew എന്നും വിളിക്കാറുണ്ട്. ദേശാടന പക്ഷിയായ ഇവ പ്രജനനകാലത്ത് മധ്യ, വടക്ക് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും ചതുപ്പ് പ്രദേശങ്ങളിലേക്ക് മടങ്ങുന്നു.


ശരീരഘടന

 

ശരീരത്തിന് 48 - 65 സെ.മീ. നീളവും 480 - 970 ഗ്രാം വരെ ഭാരവും കാണുന്ന ചെമ്പൻ മുതിർന്ന അരിവാൾകൊക്കൻ പക്ഷിയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 80 - 105 വരെ സെ.മീ. ആണ്. ശരാശരി നീളം 59.4 സെ.മീ. കാണപ്പെടുന്ന ഈ പക്ഷിയുടെ ചിറകുകൾക്ക് 24.8 - 30.6 സെ.മീ. നീളം ഉണ്ടാകും. വാലിന്  9 - 11.2 സെ.മീ. നീളമാണ്. കൊക്കിന്  9.7 - 14.4 സെ.മീ. നീളം കാണും. 6.8 - 11.3 വരെ നീളമുള്ള കാലുകളാണ് ഈ പക്ഷിയുടേത്.


ചെമ്പൻ അരിവാൾകൊക്കൻ

 ചെമ്പൻ അരിവാൾകൊക്കൻ പക്ഷികൾക്ക് പൊതുവെ ചെമ്പിച്ച തവിട്ട് നിറമാണ്. പ്രജനനകാലഘട്ടത്തിലുള്ള പക്ഷികൾക്ക് അല്പം ചുവപ്പ് നിറം കലർന്ന തവിട്ട് നിറമാണ്. കൂടാതെ ചിറകുകളിൽ തിളങ്ങുന്ന തൂവലുകളിൽ പച്ച നിറം കലർന്ന തവിട്ട് നിറം കാണാം. കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയാവാത്തതോ പ്രജനന കാലഘട്ടത്തിലല്ലാത്തതോ ആയ പക്ഷികൾക്കും അല്പം മങ്ങിയ നിറമാണ്. നീണ്ട്  ഒലിവ് കലർന്ന തവിട്ട് നിറത്തിലുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് നിൽക്കുന്നു. കൊക്ക് ഇരുണ്ട മുഖത്തിൽ ചേരുന്ന ഭാഗത്ത് ഇളം നീലയോ നീല കലർന്ന ചാരനിറത്തിലുള്ളതോ ആയ അരികുകൾ കാണാം. അത് കണ്ണുകൾ വരെ നീളുന്നു. കണ്ണുകൾ തവിട്ട് നിറത്തിലാണ്. തലയിലും കഴുത്തിലും തൂവലുകൾ ഇരുണ്ട നിറത്തിൽ കാണുന്നു. നീണ്ട കാലുകൾ ചുവപ്പ് കലർന്ന ഇരുണ്ട തവിട്ട് നിറത്തിലുള്ളതാണ്.
   
ആൺ പെൺ പക്ഷികൾ തമ്മിൽ നിറവ്യത്യാസം കാര്യമായി കാണാറില്ലെങ്കിലും ആൺ പക്ഷികളുടെ ശരീരം പെൺ പക്ഷിയെ അപേക്ഷിച്ച് വലുപ്പം കൂടിയതാണ്. പ്രജനനകാലത്ത് പക്ഷികളുടെ നിറം ചുവപ്പ് കലർന്ന് കാണുന്നു. കൂടാതെ മുഖത്തെ നീല കലർന്ന ചാര നിറത്തിലുള്ള വര കൂടുതൽ നീല നിറത്തിൽ കാണപ്പെടും.


സ്വഭാവം 


 ചെമ്പൻ അരിവാൾകൊക്കൻ പക്ഷികൾ കൃത്യമായ ദേശാടന സ്വഭാവം ഉള്ളവരാണ്. പ്രജനനകാലഘട്ടം ആരംഭിക്കുന്നതിന് ഇവ കേരളം ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ നിന്ന് പ്രജനനമേഖലകളിലേക്ക് പറക്കുന്നു.


ഇവ പറക്കുമ്പോൾ കഴുത്ത് പരമാവധി നീട്ടിയാണ് പറക്കുന്നത്. വേഗത്തിൽ ചിറകടിച്ച് പറക്കുന്ന ഈ പക്ഷികൾ V ആകൃതിയിൽ ചെറിയ കൂട്ടമായി പറക്കുന്നത്  കാണാം. പറക്കുമ്പോൾ നീട്ടിപ്പിടിച്ച കാലുകളും തലയും ശരീരത്തെക്കാൾ അല്പം താഴ്ന്ന് കാണപ്പെടും.

മറ്റ് ഐബിസ് അപേക്ഷിച്ച് താരതമ്യേന ബഹളക്കാരല്ലാത്ത ചെമ്പൻ അരിവാൾകൊക്കൻ പക്ഷികൾ വളരെ പരുക്കനായ ശബ്ദം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് ഇവയെ വാചാലനായി കാണുന്നത്. പറക്കുന്നതിനിടയിലും ഇടവിട്ട് മുരളുന്ന തരത്തിൽ ശബ്ദം ഉണ്ടാക്കാറുണ്ട്.




 ചെമ്പൻ അരിവാൾകൊക്കൻ പക്ഷികളുടെ ശബ്ദം

 

ആഹാരരീതി



ചതുപ്പിലും ജലാശയങ്ങളിലെ ആഴമില്ലാത്ത ഭാഗങ്ങളിലും ചെളിയിൽ ഇര തേടുന്ന രീതിയാണ് ചെമ്പൻ അരിവാൾകൊക്കൻ പക്ഷികളുടേത്.

ചെമ്പൻ അരിവാൾകൊക്കൻ


ഭക്ഷണരീതി ഭക്ഷണ ലഭ്യതക്ക് അനുസരിച്ച് മാറാറുണ്ട്. ഞണ്ടുകൾ, ഒച്ചുകൾ, കക്കകൾ, മീനുകൾ, തവളകൾ തുടങ്ങിയവയെയും വെള്ളത്തിന്റെയും മണ്ണിന്റെയും മുകളിൽ കാണുന്ന തുമ്പികൾ, പുൽച്ചാടി, ചീവീടുകൾ, പല്ലികൾ, തുടങ്ങി മറ്റ് കീടങ്ങളെയും ചെറിയ പാമ്പുകളെയും പക്ഷിക്കുഞ്ഞുങ്ങളെ വരെ ഇവ ആഹാരമാക്കുന്നു.


പ്രജനനം

 

പ്രജനനകാലത്ത് ചെമ്പൻ അരിവാൾകൊക്കൻ പക്ഷികൾക്ക്  പ്രകടമായ മാറ്റങ്ങൾ വരാറുണ്ട്. ചിറകുകളിൽ തൂവലുകൾക്ക് ചെമ്പൻ നിറത്തിന് പുറമെയായി പച്ച നിറം കലർന്ന ലോഹതിളക്കം കൈവരുന്നു. മുഖത്ത് കാണുന്ന ചാരനിറത്തിൽ ഉള്ള വരകളിൽ നീലനിറം കലർന്ന് തെളിഞ്ഞ് കാണും.സ്വതവേ നിശ്ശബ്ദരായ ഈ പക്ഷികൾ ഈ സമയത്ത് വാചാലരായി കാണപ്പെടുന്നു. 

 

ചെമ്പൻ അരിവാൾകൊക്കൻ

 

പല വിഭാഗത്തിൽപെട്ട പക്ഷികൾ ഒന്നിച്ച് 5 മുതൽ 100 വരെയുള്ള ചെറിയ കൂട്ടങ്ങളായോ ആയിരം വരെ പക്ഷികളുള്ള വലിയ കൂട്ടമായോ ആണ് കൂട്ടുകെട്ടുന്ന പ്രദേശത്ത് കാണുന്നത്.

 

ജലാശയങ്ങൾക്ക് സമീപം ഉള്ള മരങ്ങളിൽ പരമാവധി 12 അടി വരെ ഉയരത്തിൽ വലിയ കൂട് ആൺ പെൺ കിളികൾ ഒന്നിച്ചാണ് നിർമിക്കുന്നത്. ലഭ്യതക്കനുസരിച്ച് മരക്കമ്പുകളും നീളമുള്ള പുല്ലും ചെറുചുള്ളികളും ഉപയോഗിച്ച് നിർമിക്കുന്ന കൂട്ടിൽ ഇലകൾ പാകാറുണ്ട്. ഒരടിക്ക് മേലെ വരെ വ്യാസം ഉള്ള കൂട്ടിന് ഇഞ്ചുകൾ മുതൽ ഒരടി വരെ കനവും കാണും.

 

ഒരു തവണ മൂന്ന് മുതൽ ആറ് വരെ മുട്ടകൾ ഇടാറുണ്ട്. മുട്ടകൾക്ക് 4.7 - 5.8 സെമീ വരെ നീളവും 3.3 - 4.3 സെമീ വരെ വീതിയും കാണും.ഇളം നീലയോ പച്ചയോ നിറമാണ് മുട്ടകൾക്ക്. ആൺ പെൺ കിളികൾ അടയിരിക്കുമെങ്കിലും പെൺപക്ഷികളാണ് കൂടുതൽ സമയം അടയിരിക്കുന്നത്.

 

20 - 22 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. ഇണക്കിളികൾ ഒന്നിച്ചാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. 2 - 3 ആഴ്ചകൾ കൊണ്ട് കുഞ്ഞുങ്ങൾ തൊട്ടടുത്ത കൂട്ടുകളിലേക്കും കൊമ്പുകളിലേക്കും  ശ്രമിക്കും. 4 - 5 വരെ ആഴ്ചകൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു. പറന്ന് തുടങ്ങിയാലും നിരവധി ആഴ്ചകൾ കുഞ്ഞുങ്ങളെ രക്ഷിതാക്കൾ തന്നെയാണ് തീറ്റുന്നത്. 6 - 7 ആഴ്ചകൾ കൊണ്ട് നന്നായി പറക്കുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ഇര തേടാൻ പോകാൻ തുടങ്ങും.


ഒന്ന് മുതൽ രണ്ട് വർഷം കൊണ്ട് പ്രായപൂർത്തിയെത്തുന്ന ചെമ്പൻ അരിവാൾകൊക്കൻ പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം 8 വർഷം വരെയാണ്. എന്നാൽ പരമാവധി 21 വർഷം വരെ ജീവിച്ചതായും രേഖയുണ്ട്.


ആവാസമേഖല

 

ചെമ്പൻ അരിവാൾകൊക്കൻ പക്ഷികളുടെ ആവാസമേഖല ജലാശയങ്ങളും അതിന് സമീപത്തെ ചതുപ്പുകളുമാണ്. നദികൾ, തടാകങ്ങൾ, കായലുകൾ, അഴിമുഖങ്ങൾ, ചതുപ്പുകൾ, അണക്കെട്ടുകൾ, വെള്ളം നിറഞ്ഞു നിൽക്കുന്ന വയലുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇവ കണ്ടുവരുന്നു. പ്രധാനമായും ശുദ്ധജല മേഖലകൾ ആണ് എങ്കിലും ലവണജല പ്രദേശങ്ങളിലും കണ്ടുവരാറുണ്ട്.

അരിവാൾകൊക്കൻ വിഭാഗത്തിൽ ഏറ്റവും വ്യാപിച്ച് കാണപ്പെടുന്ന പക്ഷിയാണ് ചെമ്പൻ അരിവാൾകൊക്കൻ. ഒരു ദേശാടനപക്ഷിയായ ഇവ അന്റാർട്ടിക്ക ഒഴികെ എല്ലാ വൻകരകളിലും കണ്ടുവരുന്നു.




തണുപ്പ് കാലത്ത് കേരളത്തിന്റെ ജലസമൃദ്ധമായ മേഖലകളിൽ ഇവയെ കാണാറുണ്ട്. എന്നാൽ വ്യാപകമായ സ്വാഭാവിക പ്രകൃതി നാശം മൂലം ഇവയുടെ വരവ് കുറഞ്ഞുവരുന്നതായി പഠനങ്ങൾ പറയുന്നു. ചതുപ്പുകളും പാടങ്ങളും ജലാശയങ്ങളും നശിപ്പിക്കപ്പെടുന്നത് ഈ പക്ഷികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വരുത്തിയ വലിയ കുറവ് ആണ് ഈ പക്ഷികളുടെ വരവിനെ ബാധിച്ചത്.


ലോകത്താകെ തന്നെ ഇത്തരത്തിൽ സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള നശീകരണവും ആഗോളതാപനവും മൂലം ഈ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.

മറ്റ് ഭാഷകളിൽ


Afrikaans: Glansibis
Albanian: Kojliku i zi
Arabic: أبو منجل الأسود
Armenian: Քաջահավ
Asturian: Ibis prietu
Azerbaijani: Qaranaz ibis
Basque: Capó reial
Belarusian: Каравайка
Bengali: খয়রা কাস্তেচরা
Breton: An ibiz du
Bulgarian: Блестящ ибис
Catalan (Balears): Ibis negre
Catalan: Capó reial
Chinese:彩鹮
Croatian: Blistavi Ibis
Czech: Ibis hnědý
Danish: Sort Ibis
Dutch: Zwarte Ibis
Estonian: Tõmmuiibis
Faroese: Svartur spóggvi
Finnish: Pronssi-iibis
French: Ibis falcinelle
Galician: Capó reial
Georgian: ივეოსი
German: Brauner Sichler
Greek: Χαλκόκοτα
Guadeloupean Creole French: ibis noir
Guarani: Karâu'i
Haitian Creole French: Ibis pechè
Hebrew: מגלן חום
Hungarian: Batla
Icelandic: Bognefur
Indonesian: Burung Ibis Rokoroko
Irish: Íbis Niamhrach
Italian: Mignattaio
Japanese (Kanji): ブロンズ朱鷺
Japanese (romaji): buronzu toki
Japanese: ブロンズトキ
Kazakh: Қарабай
Korean: 적갈색따오기
Latvian: Brūnais ibiss
Lithuanian: Rudasis ibis
Luxembourgish: Brongen Ibis
Macedonian: ибис
Malagasy: Famakisifotra
Malay: Burung Ibis Roko-roko
Maldivian: Kalhu Bulhithunbi
Maltese: Velleran
Marathi: मोर शराटी
Moldavian: Țigănuș
Mongolian: Гялаан билүүс
Montenegrin: ibis
Nepali: सानो सा“वरी
Northern Sami: Čáhppesibis
Norwegian: Bronseibis
Persian: اکراس سیاه
Pinyin: cǎi-huán
Polish: Ibis kasztanowaty
Portuguese (Brazil): Caraúna-de-cara-branca
Portuguese: Íbis-preta
Romanian: Țigănuș
Romansh: Ibis dal bec tort
Russian: Каравайка
Serbian: crni ražanj
Sinhalese: සිලුටු දතුදුව
Slovak: ibisovec hnedý
Slovenian: plevica
Spanish: Morito Común
Swahili: Kwarara Mweusi
Swedish: Bronsibis
Tamil: அரிவாள் மூக்கன்
Thai: นกช้อนหอยดำเหลือบ
Turkish: Çeltikçi
Ukrainian: Коровайка
Vietnamese: Chim Cò liềm
Welsh: Chwibanogl ddu





No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...