എന്‍റെ നാട്ടിലെ പക്ഷികള്‍: ചായമുണ്ടി (ഞാറകൊക്ക്)

Saturday, December 28, 2019

ചായമുണ്ടി (ഞാറകൊക്ക്)

ചായമുണ്ടി ഞാറകൊക്ക്

Purple Heron

ശാസ്ത്രീയ നാമം

  Ardea purpurea


ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം  Animalia
ഫൈലം  Chordata
ക്ലാസ്സ് ‌ Aves
നിര  Pelecaniformes
കുടുംബം  Ardeidae
ജനുസ്സ്  Ardea
വർഗ്ഗം  A. purpurea


ഒറ്റനോട്ടത്തിൽ പടുകൂറ്റൻ കൊക്കെന്നു തോന്നിക്കുന്ന ഒരു പക്ഷിയാണു ചായമുണ്ടി. ഹെറോൺ എന്ന വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണ്  ഇവ. മുണ്ടി എന്നത് ഹെറോൺ വിഭാഗത്തിൽ പെടുന്ന പക്ഷികൾക്കുള്ള പൊതുപേരാണ്. ചായമുണ്ടിക്ക് ഞാറക്കൊക്ക് എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇവയെ Purple Heron എന്ന് വിളിക്കുന്നു.

ചായമുണ്ടി (ഞാറകൊക്ക്)

നീണ്ട കഴുത്തും കൊക്കും മെലിഞ്ഞ ശരീരവും കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാവുന്ന ഈ പക്ഷികളെ കേരളത്തിൽ പല ഭാഗങ്ങളിലും വിശാലമായ പാടശേഖരങ്ങൾക്കും ആഴം കുറഞ്ഞ ജലാശയങ്ങൾക്കും സമീപം കാണാം. ചാരമുണ്ടി എന്ന പക്ഷിയുമായി ഇവയ്ക്ക് സാമ്യമുണ്ടെങ്കിലും അവയേക്കാൾ ചായമുണ്ടിക്ക് ശരീരവലിപ്പം കുറവാണ്.

ശരീരഘടന


നല്ല ശരീരവലിപ്പം ഉള്ള ഒരു പക്ഷിയാണ് ചായമുണ്ടി. 78 മുതൽ 90 സെമീ വരെ നീളം വരുന്ന ഈ പക്ഷികൾക്ക് 70 മുതൽ 94 സെമീ വരെ ഉയരം കാണും. എന്നാലും ഇവയ്ക്ക് 525 മുതൽ 1,345 ഗ്രാം വരെ മാത്രമേ ഭാരം കാണൂ. ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 120 മുതൽ 150 സെമീ വരെയാണ്.

തലയുടെയും കഴുത്തിന്റെയും വശങ്ങൾ തവിട്ട് കലർന്ന മഞ്ഞ നിറത്തിലാണ്. തലയുടെ മുകൾ ഭാഗത്ത് കറുപ്പ് നിറമാണ്. നേരെ നീണ്ട കരുത്തുറ്റ കൊക്കിന് തവിട്ട് കലർന്ന മഞ്ഞ നിറം കാണുന്നു. കണ്ണുകൾ മഞ്ഞ നിറത്തിൽ ഉള്ളതാണ്. കൊക്കിൽ നിന്ന് തുടങ്ങുന്ന ഒരു കറുത്ത വര കണ്ണിന്റെ താഴെ കഴുത്തിന്റെ വശങ്ങളിലൂടെ താഴേയ്ക്ക് നീളുന്നു. കഴുത്തിന്റെ മുൻവശം വെള്ളയും ഇളം തവിട്ടും നിറത്തിൽ കാണപ്പെടുന്നു. കണ്ണിന്റെ താഴെ നിന്ന് തുടങ്ങുന്ന കറുപ്പ് നിറത്തിലുള്ള വര കഴുത്തിന്റെ പിറകിലൂടെ താഴേക്ക് നീളുന്നു. കഴുത്തിന്റെ താഴെ ഭാഗത്ത് നീളത്തിലുള്ള തൂവലുകൾ കാണാം. ഇവ വെള്ളയും ഇളം തവിട്ടും കറുപ്പും നിറത്തിൽ കാണുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് തവിട്ട് നിറമാണ്. ചിറകുകളുടെ മുകൾ ഭാഗം ചാര നിറത്തിലാണ്.പിറകോട്ട് പോകുമ്പോൾ വാൽ വരെ ചാരനിറം കലർന്ന ഇരുണ്ട തവിട്ട് നിറമാണ്.നെഞ്ചിന്റെ ഭാഗം ഇളം തവിട്ടാണ്. വശങ്ങളിൽ ഇരുണ്ട നിറം കാണാം. വയറിന്റെ ഭാഗത്തും  ചിറകിന്റെയും വാലിന്റെയും അടിഭാഗത്തും ഇരുണ്ട നിറമാണ്. വാലിന് ശരീരത്തെ അപേക്ഷിച്ച് നീളം കുറവാണ്. കാലുകളുടെ മുൻഭാഗം തവിട്ടും പിഭാഗം മഞ്ഞയും നിറത്തിലാണ്. വിരലുകൾ നീണ്ടവയാണ്. നീണ്ട കഴുത്തും തലയും ചേർന്ന് ഒരു പാമ്പിന്റെ ആകാരം തോന്നിക്കും.

ചായമുണ്ടി ഞാറകൊക്ക്
  
പ്രജനന പ്രായത്തിലുള്ള പക്ഷികളിൽ കൊക്കിന് മഞ്ഞ നിറം കൂടുതൽ ആണ്. മുകളിലെ കൊക്കിനും മുന്നറ്റത്തും തവിട്ട് നിറമായിരിക്കും. കറുപ്പ് നിറത്തിൽ തലയുടെ പിൻഭാഗത്ത് നിന്ന് അഴിഞ്ഞു വീണ കുടുമ പോലെ 15 സെമീ വരെ നീളം വരുന്ന രണ്ട് തൂവലുകൾ താഴേക്ക് തൂങ്ങി കിടക്കും. മുഖത്തിന്റെയും കഴുത്തിന്റെയും വശങ്ങൾ ചെമ്പിച്ചതോ ചുവപ്പ് കൂടിയ ഓറഞ്ച് നിത്തിലുള്ളതോ ആയിക്കാണപ്പെടും. കണ്ണിന്റെയും കോക്കിന്റെയും ഇടയിലെ ഭാഗത്ത് പച്ച കലർന്ന മഞ്ഞയോ മങ്ങിയ പച്ചയോ നിറമായിരിക്കും. കീഴ്താടിയും കഴുത്തിന്റെ മുൻഭാഗവും വെള്ള നിറത്തിൽ കാണപ്പെടും.

ശരീരത്തിന്റെ താഴ്ഭാഗത്ത് തൂവലുകളിൽ ഇളം തവിയിട്ടോ ചെമ്പിച്ച നിറത്തിലോ ഉള്ള അരികുകൾ കാണാം. ചിറകൊതുക്കി വിശ്രമിക്കുന്ന സമയങ്ങളിൽ ചുവപ്പ് കലർന്ന തവിട്ട് നിറത്തിൽ ചുമലുകൾ കാണാം. പറക്കുന്ന സമയത്ത് ചിറകിന്റെ മുകൾ അറ്റം തവിട്ട് നിറത്തിൽ കാണാം. പക്ഷെ അടിഭാഗം ഇരുണ്ട നിരത്തിലായിരിക്കും. പ്രജനനകാലത്ത് പക്ഷിയുടെ തവിട്ട് നിറത്തിന് ചുവപ്പ് കലർന്ന തവിട്ട് നിറം കൈവരും. 

ആൺ പെൺ പക്ഷികൾ തമ്മിൽ ആകാരത്തിൽ വ്യത്യാസം ഉണ്ട്. ആൺ പക്ഷികൾ പെൺ പക്ഷികളേക്കാൾ വലുപ്പം കൂട്ടിയവയാണ്. ഭാരവും കൂടുതലായിരിക്കും. ശരീരത്തിന് ഊതവർണത്തിന്റെ തിളക്കത്തോടെ കുറച്ച് കൂടി ചാരനിറം കലർന്ന ഇരുണ്ട നിറമായിരിക്കും. കഴുത്തിന് താഴെ പുറം ഭാഗം ചെമ്പിച്ച നിറത്തിൽ കാണപ്പെടും. ആണിനേക്കാൾ  വലിപ്പം കുറവായ പെൺ പക്ഷിക്ക് ഒലിവ് നിറം കലർന്ന നിറമാണ്. കഴുത്തിന് താഴെ പുറം ഭാഗം തവിട്ടുനിറത്തിലാണ്.

പ്രജനനപ്രായം എത്തിയിട്ടില്ലാത്ത പക്ഷികൾക്ക് മങ്ങിയ തവിട്ട് നിറമാണ്. നീണ്ട കുടുമ പോലുള്ള തൂവലുകൾ ഉണ്ടാവില്ല. മുഖത്തെയും കഴുത്തിന്റെ വശങ്ങളിലെയും കറുത്ത വരകൾ തെളിയില്ല. കൊക്കുകളും കാലുകളും മുതിർന്നവയെക്കാൾ മഞ്ഞ കുറഞ്ഞ് തവിട്ടായിരിക്കും. 
 

സ്വഭാവം

 

പതിയെ പറക്കുന്ന സ്വഭാവക്കാരാണ് ചായമുണ്ടി പക്ഷികൾ. കഴുത്ത് "S" ആകൃതിയിൽ പിന്നിലേക്ക് ചുരുട്ടി കാലുകൾ വാലിനും പിറകിലേക്ക് നീട്ടിയാണ് പറക്കുന്നത്. ഈ രീതിയാണ് ഞാറ വിഭാഗത്തിലെ പക്ഷികളെ മറ്റ് കൊക്ക് വിഭാഗത്തിലെ പക്ഷികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. മറ്റ് കൊക്ക് വിഭാഗത്തിലെ പക്ഷികൾ കഴുത്ത് മുന്നിലേക്ക് നീട്ടിയാണ് പറക്കുന്നത്. ചായമുണ്ടികൾ രഹസ്യസ്വഭാവക്കാരായ പക്ഷികളാണ്. തുറസായ സ്ഥലങ്ങളിൽ അധികം സമയം ചെലവഴിക്കാറില്ല. കൂടുതലായും ജലാശയങ്ങളുടെ അരികിലുള്ളതോ വയൽപ്രദേശത്തുള്ളതോ ആയ വെള്ളം നിറഞ്ഞ പുൽപ്രദേശങ്ങളിൽ ഒളിച്ച് ഇര തേടാനാണ് ഇവയ്ക്ക് പ്രിയം. ഇവയുടെ നീണ്ട കാൽ വിരലുകൾ ഇവയെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചെടികൾക്ക് മുകളിൽ നടക്കാൻ സഹായിക്കുന്നു. ഉയരമുള്ള മരങ്ങളിൽ അധികം വിശ്രമിക്കാറില്ല. രാവിലെയും വൈകുന്നേരവും ആണ് കൂടുതലായും  സജീവമാകുന്നത്.

സ്വതവേ അധികം ബഹളക്കാരല്ലാത്ത ചായമുണ്ടികൾ പറക്കുമ്പോൾ പ്രത്യേക ശബ്ദം ഉണ്ടാക്കാറുണ്ട്. 

 ചായമുണ്ടികളുടെ ശബ്ദം.

ആഹാരരീതി


ചായമുണ്ടി പക്ഷികൾ ആഴം കുറഞ്ഞ ജലാശയങ്ങളുടെ അരികിലുള്ളതോ വയൽപ്രദേശത്തുള്ളതോ ആയ വെള്ളം നിറഞ്ഞ പുൽപ്രദേശങ്ങളിൽ രാവിലെയോ വൈകുന്നേരങ്ങളിലോ ഇര തേടാനാണ് ഇഷ്ടപ്പെടുന്നത്. ഒറ്റയ്ക്ക് ഇരതേടാനാണ് ഇവയ്ക്ക് താത്പര്യം. പലതരത്തിലുള്ള ജീവികളെ ഇവ ഇരയാക്കാറുണ്ട്. മീനുക, തവളകൾ, കീടങ്ങൾ, കക്ക ഇനങ്ങൾ, പാമ്പുകൾ, പല്ലികൾ, മൂഷികവർഗ്ഗത്തിൽ പെടുന്ന ജീവികൾ തുടങ്ങിയവ ഒക്കെ ഇവയുടെ ഇരയാണ്.

ചായമുണ്ടി ഞാറകൊക്ക്

കാൽ മുതൽ വയറ് വരെ പൊക്കത്തിൽ വെള്ളം ഉള്ള പ്രദേശങ്ങളിൽ ഇറങ്ങി നിന്ന് ഇവ മീൻ പിടിക്കാറുണ്ട്. നിവർന്ന് നിന്ന് ദീർഘനേരം വെള്ളത്തിലേക്ക് തുറിച്ച് നോക്കി ഇരകൾക്കായി കാത്തുനിൽക്കുന്നു. ഇങ്ങനെ കാത്ത് നിന്ന് പെട്ടെന്ന് കൊക്ക് കത്രിക പോലെ കൊത്തിയെടുക്കുന്ന രീതിയാണ് ഇര പിടിക്കാൻ ഉപയോഗിക്കുന്നത്. പൊങ്ങിനിൽക്കുന ചെടികൾക്ക് മുകളിൽ പതിയെ കാൽ വെച്ച് നടന്ന് ഇര തേടാറുണ്ട്. അപൂർവമായി വെള്ളത്തിലേക്ക് ചാടി മീൻ പിടിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ചില അവസരങ്ങളിൽ കര പ്രദേശത്ത് നിന്ന് ലി വർഗ്ഗത്തിലെ ജീവികളെ പിടിക്കാറുണ്ട്. സാധാരണയായി ഇവ സ്വന്തം അധീനപ്രദേശങ്ങളെ മറ്റ് പക്ഷികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കാറുണ്ട്.

പ്രജനനം

 

ഇവയുടെ പ്രജനന കാലം തെക്കൻ ഏഷ്യയിൽ മഴക്കാലത്തിന് അനുബന്ധമായി നവംബർ മുതൽ മാർച്ച് വരെയാണ്. വടക്കൻ ഏഷ്യയിൽ ജൂൺ മുതൽ ഒക്ടോബർ വരെയും യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും ഏപ്രിൽ - മെയ് മാസങ്ങളിലും ആണ് ഇവയുടെ പ്രജനനകാലം.

ആൺ പക്ഷികളാണ് കൂടൊരുക്കാൻ സ്ഥലം തെരഞ്ഞെടുക്കുന്നത്. ആഴം കുറഞ്ഞ ജലാശയങ്ങളുടെ അരികിലുള്ളതോ വയൽപ്രദേശത്തുള്ളതോ ആയ വെള്ളം നിറഞ്ഞ പുൽപ്രദേശങ്ങളിൽ ആണ് സാധാരണയായി കൂട് വെക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും പൊതുവെ കുറ്റിക്കാടുകളും മരത്തലപ്പുകളിലും 3 - 4 വരെ ഉയരത്തിൽ കൂടൊരുക്കാറുണ്ട്. സമശീതോഷ്ണ മേഖലകളിൽ ഒറ്റയ്ക്കോ ഇടത്തരമോ ആയിരം കൂടുകൾ വരെ ഉള്ള വലിയ കൂട്ടങ്ങളോ ആയുള്ള കോളനികൾ കണ്ടുവരാറുണ്ട്. ചാരമുണ്ടി ഉൾപ്പെടെ മറ്റ് തരം പക്ഷികളും കൂട്ടത്തിൽ കണ്ടേക്കാം.

പുൽത്തണ്ടുകളും ചുള്ളികളും ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. പുല്ലുകൾ ബലമായി മടക്കി അടിത്തട്ട് ഉണ്ടാക്കിയ ശേഷം ചുള്ളികളും പുൽത്തണ്ടും വെച്ചാണ് കൂട് കെട്ടുക. 36 സെമീ വലുപ്പം ഉള്ള കൂടിന് 18 സെമീ കനം കാണും.

ചായമുണ്ടി ഞാറകൊക്ക്


ഇവ മങ്ങിയ നീല-പച്ച നിറമുള്ള 54.6 x 39.7 മി.മീ. വലിപ്പമുള്ള മുട്ടകളാണ് ഇടുന്നത്. 1 മുതൽ 3 വരെ ദിവസങ്ങൾ കൊണ്ടാണ് മുട്ട ഇടുന്നത്. പ്രാദേശികമായി 2 മുതൽ 8 വരെ മുട്ടകൾ കാണും.ഒരു വർഷം ഒറ്റത്തവണ മാത്രമാണ് മുട്ടയിടുന്നത്. ആൺ പെൺ കിളികൾ മാറി മാറി അടയിരിക്കും.24  മുതൽ 28 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയും. കുഞ്ഞുങ്ങൾ ചെമ്പിച്ച തവിട്ട് നിറത്തിലോ ഇരുണ്ട തവിട്ട് നിറത്തിലോ ആയിരിക്കും. അടിഭാഗം വെള്ള നിറമായിരിക്കും. 

ഇണക്കിളികൾ ഒന്നിച്ചാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. ആദ്യദിവസങ്ങളിൽ മാതാപിതാക്കൾ വിഴുങ്ങിയ ഭക്ഷണം തിരിച്ചു കൂട്ടിൽ വീഴ്ത്തിയ ശേഷം കുഞ്ഞുങ്ങൾ കഴിക്കുന്നു. അല്പം പ്രായമായാൽ മാതാപിതാക്കൾ വിഴുങ്ങാതെ കൊണ്ടുവരുന്ന ഭക്ഷണം കൊക്കിൽ നിന്ന് കുഞ്ഞുങ്ങൾ കഴിക്കുന്നു. കുഞ്ഞുങ്ങൾ തമ്മിൽ നിലനില്പിനായി ശക്തമായ മത്സരം നടക്കുന്നതിനാൽ മിക്കവാറും അവസാനം ജനിക്കുന്ന കുഞ്ഞുങ്ങൾ അതിജീവിക്കാറില്ല.

7 മുതൽ 10 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്ത് കയറാൻ തുടങ്ങുന്നു. മൂന്നാഴ്ച ആകുമ്പോഴേക്ക് കൂടുതൽ സമയവും ഇവ കൂട്ടിന് പുറത്താണ് ചെലവഴിക്കുന്നത്. മൂന്നാഴ്ച കൂടി കഴിയുമ്പോഴേക്ക് കുഞ്ഞുങ്ങൾ സ്വയം ഇര തേടാൻ പര്യാപ്തരാകും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ അവ സ്വതന്ത്രയായി പറന്ന് പോകുന്നു. 10.5 വർഷം വരെയാണ് ഇവയുടെ ആയുർ ദൈർഘ്യം. 23 വർഷം ആണ് ഏറ്റവും പ്രായം കൂടിയ ചായമുണ്ടിയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയത്

കേരളത്തിൽ ചായമുണ്ടി പക്ഷികൾ പ്രജനനം നടത്താറില്ല എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും പ്രജനനം നടക്കുന്ന കൂടുകള്‍ വയനാട്, കോഴിക്കോട്ടെ മാവൂര്‍, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ കണ്ടെത്തിയതായി വനംവകുപ്പും മലബാര്‍ നേച്ചറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ 'കൊറ്റില്ലങ്ങളുടെ' സര്‍വേയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ആവാസമേഖല

 

ചായമുണ്ടി ആഴം കുറഞ്ഞ ജലാശയങ്ങളുടെ അരികിലുള്ളതോ വയൽപ്രദേശത്തുള്ളതോ ആയ വെള്ളം നിറഞ്ഞ പുൽപ്രദേശങ്ങളിലും മറ്റും കാണപ്പെടുന്ന ഒരു പക്ഷിയാണ്. ഇത്തരം പ്രദേശങ്ങൾക്ക് അധികം അകലെയായി ഇവയെ സാധാരണ കാണാറില്ല. ചതുപ്പുകളും, വയലുകൾ, കണ്ടൽ പ്രദേശങ്ങൾ, കായലുകൾ, പുഴയോരങ്ങൾ, തീരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഇവയെ കാണാം. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.

ദേശാടനസ്വഭാവം ഉള്ള ഈ പക്ഷികളെ ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും കാണുന്നു. ഏഷ്യയിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ചൈന, കൊറിയ, തായ്‌വാൻ, ജപ്പാൻ, മ്യാൻമാർ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കസാഖ്സ്ഥാൻതുർക്കി, ഇസ്രായേൽ, ഇറാഖ്, ഇറാൻ, ബഹ്‌റൈൻ, ആഫ്രിക്കയിൽ ഈജിപ്ത്, എറിത്രിയ, മൊറോക്കോ, അൾജീരിയ, സെനഗൽ,മാലി, ഉഗാണ്ട, അംഗോള, സൊമാലിയ, കെനിയ, നമീബിയ, ബോട്സ്വാന, സാംബിയ,മലാവി, മൊസാംബിക്ക്, സിംബാബ്‌വെ, സൗത്ത് ആഫ്രിക്ക, മഡഗാസ്കർ, സീഷെയ്‌ൽസ്‌, യൂറോപ്പിൽ സ്‌പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ്, ജർമനി, ആസ്ത്രിയ, റുമാനിയ, ഉക്രൈൻ, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഈ പക്ഷികളുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.


A. p. manilensis എന്ന ഉപവിഭാഗം ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ കിഴക്കോട്ട് ഫിലിപൈൻസ്‌ വരെയും വടക്ക് റഷ്യ വരെയും കാണപ്പെടുന്നു.
ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിൽ കസാഖ്സ്താൻ  വരെ ഉള്ള പ്രദേശങ്ങളിൽ കാണുന്നത്  A. p. purpurea എന്ന ഉപവിഭാഗം ആണ്. A. p. bournei എന്ന ഉപവിഭാഗം കേപ് വെർദെയിൽ കാണുന്നു. A. p. madagascariensis ആണ് മഡഗാസ്കറിൽ കാണപ്പെടുന്നത്.

മറ്റ് ഭാഷകളിൽ


Afrikaans: Rooireier
Albanian: Çapka rrudhi
Arabic: مالك الحزين الأرجواني
Armenian: Շիկակարմիր Տառեղ
Asturian: Garcia bermeya
Azerbaijani: Kürən vağ
Basque: Agró roig
Belarusian: Чапля чырвоная
Bengali: লালচে বক
Breton: Ar gerc'heiz ruz
Bulgarian: Червена чапла
Catalan: Agró roig
Cebuano: dugwak
Chinese (Taiwan): 紫鹭
Chinese (Traditional): 紫鷺
Chinese: 花洼子
Croatian: Caplja Danguba
Czech: Volavka cervená
Danish: Purpurhejre
Dutch: Purperreiger
Esperanto: Purpura ardeo
Estonian: Purpurhaigur
Faroese: Korkahegri
Finnish: Ruskohaikara
French: Héron pourpré
Galician: Agró roig
Georgian: წითური ყანჩა
German: Purpurreiher
Greek: Πορφυρός Ψαροφάς
Hebrew: אנפה ארגמנית
Hindi: Peria vellai kokku
Hungarian: Vörös gém
Icelandic: Rauðhegri
Indonesian: Burung Cangak Merah
Irish: Corr Chorcra
Italian: Airone rosso
Japanese (Kanji): 紫鷺
Japanese (romaji): murasakisagi
Japanese: ムラサキサギ
Kazakh: Қошқыл құтан
Korean: 붉은왜가리
Kwangali: Samunkoma Gomugeha
Latvian: rudais gārnis
Lithuanian: Purpurinis garnys
Luxembourgish: Purpurreeër
Macedonian: Драјка
Malagasy: Kehambe
Malay: Burung Bangau Paya
Maldivian: Dhanbu Maakanaa
Maltese: Russett Aħmar
Mamasa: korong ula
Moldavian: Stârc roșu
Mongolian (Bichig): ᠵᠡᠬᠡᠷᠳᠡ ᠳᠡᠭᠡᠯᠡᠢ
Mongolian (Cyrillic, Inner Mongolia): Хүрэн дэглий
Mongolian: Зээрд дэглий
Montenegrin: crvena čaplja
Nepali: ध्यानी बकुल्ला
Northern Sami: Purporháigir
Norwegian: Purpurhegre
Persian: حواصیل ارغوانی
Pinyin: cǎo-lù
Polish: czapla purpurowa
Portuguese (Brazil): garça-roxa
Portuguese (Portugal): Garça-vermelha
Romanian: Stârc roşu
Romansh: irun cotschen
Russian: Рыжая цапля
Serbian: crvena caplja
Sinhalese: කරවැල් කොකා
Slovak: Volavka purpurová
Slovenian: rjava caplja
Sotho, Southern: Kokolofitoe
Spanish:Garza Imperial 
Swahili: Pondagundi
Swedish: Purpurhäger
Tamil: Sen Narai
Thai: นกกระสาแดง
Tsonga: Rikolwa
Tswana: Kôkôlôhutwê
Turkish: Erguvani Balıkçıl
Ukrainian: Руда чапля
Vietnamese: Chim Diệc lửa
Welsh: Crëyr porffor
Xhosa: Ucofuza







No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...