Grey-headed Swamphen | |||
ശാസ്ത്രീയ നാമം | Porphyrio poliocephalus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Gruiformes | ||
കുടുംബം | Rallidae | ||
ജനുസ്സ് | Porphyrio | ||
വർഗ്ഗം | P. poliocephalus | ||
ഉപ വർഗ്ഗം | P. p. poliocephalus |
ചതുപ്പുകളും ജലാശയങ്ങളും വയലുകളും അടങ്ങുന്ന ആവാസമേഖലകളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലക്കോഴി. റാലിഡേ കുടുംബത്തിൽ വരുന്ന ഈ പക്ഷി തെളിഞ്ഞ നീല നിറവും നീണ്ട കാലും കൊക്കിൻറെയും നെറ്റിയിലെയും നിറവും കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ച് പറ്റുന്നവയാണ്. പേരിലും കാഴ്ചയിലും കോഴിയോട് സാദൃശ്യം തോന്നുമെങ്കിലും രണ്ടും തമ്മിൽ പ്രത്യേക ബന്ധം ഒന്നും തന്നെ ഇല്ല. നീലക്കോഴി സാധാരണയായി ജലസമൃദ്ധമായ പ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളൂ.
ഇംഗ്ലീഷിൽ Grey-headed swamphen എന്ന് വിളിക്കപ്പെടുന്ന ഈ പക്ഷി മുൻപ് purple swamphen എന്ന വിഭാഗം പക്ഷികളുടെ ഉപവിഭാഗം ആയാണ് കരുതിയിരുന്നതെങ്കിലും ഇപ്പോൾ ഇവയെ പ്രത്യേക വിഭാഗം ആയി കണക്കാക്കുന്നു.
ശരീരഘടന
ശരാശരി 45 മുതൽ 50 സെമീ വരെ വലുപ്പം കാണുന്ന നീലക്കോഴികൾക്ക് 850 മുതൽ 1050 ഗ്രാം വരെ ശരീരഭാരം ഉണ്ടാകും. ചിറകറ്റങ്ങൾ തമ്മിലുള്ള അകലം ഒരു മീറ്റർ വരെ വരും. ശരീരത്തിന് പ്രധാനമായും പർപ്പിൾ നിറമാണ്. ത്രികോണാകൃതിയിൽ തോന്നുന്ന ഇവയുടെ തടിച്ച കൊക്കിന് ചുവന്ന നിറമാണ്. കൊക്കിലെ ചുവപ്പ് നിറം നെറ്റിയിലെ കവചം പോലെ തോന്നുന്ന ഭാഗത്തിലേക്ക് തുടരുന്നു. കണ്ണ് കടുംചുവപ്പ് നിറത്തിലാണ്. മുഖം ചാരനിറത്തിലാണ്. മുഖത്ത് നിന്ന് ഇളംചാരനിറം തലയ്ക്കു പിന്നിലേക്കും കഴുത്തിലേക്കും നീളുന്നു.
മുഖത്തിൻറെ താഴെ നിന്ന് തുടങ്ങുന്ന നീലപ്പച്ച നിറം കഴുത്തിന്റെ മുൻ ഭാഗത്തിലൂടെ നെഞ്ചിലേക്ക് നീളുന്നു. കഴുത്തിന്റെ പിറകിൽ നിന്നും തുടങ്ങുന്ന പർപ്പിൾ നിറം ശരീരത്തിന്റെ പിറകിൽ നിന്നും ചിറകിൻറെ മുന്നിലൂടെ വശങ്ങളിലേക്ക് ഇറങ്ങുന്നു. ശരീരത്തിൻറെ പിറകുവശം വാലിന്റെ തുടക്കം വരെ പർപ്പിൾ നിറത്തിലാണ്. ചിറകുകളുടെ മുൻഭാഗം പർപ്പിൾ നിറത്തിലും പിന്നീട് നീലപച്ച നിറത്തിലും ആണ്. ചെറിയ വാലും പർപ്പിൾ, നീലപ്പച്ച നിറം കലർന്നതാണ്. ഗുദഭാഗം വെളുപ്പ് നിറമാണ്. കുളക്കോഴിയെ പോലെ ഇടക്കിടെ ചെറിയ വാല് മുകളിലോട്ടും താഴോട്ടും ഇളക്കുമ്പോൾ ഈ വെളുപ്പ് നിറം പുറമെ കാണും. ബലിഷ്ഠമായ കാലുകളും അതിലെ നീണ്ട വിരലുകളും ചുവന്ന നിറത്തിലാണ്. കൊക്കും കാലുകളും പാദങ്ങളും ബലിഷ്ഠമാണ്. വിരലുകളിൽ ശക്തമായ നഖങ്ങൾ കാണാം. പറക്കുന്ന സമയത്ത് ചിറകുകളുടെ അരികിലെ തൂവലുകൾ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു. ചിറകുകളുടെ ഉൾഭാഗത്തും ഇരുണ്ട നിറമാണ്. ചിറകുകളുടെ അടിയിൽ ശരീരത്തിന് പർപ്പിൾ നിറം തന്നെയാണ്.
ആൺ പക്ഷികളും പെൺ പക്ഷികളും കാഴ്ചയിൽ ഒരു പോലെ ആണെങ്കിലും പെൺ പക്ഷിക്ക് ആൺ പക്ഷിയെക്കാൾ വലിപ്പം കുറവായിരിക്കും.
പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഇരുണ്ട നിറത്തിലാണുണ്ടാവുക. കൊക്കും ഇരുണ്ടനിറമായിരിക്കും. നെറ്റിയിലെ കവചം തെളിഞ്ഞ് കാണാറില്ല. കണ്ണും ഇരുണ്ട നിറം ആയിരിക്കും. വളർന്ന് പ്രായപൂർത്തിയാവും മുൻപുള്ള പക്ഷികൾ രൂപത്തിൽ മുതിർന്ന പക്ഷികളെ പോലെ ആണെങ്കിലും നിറം മങ്ങിയിരിക്കും. നെറ്റിയിലെ കവചം പോലെ തോന്നുന്ന ഭാഗത്തിൻറെ നിറവും മങ്ങിയതായിരിക്കും. കണ്ണ് കടുംചുവപ്പിലേക്ക് മാറിത്തുടങ്ങും.
ആഹാരരീതി
രാവിലെയോ വൈകുന്നേരങ്ങളിലോ ജലാശയങ്ങളുടെ തീരത്തോ അരികിലെ പുൽകൂട്ടത്തിലോ വെള്ളത്തിൽ കൂട്ടമായി പൊങ്ങി വളരുന്ന ആമ്പൽ പോലുള്ള ചെടികൾക്ക് മുകളിലോ നടന്ന് ഭക്ഷണം തേടുന്ന രീതിയാണ് നീലക്കോഴികൾക്ക്. ചിലയിനം ജലസസ്യങ്ങളുടെ ഭാഗങ്ങളും പല ചെറിയ ജീവികളും ആണ് ഇവയുടെ ആഹാരം. തല താഴ്ത്തി തീറ്റയെടുക്കുന്നതിനേക്കാൾ കാൽ വിരലുകൾ കൊണ്ട് കൊക്കിലേക്ക് ഉയർത്തി തിന്നുന്ന ശൈലിയാണ് ഇവ അവലംബിക്കുന്നത്. കൊക്ക് കൊണ്ട് ചെടി പിഴുത് വലിച്ചെടുത്ത് ഒരു കാൽ കൊണ്ട് ചെടിത്തണ്ട് ഉയർത്തി മറ്റേ കാലിൽ നിന്ന് കൊണ്ട് മൃദുവായ ഭാഗം തിന്നുന്നതാണ് ഇവയുടെ രീതി. ചില അവസരങ്ങളിൽ ചെടിത്തണ്ടിൻറെ പുറംഭാഗം കളഞ്ഞ് അകത്തെ ഭാഗം മാത്രം കഴിക്കും. ഒച്ചുകളും മറ്റു ചെറിയ തോടുള്ള ജീവികളും മീനുകളും പല്ലി വിഭാഗത്തിൽപെട്ട ജീവികളും പക്ഷിക്കുഞ്ഞുകളും അവയുടെ മുട്ടയും പ്രാണികളും ഇവയുടെ ആഹാരമാകാറുണ്ട്. ആഹാരം ദഹിക്കാനുള്ള എളുപ്പത്തിനായി ചെറിയ കല്ലുകൾ വിഴുങ്ങുന്ന ശീലം ഇവയ്ക്കുമുണ്ട്.
സ്വാഭാവിക ആവാസമേഖലകളിൽ മനുഷ്യൻറെ കടന്നുകയറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം നീലക്കോഴികൾ പല പ്രദേശങ്ങളിലും നെൽകൃഷി നടക്കുന്ന വയലുകളിൽ എത്തി നെൽചെടികൾ പിഴുത് നശിപ്പിക്കുന്നതായി പരാതികൾ കർഷകരുടെ ഭാഗത്ത് നിന്നും ഉയർന്നുവരുന്നുണ്ട്. ഞാറിൻറെ വേരിനു മുകളിലുള്ള മധുരം നുകരാനാണ് ഞാറ് വേരോടെ പിഴുതെടുക്കുന്നത് എന്ന് കർഷകർ പറയുന്നു.
സ്വഭാവം
നീലക്കോഴികൾ സാധാരണ നടന്ന് ഇര തേടുന്നതായാണ് കാണാറുള്ളത്. നീന്താനും ഇവർ മിടുക്കരാണ്. എന്നാൽ തീരത്തും പൊങ്ങി നിൽക്കുന്ന ജലസസ്യങ്ങൾക്ക് മീതെയും നടക്കുന്നതാണ് ഇവർക്ക് കൂടുതൽ താത്പര്യം. നന്നായി പറക്കാൻ കഴിയുമെങ്കിലും അവശ്യഘട്ടത്തിൽ മാത്രമാണ് പറക്കുന്നത്. പറക്കൽ നീലക്കോഴികൾക്ക് അത്ര എളുപ്പമല്ലെന്ന് ഇവ പറക്കുന്നത് കണ്ടാൽ തോന്നും. പറന്നുയരുന്നത് പലപ്പോഴും ചെറിയ ഓട്ടത്തോടുകൂടിയാണ്. പറക്കുമ്പോൾ ഇവയുടെ നീണ്ട കാലുകൾ അസൗകര്യം എന്ന് തോന്നുന്ന വിധം പിന്നിലേക്ക് പിടിച്ചാണ് പറക്കുന്നത്. പറന്നിറങ്ങുമ്പോൾ പലപ്പോഴും കുറ്റിക്കാടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുന്നതു പോലെയാണ് ഇറങ്ങുന്നത്.
ശത്രുക്കളുടെ സാന്നിധ്യം ഉള്ളപ്പോഴും മറ്റും ഇവ വളരെ അസുഖകരമായ ഉയർന്ന ശബ്ദം പുറപ്പെടുവിക്കും. കൂടാതെ ഇടക്കിടെ വാൽ പൊക്കിയും താഴ്ത്തിയും വാലിൻറെ കീഴിലെ വെളുപ്പ് ഭാഗം കാണിച്ച് ഇരപിടിയന്മാരുടെ സാന്നിധ്യം മറ്റുള്ളവരെ അറിയിക്കും.
നീലക്കോഴിയുടെ ശബ്ദം
പ്രജനനം
പ്രജനനകാലം ലോകത്ത് വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമാണ്. പലയിടങ്ങളിലും മഴക്കാലത്തിൻറെ മൂർദ്ധന്യത്തിലാണ് പ്രജനനം. കേരളത്തിൽ ജൂൺ മുതൽ സപ്തംബർ വരെയാണ് പ്രജനനകാലം.
മൂന്ന് വർഷം കൊണ്ട് ആൺപക്ഷികൾ പ്രായപൂർത്തിയാകുന്നു. പ്രജനനകാലം ആകുന്നതോടെ ആൺപക്ഷികൾ പെൺപക്ഷിയുടെ ശ്രദ്ധ നേടാനും ഇണയെ ആകർഷിക്കാനും ഉള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ജലസസ്യങ്ങളുടെ തണ്ട് കൊക്കിൽ എടുത്ത് പെൺപക്ഷിയുടെ മുന്നിൽ നിന്ന് തല താഴ്ത്തിയും ഉയർത്തിയും ഉറക്കെ ശബ്ദം ഉണ്ടാക്കിയും പെൺപക്ഷിയെ ആകർഷിക്കുന്നു.
ജലാശയങ്ങളുടെ അരികിൽ വളരുന്ന പോട്ട പുൽതണ്ടും മറ്റും ഉപയോഗിച്ചാണ് വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന രീതിയിൽ കൂട് നിർമിക്കുന്നത്. കൂട്ടിലേക്ക് ഒന്നോ രണ്ടോ പ്രവേശനവഴിയും ഉണ്ടാക്കും. 3 മുതൽ 7 മുട്ടകൾ വരെയാണ് ഒരു തവണ ഇടുന്നത്. മങ്ങിയ തവിട്ടോ ചാരനിറമോ ഉള്ള മുട്ടക്ക് കടുംതവിട്ട് കുത്തുകൾ കാണും. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കും.
ചിലയിടങ്ങളിൽ ഒരു ആൺപക്ഷിയും പെൺപക്ഷിയും എന്നതിന് പുറമെ പ്രജനനത്തിനായി നിരവധി പക്ഷികൾ സംഘമായി പരസ്പരം സഹകരിക്കുന്ന രീതിയും ഇവരുടെ ഇടയിൽ നിലവിലുള്ളതായി വിദഗ്ദർ പറയുന്നുണ്ട്. 6 മുതൽ 10 പക്ഷികൾ വരെ ഇങ്ങനെ ഉള്ള സംഘത്തിൽ കാണും. ഇക്കൂട്ടത്തിൽ 2 മുതൽ 7 എണ്ണം വരെ പ്രായപൂർത്തിയായ ആൺപക്ഷികൾ കണ്ടേക്കാം. പ്രായപൂർത്തിയായിട്ടില്ലാത്ത സഹായികളും സംഘത്തിൽ ഉണ്ടാകും. മുട്ടയിടുന്ന പക്ഷികളുടെ നേരത്തെ ഉള്ള മുതിർന്ന കുഞ്ഞുങ്ങൾ ആയിരിക്കും സാധാരണയായി സഹായികളായി വരുന്ന പക്ഷികൾ. മുട്ട വിരിഞ്ഞാൽ മാതാപിതാക്കളെ കൂടാതെ സഹായികളായി നിൽക്കുന്ന പക്ഷികളും കുഞ്ഞുങ്ങളെ വളർത്താൻ സഹായിക്കുന്നു.
സംഘത്തിലെ ഏറ്റവും മുതിർന്ന രണ്ട് പെൺപക്ഷികൾ പല ആൺപക്ഷികളിൽ നിന്നായി ഇണ ചേർന്ന് ഒരേ കൂട്ടിൽ മുട്ടയിടുന്നു. ഇങ്ങനെ ഉള്ള ഒരു കൂട്ടിൽ 12 വരെ കാണും. മുതിർന്ന പെൺപക്ഷിയുടെ നേതൃത്വത്തിൽ ഒരു അധികാര ശ്രേണി ഇവരുടെ ഇടയിൽ ഉണ്ട്. ഈ പെൺപക്ഷി ആയിരിക്കും ഏറ്റവും അധികം അടയിരിക്കുന്നത്. ആൺപക്ഷികൾ കാവൽ നിൽക്കുന്ന പകൽ സമയം പെൺപക്ഷികളും രാത്രി ആൺപക്ഷികളും അടയിരിക്കുന്നു. ഇത് സംഘമായി നിൽക്കുന്ന സാഹചര്യങ്ങൾ മാത്രമേ ഫലപ്രദമാകാറുള്ളൂ. സഹായികളിൽ മുട്ടയിടാത്ത പ്രായപൂർത്തിയായ പക്ഷി ഉണ്ടെങ്കിൽ അവയും അടയിരിക്കൽ കാലത്തിൻറെ അവസാന സമയങ്ങളിൽ അടയിരിക്കാറുണ്ട്.
ഈ സംവിധാനം കാരണം മുട്ടയിടുന്നതിനും സ്വന്തം കുഞ്ഞുങ്ങളെ വളർത്തുന്നതിനും മുൻപ് തന്നെ പ്രായപൂർത്തിയാവാത്ത പക്ഷികൾക്ക് മുതിർന്ന പക്ഷികളുടെ മേൽനോട്ടത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള പരിശീലനം ലഭിക്കുന്നു.
ശരാശരി 3 ആഴ്‌ചകൾ കൊണ്ട് മുട്ട വിരിഞ്ഞ് രണ്ട് ദിവസം കൊണ്ട് കുഞ്ഞുങ്ങൾ പുറത്തേക്ക് ഇറങ്ങി തുടങ്ങും. കൂട്ടിൽ ഒരാഴ്ച വരെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കുഞ്ഞുങ്ങളെ തുടർന്ന് പത്ത് ആഴ്ച വരെ മാതാപിതാക്കളും മറ്റ് സഹായികളായ പക്ഷികളും ചേർന്ന് വളർത്തും. കുഞ്ഞുങ്ങൾ ഭക്ഷണം കൊണ്ടുവരുന്ന മുതിർന്ന പക്ഷികളുടെ കൊക്കിൽ നിന്ന് ഭക്ഷണം എടുത്ത് തിന്നും. ഒരു വർഷം ഒന്നിലധികം തവണ മുട്ടയിടാറുണ്ട്. 9 വർഷം വരെയാണ് ശരാശരി ആയുർദൈർഘ്യം.
ആവാസമേഖല
ചതുപ്പുകൾ, ആഴം കുറഞ്ഞ തണ്ണീർത്തടങ്ങൾ, വെള്ളം നിറഞ്ഞുകിടക്കുന്ന വയലുകൾ, ഒഴുക്കിന് ശക്തി കുറഞ്ഞതോ ഒഴുക്കില്ലാത്തതോ ആയ ജലാശയങ്ങൾ ഇങ്ങനെയുള്ള പ്രദേശങ്ങളാണ് നീലക്കോഴികളുടെ ആവാസമേഖല. ഈ മേഖലകളിലെ ജലാശയങ്ങളുടെ കരയിൽ പുല്ല് വളർന്ന കിടക്കുന്ന ഭാഗങ്ങളിൽ ഭക്ഷണം തിരഞ്ഞ് നടക്കുന്നത് കാണാം. ജലാശയങ്ങളിലെ വെള്ളത്തിൻറെ ലഭ്യതക്കനുസരിച്ച് വാസസ്ഥാനം മാറാറുണ്ട് എന്നതിൽ കവിഞ്ഞ് ഈ പക്ഷികൾ ദേശാടനസ്വഭാവം കാണിക്കാറില്ല.
നീലക്കോഴികൾ പല ഉപവിഭാഗങ്ങളിലായി ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഘാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ളാദേശ്, മ്യാൻമാർ, തെക്കൻ ചൈന, തായ്‌ലൻഡ്, മലേഷ്യ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, കാസ്പിയൻ കടലിൻറെ തീരപ്രദേശങ്ങളിൽ അസർബൈജാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ, ഇറാഖിൽ യൂഫ്രട്ടീസ് ടൈഗ്രിസ് നദികളുടെ സമീപപ്രദേശങ്ങൾ, തുർക്കിയുടെ തെക്കൻ തീരപ്രദേശങ്ങൾ, തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും നീലക്കോഴികളെ കണ്ടുവരുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ ചതുപ്പ് പ്രദേശങ്ങളിൽ ഇപ്പോൾ ഈ പക്ഷികളെ കണ്ടുവരുന്നുണ്ട്. 1992 ൽ അവിടെ ആഞ്ഞടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനെ തുടർന്ന് കൂടുകളിൽ നിന്ന് രക്ഷപെട്ട വളർത്ത് പക്ഷികളായ നീലക്കോഴികളിൽ നിന്ന് വന്ന പക്ഷികളാണ് ഇവ എന്നാണ് കരുതുന്നത്. ഇപ്പോൾ ആയിരക്കണക്കിന് നീലക്കോഴികൾ ഫ്ലോറിഡയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിൽ കേരളത്തിലും വടക്ക് പടിഞ്ഞാറ് ഒഴികെയുള്ള മേഖലകളിലും ശ്രീലങ്കയിലും തെക്കൻ ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിലും കണ്ടുവരുന്ന ഉപവിഭാഗം ആണ് P. p. poliocephalus. ഈ ഉപവിഭാഗം ആണ് ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡയിൽ ചതുപ്പുകളിൽ കാണപ്പെടുന്നത്.
P. p. seistanicus എന്ന ഉപവിഭാഗമാണ് വടക്ക് പടിഞ്ഞാറൻ ഇന്ത്യ മുതൽ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, തെക്കൻ ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ കാണുന്നത്. വടക്ക് പടിഞ്ഞാറൻ ഇറാൻ മുതൽ കാസ്പിയൻ കടലിൻറെ തീരങ്ങളിലും തുർക്കി വരെയും കാണുന്ന ഉപവിഭാഗമാണ് P. p. caspius.
മറ്റ് ഭാഷകളിൽ
Armenian: Մոխրագլուխ սուլթանական հավ, Սուլթանական հավ
Chinese (Traditional): 灰頭紫水雞
Chinese: 紫水鸡
Croatian: Sivoglava sultanka
Danish: Indisk Sultanhøne
Dutch: Grijskoppurperkoet
English: Gray-headed Swamphen, Grey-headed Swamphen, Indian Swamphen, Purple Coot
Estonian: lasuur-sultantait
Finnish: Intiansulttaanikana
French: Talève à tête grise, Talève d'Asie
German: Graukopf Purpurhuhn
Hebrew: פורפיריה אפורת-ראש
Irish: Corcrán coille ceannliath
Italian: Pollo sultano testagrigia
Japanese: ハイガシラセイケイ
Kyrgyz: Султан кашкалдагы
Nepalese: कुर्मा
Norwegian: gråhodesultanhøne
Persian: طاووسک
Polish: modrzyk siwoglowy
Portuguese (Portugal): Camão-de-cabeça-cinzenta
Punjabi: ਨੀਲੀ ਜਲ ਕੁੱਕੜੀ
Rennell: tekongai
Russian: Сероголовая султанка, Султанка, Султанская курица
Serbian: Sivoglava sultanka
Slovak: sultánka brahmanská
Spanish: Calamón Cabecigrís
Swedish: gråhuvad purpurhöna
Tamil: நீலத் தாழைக்கோழி
Thai: นกอีโก้ง
Turkish: Gri başlı sazhorozu
Vietnamese: Trích cồ
Kulakkozhi alle ithu?
ReplyDeleteഅല്ല... കുളക്കോഴിയും നീലക്കോഴിയും റാലിഡേ എന്ന കുടുംബത്തിൽ ഉള്ളതാണെങ്കിലും രണ്ടും വേറേ വേറെ ജനുസ് ആണ്...
Delete