Bronzed Drongo | |||
ശാസ്ത്രീയ നാമം | Dicrurus aeneus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Dicruridae | ||
ജനുസ്സ് | Dicrurus | ||
വർഗ്ഗം | D. aeneus | ||
ഉപ വർഗ്ഗം | D. a. aeneus |
ഡ്രോംഗോ എന്ന വിഭാഗത്തിൽ പെടുന്നതും, കേരളത്തിൽ പലയിടത്തും കണ്ടുവരുന്നതും ആയ ഒരു പക്ഷിയാണ് ലളിതക്കാക്ക. ഡ്രോംഗോ വിഭാഗത്തിൽ പെട്ട മറ്റു പക്ഷികളേക്കാൾ ചെറുതും, തൂവലുകളുടെ തിളങ്ങുന്ന നിറം കൊണ്ട് ശ്രദ്ധ ആകർഷിക്കുന്നവയുമാണ് ലളിതക്കാക്കകൾ.
ഇംഗ്ലീഷിൽ Bronzed Drongo എന്ന് വിളിക്കുന്ന ഇവയെ കാട്ടുപ്രദേശങ്ങളിലും അതിന് സമീപം ധാരാളം മരങ്ങൾ വളരുന്ന മേഖലകളിലും ആണ് കൂടുതലായി കാണുന്നത്.
ശരീരഘടന
ലളിതക്കാക്ക ഒരു ചെറിയ പക്ഷിയാണ്. ശരാശരി 22 മുതൽ 24 സെ.മീ. വരെ നീളം വരുന്ന ഇവയ്ക്ക് 11 മുതൽ 13 വരെ സെ.മീ. ചിറക് നീളം കാണും. ശരീരത്തിന് പ്രധാനമായും കറുപ്പ് നിറം ആണെങ്കിലും തലയിലെയും കഴുത്തിലെയും നെഞ്ചിലെയും ചിറകുകളിലെയും തൂവലുകൾക്ക് ലോഹത്തിളക്കം കാണാം. ഈ തിളക്കം ആണ് ഈ പക്ഷിയുടെ പ്രത്യേകതയും. ഇംഗ്ലീഷിലുള്ള പേരിൻറെ ആധാരവും ഈ ലോഹത്തിളക്കം ആണ്. തിളക്കം മൂലം ഈ ഭാഗത്തിന് തിളങ്ങുന്ന നീലയോ പച്ചയോ നിറം വരുന്നതായി കാണാം. വെളിച്ചം കുറവുള്ള സമയത്ത് ലോഹത്തിളക്കം കാണുന്നത് ബുദ്ധിമുട്ടാണ്. ആ സമയം പക്ഷി നല്ല കറുപ്പായി കാണപ്പെടും.
ഇവയുടെ മേൽകൊക്കിന് 2 സെ.മീ. വരെ നീളം ഉണ്ടാകും. കറുപ്പ് നിറത്തിലുള്ള കൊക്കിന് പിന്നിലായി നേരിയ രോമങ്ങൾ കാണാം. കണ്ണ് ഇരുണ്ട ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. കണ്ണിനു ചുറ്റും മുഖത്ത് കറുത്ത് തിളക്കമില്ലാത്ത തൂവലാണ്. ഇത് ചെവിയുടെ ഭാഗം മുതൽ കണ്ണിനെയും കൊക്കിനെയും ചുറ്റി കഴുത്തിൻറെ തുടക്കം വരെ നീളുന്നു. തലയുടെ മുകൾ ഭാഗത്തും പിന്നിലും കഴുത്തിനു ചുറ്റിലും നെഞ്ചിലും ചിറകുകളുടെ മുകൾ ഭാഗത്തും ലോഹത്തിളക്കം കാണാം. അത്കൊണ്ട് ഈ ഭാഗത്തിന് നീലയോ പച്ചയോ നിറം കൈവരുന്നതായി തോന്നും.
ചിറകുകളുടെ അരികുകളും താഴെയുള്ള ഭാഗവും ഇരുണ്ട തവിട്ട് നിറം ആയിരിക്കും. നെഞ്ചിന് താഴെ വയറിനും വാലിൻറെ അടിവശം വരെയും ഇരുണ്ട തവിട്ട് നിറം ആണ്. കറുപ്പ് നിറത്തിലുള്ള കാലിന് 1.5 സെ.മീ വരെ നീളം ഉണ്ടാകും. കാൽപാദവും കറുപ്പ് നിറമാണ്. തവിട്ട് നിറത്തിലുള്ള ഇവയുടെ വാൽ, ബാക്കി ശരീരത്തിൻറെ ഏകദേശം അത്രതന്നെ നീളത്തിൽ നീണ്ടതാണ്. വാലിൻറെ അഗ്രം രണ്ട് ഭാഗത്തേക്ക് വളഞ്ഞ് തിരിച്ച് വെച്ച കവണ ആകൃതിയിൽ ആയിരിക്കും.
ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല എങ്കിലും പെൺകിളി അല്പം ചെറുതായിരിക്കും.
പ്രായപൂർത്തിയാവാത്ത പക്ഷികളുടെ ചിറകിൻറെ ഉൾഭാഗത്ത് വെള്ള തൂവലുകളും കാണും. വാലിന് കവണ ആകൃതി കാണില്ല. മാത്രമല്ല, ഇവയുടെ നിറം തവിട്ട് കലർന്ന അൽപ്പം മങ്ങിയതായിരിക്കും. തൂവലുകൾക്ക് ലോഹത്തിളക്കം കുറവായിരിക്കും.
ആഹാരരീതി
ലളിതക്കാക്ക പക്ഷികൾ പ്രാണിപിടിയന്മാരാണ്. മരങ്ങൾ നിറഞ്ഞ പ്രദേശത്ത് അതിന് താഴെയായി പറക്കുന്ന ചെറുപ്രാണികളാണ് ഇവയുടെ പ്രധാന ആഹാരം.
മരക്കൊമ്പുകളിൽ ചുറ്റുപാടും നിരീക്ഷിച്ച് ഇരിക്കുന്ന ഈ പക്ഷി, പറക്കുന്ന ഒരു പ്രാണിയെ ശ്രദ്ധയിൽ പെട്ടാൽ പിന്നാലെ പറന്ന് അവയെ വായുവിൽ തന്നെ കൊക്കിലാക്കി തിരിച്ച് ആദ്യം ഇരുന്ന കൊമ്പിലേക്കോ അടുത്ത മറ്റൊരു കൊമ്പിലേക്കോ ചെന്നിരുന്ന് അതിനെ ആഹരിക്കുന്നു.
സ്വഭാവം
ഒറ്റയ്ക്ക് ഇര തേടുന്നത് കാണാമെങ്കിലും മിക്കവാറും സമയങ്ങളിൽ രണ്ടോ മൂന്നോ ലളിതക്കാക്കകളെ ഒരുമിച്ചാണ് കാണുന്നത്. പല സമയങ്ങളിലും മറ്റു തരം പക്ഷികൾക്കൊപ്പവും കൂട്ടം ചേർന്ന് ഇര തേടുന്നത് കാണാം. വലിയ മരങ്ങളുടെ തലപ്പിനേക്കാൾ ഇവർക്ക് പ്രിയം അവയുടെ തണലാണ്. മരങ്ങളുടെ വിശാലമായ വിതാനത്തിന് താഴെയാണ് ഇവർ വിഹരിക്കുന്നത്.
വളരെ ഭയരഹിതരും ഉത്സാഹികളും ആയ ഈ പക്ഷികൾ ഇവയെക്കാൾ വലിയ പക്ഷികളെ വരെ ആക്രമിക്കുന്നതും തുരത്തുന്നതും കാണാം. പക്ഷെ നിരുപദ്രവകാരികളായ ചെറുപക്ഷികളെ ഇവ അങ്ങനെ അക്രമിക്കാറില്ല എന്നതും ഉപദ്രവകാരികളും കൂടിന് ഭീഷണിയാകുന്നവയുമായ പക്ഷികളെ ഇവ തുരത്തും എന്നുള്ളതും പലപ്പോഴും ചെറുപക്ഷികൾ ലളിതക്കാക്കയുടെ കൂടിന് സമീപസ്ഥലം കൂടൊരുക്കാൻ തെരഞ്ഞെടുക്കാൻ കാരണം ആയി പറയുന്നുണ്ട്.
ലളിതക്കാക്കയുടെ ശബ്ദം രസകരമാണ്. മനോഹരമായ ചൂളം വിളികളും തുളച്ച് കയറുന്ന ചിലപ്പും അടക്കം വിവിധ ശബ്ദങ്ങൾ ഈ പക്ഷി പുറപ്പെടുവിക്കും. മറ്റു ഡ്രോംഗോ വിഭാഗത്തിലെ പക്ഷികളെ പോലെ വിവിധ പക്ഷികളുടെ ശബ്ദം അനുകരിക്കാനും ഇവയ്ക്കു കഴിവുണ്ട്.
ലളിതക്കാക്കയുടെ ശബ്ദം
പ്രജനനം
ഫെബ്രുവരി മുതൽ മെയ് വരെയാണ് ലളിതക്കാക്കയുടെ പ്രജനന കാലം.
ഇണപ്പക്ഷികൾ ഒരുമിച്ചാണ് കൂട് നിർമിക്കുന്നത്. 2 മുതൽ 6 മീറ്റർ വരെ ഉയരത്തിൽ മരത്തിൻറെ കൊമ്പിൽ Y ആകൃതിയിലുള്ള ചില്ലയിൽ കെട്ടുന്ന കൂടിന് കപ്പ് ആകൃതിയാണ്. വാഴയുടെയും ഓലയുടെയും മറ്റും നാരുകളും നേരിയ പുൽനാരും ഒക്കെ വെച്ച് നിർമിക്കുന്ന കൂട് ഉള്ളിൽ അപ്പൂപ്പൻ താടിയുടെയും ചിലന്തിവലയുടെയും മറ്റും നാരുകൾ കാണും. നാരുകൾ കൊണ്ട് മരച്ചില്ലയിൽ അരികുകൾ കെട്ടിവെച്ച രീതിയിലാണ് കൂട് നിർമിക്കുന്നത്. കൂടിൻറെ അടിഭാഗത്ത് താങ്ങൊന്നും ഉണ്ടാവില്ല.
സാധാരണയായി ഒരു തവണ മൂന്ന് മുട്ടകൾ കാണും. ഇളം തവിട്ട് നിറത്തിലുള്ള മുട്ടകളിൽ ചെറിയ കുത്തുകൾ കാണും. ഇണപ്പക്ഷികൾ മാറി മാറി അടയിരിക്കും. രണ്ടാഴ്ച കൊണ്ട് മുട്ട വിരിയും.
കൂട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം അമ്മ പക്ഷി
അഞ്ച് ദിവസം വരെ കൂട്ടിൽ തന്നെ ഇരുന്ന് ഭക്ഷണം നൽകും. അതിന് ശേഷം കുഞ്ഞുങ്ങൾ പതിയെ കൂട്ടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങും.
ലളിതക്കാക്കകൾ ചെറിയ പക്ഷികൾ ആണെങ്കിലും ഈ കാലത്ത് കൂടോ മുട്ടകളോ കുഞ്ഞുങ്ങളോ അക്രമിക്കപ്പെടാൻ ഉള്ള സാധ്യതകൾ കണ്ടാൽ വലിയ പക്ഷികളെയും ഇവ ആക്രമിച്ച് തുരത്തും.
2.8 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുർദൈർഘ്യം.
ആവാസമേഖല
തെക്ക്, തെക്ക് കിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാടുകളും കാടുകളുടെ സമീപപ്രദേശങ്ങളും വൃക്ഷനിബിഡമായ പ്രദേശങ്ങളും ആണ് ലളിതക്കാക്കയുടെ ആവാസമേഖല. ഇത്തരം പ്രദേശങ്ങളിൽ മരക്കൂട്ടങ്ങളിൽ താഴെത്തട്ടിലും ഇടത്തട്ടിലും ആണ് ഇവ വിഹരിക്കുന്നത്. അധികം ഉയരത്തിലേക്ക് ഇവ സാധാരണയായി പോകാറില്ല.
ലളിതക്കാക്കകൾ ദേശാടന സ്വഭാവം കാണിക്കുന്നവയല്ല. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെയുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്.
ഇന്ത്യയിൽ ഹിമാലയതാഴ്വരകളിൽ ഉത്തരാഞ്ചൽ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള പ്രദേശങ്ങളിലും മുംബൈയ്ക്ക് തെക്ക് പശ്ചിമഘട്ടത്തിൻറെ ഇരുഭാഗങ്ങളിലുമായി മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം വരെയും പൂർവ്വഘട്ടപ്രദേശങ്ങളിൽ തമിഴ്‌നാട് മുതൽ ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാൾ വരെയും വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാന്മാർ, തായ്‌ലൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തെക്കൻ ചൈന, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെയ്, തായ്‌വാൻ എന്നിവിടങ്ങളിലും ലളിതക്കാക്കയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് ഈ പക്ഷികൾ സിംഗപ്പൂരിൽ കണ്ടിരുന്നു എങ്കിലും ഇപ്പോൾ അവിടെ ഇവ കാണപ്പെടുന്നില്ല എന്ന് പറയപ്പെടുന്നു. മഴക്കാടുകൾക്ക് വന്ന നാശമാണ് കാരണമായി പറയപ്പെടുന്നത്.
Dicrurus aeneus aeneus എന്ന ഉപവിഭാഗം ആണ് കേരളം ഉൾപ്പടെ ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലും മ്യാൻമാർ, തായ്‌ലൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തെക്കൻ ചൈന, മലേഷ്യ വരെയും കാണപ്പെടുന്നത്. മലയൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിലും ഇന്തോനേഷ്യയിലും Dicrurus aeneus malayensis എന്ന ഉപവിഭാഗമാണ് കാണുന്നത്. തായ്‌വാൻ ദ്വീപിൽ Dicrurus aeneus braunianus എന്ന ഉപവിഭാഗം കാണപ്പെടുന്നു.
മറ്റ് ഭാഷകളിൽ
Bengali: ব্রঞ্জ ফিঙে
Catalan: drongo bronzat
Chinese (Taiwan): 古铜色卷尾, 小卷尾
Chinese (Taiwan, Traditional): 小卷尾
Chinese (Traditional): 古銅卷尾, 古銅色卷尾, 小卷尾, 小卷尾〔古銅色卷尾〕, 銅色卷尾
Chinese: 古铜色卷尾, 小卷尾 , 铜色卷尾
Czech: Drongo bronzový, drongo indomalajský
Danish: Bronzedrongo
Dutch: Bronsdrongo
English: Bronzed Drongo, Little Bronzed Drongo
Estonian: läikdrongo
Finnish: Pronssidrongo
French: Drongo bronzé
German: Bronzedrongo
Hungarian: bronz drongó
Indonesian: Burung Srigunting Keladi, Srigunting Keladi
Italian: Drongo bronzato, Drongo bronzeo
Japanese (Kanji): 姫烏秋
Japanese: hime ōchū, himeouchuu
Japanese: ヒメオウチュウ
Lithuanian: Bronzinis drongas
Malay: Burung Cecawi Keladi, Burung Cecawi Tembaga, Checawi
Nepali: सानो चिबे
Norwegian Nynorsk: Bronsedrongo
Norwegian: Bronsedrongo
Pinyin: gǔ-tóng sè juǎn-wěi, tóng-sè juǎn wěi, xiǎo juǎn-wěi
Polish: dziwogon spizowy, dziwogon spiżowy
Russian: Бронзовый дронго
Serbian: Bronzani drongo
Slovak: drongo bronzový
Spanish (HBW): Bronzed Drongo
Spanish (Spain): Drongo Bronceado
Spanish: Drongo Bronceado
Swedish: Bronsdrongo
Tamil: Karumpachai Karichaan
Thai (Transliteration): nók saeeŋ-saeew lék lèuap
Thai: นกแซงแซวเล็กเหลือบ
Ukrainian: Дронго бронзовий
Vietnamese: Chèo bẻo rừng, Chim Chèo bẻo rừng
No comments:
Post a Comment