Indian Pitta | |||
ശാസ്ത്രീയ നാമം | Pitta brachyura |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Pittidae | ||
ജനുസ്സ് | Pitta | ||
വർഗ്ഗം | P. brachyura |
കേരളത്തിൽ മഴക്കാലത്തിന് ശേഷം വിരുന്നെത്തുന്ന ഒരു പക്ഷിയാണ് കാവി. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിന്ന് തെക്കേ ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്ന ഈ പക്ഷി Pitta എന്ന ജനുസിൽ പെടുന്നതാണ്. തെലുഗു ഭാഷയിൽ Pitta എന്ന വാക്കിന് ചെറിയ പക്ഷി എന്നാണ് അർത്ഥം. വളരെ വർണാഭമായ ശരീരത്തോടുകൂടിയ പക്ഷികളുള്ള Pitta ജനുസിൽ 14 വർഗങ്ങളുണ്ട്. ഇന്ത്യയിൽ നാല് വർഗങ്ങൾ ഉള്ള ഈ ജനുസ്സിൽ കേരളത്തിൽ കാണുന്ന ഏക പക്ഷിയാണ് കാവി.
ഇംഗ്ലീഷിൽ Indian Pitta എന്നും Bengal Pitta, Green-winged Pitta എന്നിങ്ങനെയും വിളിക്കാറുണ്ട്. കേരളത്തിൽ ധാരാളം മരങ്ങൾ ഉള്ള പ്രദേശങ്ങളിൽ തണുപ്പ് ആരംഭിക്കുന്നതോടെ രാവിലെയും വൈകുന്നേരവും അടിക്കാടുകൾക്കിടയിൽ ഇര തേടുന്ന ഈ പക്ഷിയെ കാണാം. കൊത്തിൾ എന്നൊരു പേര് ചില പ്രദേശങ്ങളിൽ ഇവയ്ക്കുണ്ട്.
ശരീരഘടന
ശരീരത്തിലെ വളരെ മനോഹരമായ വർണങ്ങൾ കൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഈ പക്ഷിക്ക് രൂപത്തിന് ഒട്ടും തന്നെ ചേരാത്ത ഒരു പേരാണ് മലയാളം നൽകിയിരിക്കുന്നത്. ഹിന്ദിയിലെ ഈ പക്ഷിയുടെ പേര് നവരംഗ് എന്നതാണ്. എന്നാൽ ഈ പക്ഷിയുടെ വർണശബളമായ ശരീരം, നവവർണൻ എന്ന ഈ പേരാണ് പക്ഷിക്ക് കുറച്ച്കൂടി ചേരുന്നത് എന്ന് ഇവയെ പറ്റി വർണിക്കുന്ന ആരെയും പറയിക്കും.
ശരാശരി 15 സെ.മീ. മുതൽ 20 സെ.മീ. വരെ വലിപ്പം വെക്കുന്ന ഈ പക്ഷിക്ക് 45 മുതൽ 65 ഗ്രാം വരെ ഭാരം കാണും. തവിട്ട് നിറത്തിലുള്ള കൊക്കിൻറെ അറ്റം കറുത്തിരിക്കും. തലക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറമൊ ഇളം തവിട്ട് നിറമൊ ആയിരിക്കും. കണ്ണ് ഇരുണ്ട തവിട്ട് നിറമാണ്. കൊക്ക് മുതൽ ഇരുവശങ്ങളിലുമായി കണ്ണിൻറെ താഴെ ഭാഗത്ത് കൂടി ഒരു കറുത്ത പട്ട തലയുടെ പിറകിലേക്ക് നീളുന്നു. കൂടാതെ കൊക്കിൻറെ മദ്ധ്യത്തിൽ നിന്നും കുത്തനെ മുകളിലെക്ക് നീളുന്ന കറുത്ത പട്ടയും മൂർദ്ധാവിലൂടെ പിറകിൽ എത്തി പിറകിൽ കഴിത്തിന് താഴെ വെച്ച് കൂട്ടി മുട്ടുന്നു. കൊക്കിന് പിറകിൽ നിന്ന് മുതൽ കണ്ണിന് മുകളിലൂടെ ഇളം നീല കലർന്ന വെള്ള പട്ട കറുത്ത പട്ടക്ക് മുകളിലൂടെ പിറകിലേക്ക് നീളുന്നു. കൊക്കിൻറെ പിന്നിൽ നിന്ന് തുടങ്ങി കണ്ണിൻറെ പിറകിൽ വരെ കണ്ണിന് തൊട്ട് താഴെയും കൺപോള പോലെ വെള്ള വര കാണാം. കൊക്കിൻറെ താഴെ ഭാഗത്ത് തൊണ്ട മുതൽ കഴുത്തിൻറെ മുൻ ഭാഗം വെളുത്ത നിറത്തിലാണ്. ഇത് കഴുത്തിൻറെ വശങ്ങളിലേക്ക് നീളുന്നു. നെഞ്ച് മുതൽ വയറ് വരെയുള്ള ഭാഗം മഞ്ഞ കലർന്ന ഓറഞ്ച് നിറമൊ ഇളം തവിട്ട് നിറമൊ ആയിരിക്കും. അടിവയറും ഗുദഭാഗവും കടും ചുവപ്പ് നിറമാണ്.
ശരീരത്തിൻറെ പിറകുവശവും ചിറകുകളും നീല കലർന്ന പച്ച നിറം ആയിരിക്കും. ചിറകിൻറെ മുകളിൽ ചുമലിൻറെ ഭാഗത്ത് ഇളം നീല നിറത്തിൽ ഉള്ള ഭാഗം കാണാം. ചിറകിൻറെ പകുതി മുതൽ അറ്റം വരെ കറുപ്പ് നിറമാണ്. അറ്റത്തായി നേരിയ വെളുത്ത അടയാളവും ഉണ്ടാകും. കറുപ്പ് നിറത്തിലുള്ള ഭാഗത്ത് വെളുത്തനിറത്തിലുള്ള വലിയ ഒരു അടയാളം ഉണ്ട്. ഇത് ചിറക് നിവർത്തിയാൽ മാത്രമെ കാണാൻ പറ്റൂ. ചിറകുകൾ കൊണ്ട് മറഞ്ഞിരിക്കുന്ന തിളങ്ങുന്ന നീല നിറത്തിലുള്ള ചെറിയ വാലിന് കറുപ്പ് നിറത്തിൽ അടയാളങ്ങൾ ഉണ്ടാകും. ശരീരത്തെ അപേക്ഷിച്ച് വാലിൻറെ നീളക്കുറവ് ഇവയുടെ ആകാരത്തിൽ കുറച്ച് അഭംഗി ചേർക്കുന്നുണ്ട്. ശരീരത്തിന് ആനുപാതികമായി നീളം കൂടുതൽ ഉള്ള കാലുകൾ പിങ്ക് നിറത്തിൽ കാണുന്നു. നഖങ്ങൾ തവിട്ട് നിറത്തിലാണ്.
ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായ വ്യത്യാസം ഇല്ല എങ്കിലും നെറ്റി വഴി തലയിൽ പോകുന്ന കറുത്ത പട്ടയുടെ വീതി ആൺ പെൺ കിളികളിൽ വ്യത്യാസപ്പെട്ടിരിക്കും എന്ന് പറയപ്പെടുന്നു. പ്രായപൂർത്തിയെത്താത്ത പക്ഷികൾക്ക് നിറം മങ്ങിയിരിക്കും.
ആഹാരരീതി
കുറ്റിക്കാടുകളുടെ അടിത്തട്ടിൽ തറയിൽ ഇര തേടുന്ന പക്ഷിയാണ് കാവി. ചെടികൾക്കിടയിൽ നിലത്ത് കാലുകൊണ്ട് ചികഞ്ഞാണ് ഇര തേടുന്നത്.
ഉറുമ്പ്, ചിതൽ, പുഴുക്കൾ, ഒച്ച്, തേരട്ട, മണ്ണിര, ചിലന്തി, നിലത്ത് വീണ പഴങ്ങൾ എന്നിവയൊക്കെ ഇവ ആഹാരമാക്കും. വീടുകളിൽ നിന്ന് പുറത്തേക്ക് കളയുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഇവ ആഹരിക്കാൻ എത്താറുണ്ടെന്ന്പറയപ്പെടുന്നു.
സ്വഭാവം
തമിഴിൽ ആറുമണി കുരുവി എന്നൊരു പേരുണ്ട് കാവി പക്ഷിക്ക്. ആ പേര് ഈ പക്ഷികളുടെ സ്വഭാവത്തെ വരച്ചുകാട്ടുന്നുണ്ട്. രാവിലെയും വൈകുന്നേരവും വെളിച്ചം കുറഞ്ഞുതുടങ്ങുന്ന സമയത്താണ് ഈ പക്ഷിയെ കേരളത്തിൽ മിക്കവാറും കാണാൻ കിട്ടുന്നത്.
നാണംകുണുങ്ങിയായ ഇവ മറ്റുള്ള സമയങ്ങളിൽ നല്ല അടിക്കാടുള്ള തരത്തിലുള്ള ഇടങ്ങളിൽ ആണ് ഒളിച്ചു നടക്കുന്നത്. മിക്കവാറും ഒറ്റക്കാണ് കാണപ്പെടുന്നത്. കുറിക്കണ്ണൻ കാട്ടുപുള്ളിനെ പോലെ ചാടി ചാടിയാണ് തറയിൽ സഞ്ചാരം. ഇടക്കിടെ കുഞ്ഞൻ വാൽ മേലേക്ക് താഴേക്കും ഇളക്കുന്നത് കാണാം. കൂടുതൽ സമയം തറയിലാണ് ചെലവഴിക്കുന്നതെങ്കിലും നന്നായി പറക്കാൻ കഴിയുന്ന കാവി രാത്രി സമയം അധികം ഉയരം ഇല്ലാത്ത മരക്കൊമ്പിൽ ആണ് വിശ്രമിക്കുന്നത്.
രാത്രി വിശ്രമിക്കുന്ന കാവി
കാണാൻ വർണാഭമായ ശരീരം ആണെങ്കിലും ഇവയുടെ പാട്ട് അത്ര ശ്രവണമധുരമല്ല. രാവിലെയും വൈകുന്നേരവും ആണ് ഇവയുടെ വിളി കേൾക്കാറ്. തല മുകളിലേക്ക് ഉയർത്തി മേലേക്ക് നോക്കി ആണ് ശബ്ദം ഉണ്ടാക്കുന്നത്. കാടുകൾക്കിടയിൽ ഈ നാണക്കാരൻറെ വിളി കേൾക്കാമെങ്കിലും പലപ്പോഴും പക്ഷിയെ കാണില്ല.
കാവിയുടെ ശബ്ദം
പ്രജനനം
മെയ് മാസം മുതൽ ആഗസ്ത് വരെയാണ് കാവി പക്ഷിയുടെ പ്രജനന കാലം. ഇവയുടെ പ്രജനനം നടക്കുന്നത് ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും ആയതിനാൽ കേരളത്തിൽ ഇതിന് സാക്ഷിയാവാൻ സാധ്യതയില്ല. വിഷുക്കാലം കഴിയുന്നതോടെ ഈ പക്ഷികൾ കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മടങ്ങുന്നു. മധ്യ ഇന്ത്യയിൽ ജൂണിലും വടക്കൻ ഇന്ത്യയിൽ ജൂലൈയിലും ആണ് പ്രജനനകാലത്തിൻറെ ഉച്ചിയിൽ എത്തുന്നത്. ജമ്മു കശ്‍മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഇവ പ്രജനനം നടത്തുന്നതായി പറയപ്പെടുന്നു.
ഒരു സമയം ഒരു ഇണയെ മാത്രം സ്വീകരിക്കുന്നവരാണ് കാവി പക്ഷികൾ. ഒരടി വ്യാസത്തിൽ ഗോളാകൃതിയിൽ ഉള്ള കൂടാണ് കാവി ഉണ്ടാക്കുന്നത്രെ. കൂട് തറയിലോ തറനിരപ്പിനടുത്തുള്ള മരക്കൊമ്പിലോ ആണ് കൂട് നിർമിക്കുന്നത്. ചെറിയ ചുള്ളിക്കമ്പുകളും പുല്ലും വേരും ഉണക്ക ഇലകളും കൊണ്ട് നിർമിക്കുന്ന കൂട്ടിന് ഒരു ഭാഗത്തായി വൃത്താകൃതിയിൽ ഒരു ദ്വാരം വഴിയാണ് പക്ഷി അകത്ത് കടക്കുന്നത്. ഈ കൂട്ടിൽ മൂന്ന് മുതൽ ആറ് വരെ മുട്ടകൾ ഇടും. വെളുത്ത നിറത്തിലുള്ള മുട്ടകളിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ കാണും. ഇണപ്പക്ഷികൾ മാറി മാറി അടയിരിക്കും. ഏകദേശം 16-17 ദിവസം കൊണ്ട് മുട്ടകൾ വിരിയും. ഇണപ്പക്ഷികൾ ഒന്നിച്ചാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നത്. ലാർവ പുഴുക്കളാണ് കുഞ്ഞുങ്ങൾക്കുള്ള പ്രധാന ആഹാരം. രണ്ടാഴ്ച കൊണ്ട് പറക്കമുറ്റുമെങ്കിലും ചില ആഴ്ചകൾ കൂടി മാതാപിതാക്കൾക്കൊപ്പം കഴിച്ച ശേഷം കുഞ്ഞുങ്ങൾ സ്വന്തമായി ജീവിക്കാൻ ആരംഭിക്കും.
കാവി പക്ഷികളുടെ ശരാശരി ആയുസ് 4.2 വർഷമാണ്.
ആവാസമേഖല
ഇന്ത്യയാണ് കാവി പക്ഷികളുടെ നാടെന്ന് പറയാം. മഴക്കാലത്ത് വടക്കേ ഇന്ത്യയിലും മദ്ധ്യേന്ത്യയിലും പ്രജനനവും തണുപ്പ് കാലത്ത് തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ദേശാടനവുമായി ഈ പക്ഷി കഴിയുന്നു. വൃക്ഷനിബിഡമായ കാടുകളുടെയും കുറ്റിക്കാടുകളുടെയും അടിത്തട്ടിൽ ആണ് ഇവയെ കാണാറ്. Pitta വിഭാഗത്തിൽ പെട്ട പക്ഷികൾ തണുപ്പ് കാലത്ത് ദേശാടനം ചെയ്യുന്നവയാണെങ്കിലും അത് തണുപ്പിൽ നിന്ന് രക്ഷപെടാൻ അല്ല എന്നും, മറിച്ച് നീളമേറിയ പകൽ ഉള്ള പ്രദേശങ്ങളിൽ കൂടുതൽ സമയം, കൂടുതലായി ലഭ്യമാവുന്ന ഇര തേടാനുള്ള അവസരം ഉപയോഗപ്പെടുത്താൻ ആണെന്നും ആണ് പറയപ്പെടുന്നത്.
ഉഷ്ണമേഖല, മിതോഷ്ണ മേഖല പ്രദേശങ്ങളിലും നിത്യഹരിതമഴക്കാട് പ്രദേശങ്ങളിലും ഈർപ്പമുള്ള പർവ്വത താഴ്‌വര പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും ഇല പൊഴിയും കാട് പ്രദേശങ്ങളിലും ആണ്കാവി പക്ഷിയുടെ ആവാസമേഖല.
1800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വരെ കാവി പക്ഷിയെ കാണപ്പെടാറുണ്ടത്രെ.
ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ ഊഷരമായ പ്രദേശങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെ കേരളം ഉൾപ്പെടെ മിക്കവാറും പ്രദേശങ്ങളിൽ കാവിയെ കാണാം. കൂടാതെ നേപ്പാൾ, പാകിസ്ഥാൻറെ വടക്ക് കിഴക്കേ ഭാഗത്തെ ഹിമാലയൻ താഴ്വാരങ്ങളിലും ശ്രീലങ്കയിലും ഇവയെ കാണുന്നു.
മറ്റ് ഭാഷകളിൽ
Arabic: بيتا هندي
Bengali: দেশি শুমচা
Catalan: pita de l'Índia
Chinese (Traditional): 印度藍翅八色鳥
Chinese: 蓝翅八色鸫
Czech: Pita devítibarvá
Danish: Indisk Pitta
Dutch: Negenkleurige Pitta
English: Bengal Pitta, Green-winged Pitta, Indian Pitta
Estonian: koidupita
Finnish: Bengalinpitta
French: Brève à ailes bleues, Brève du Bengale
German: Bengalenpitta, Neunfarbenpitta
Hungarian: barnasapkás pitta
Hindi: नवरंग
Icelandic: Blápjátra
Indonesian: Paok
Italian: Pitta indiana
Japanese: indoyairochou
Japanese: インドヤイロチョウ
Kannada: ನವರಂಗ
Korean: 팔색조
Lithuanian: Bengalinė pita, Indijos pita
Malay: Pacat India
Nepali: गाजले पिट्टा
Norwegian Nynorsk: Indiapitta
Norwegian: Indiapitta
Persian: پیتای هندی
Polish: kurtaczek bengalski
Portuguese: Pita-da-índia
Punjabi: ਨੌਰੰਗਾ
Russian: Синекрылая питта
Serbian: Indijska pita
Slovak: Pita pestrá
Spanish (Spain): Pita India
Spanish: Pita de Alas Azules, Pita India
Swedish: indisk juveltrast, Indisk pitta, Kinesisk pitta
Tamil: தோட்டக்கள்ளன்
Ukrainian: Піта короткохвоста
No comments:
Post a Comment