Rosy starling | |||
ശാസ്ത്രീയ നാമം | Pastor roseus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Sturnidae | ||
ജനുസ്സ് | Pastor | ||
വർഗ്ഗം | P. roseus |
മഴക്കാലത്തിന് ശേഷം കേരളത്തിൽ ദേശാടനത്തിനെത്തുന്ന ഒരു പക്ഷിയാണ് പന്തിക്കാളി. ഒറ്റ നോട്ടത്തിൽ നാട്ടുമൈനയോട് സാദൃശ്യം തോന്നുന്ന ഇവയ്ക്ക് റോസ് മൈന എന്നും പേരുണ്ട്. മദ്ധ്യേഷ്യയിലും മറ്റും ഈ പക്ഷികൾ വിശാലമായ പുൽമേടുകൾ പോലുള്ള പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
ഇംഗ്ലീഷിൽ Rosy Starlings, Rose-coloured Starling, Rose-coloured Pastor എന്നിങ്ങനെ വിളിക്കുന്ന പന്തിക്കാളി പക്ഷികൾ വലിയ പറ്റമായി സഞ്ചരിക്കുന്ന സ്വഭാവമുള്ളവയാണ്. ഇത്തരം വലിയ പറ്റങ്ങൾ ആകാശത്ത് പറന്നു പോകുന്നത് അത്ഭുതം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. ഋതുക്കൾക്കനുസരിച്ച് ഭക്ഷണലഭ്യത കണക്കാക്കിയാണ് ഇവയുടെ സഞ്ചാരം.
ശരീരഘടന
പന്തിക്കാളി പക്ഷികൾക്ക് ശരാശരി 21 മുതൽ 26 സെ.മീ വരെ നീളം ഉണ്ടാകും. ഈ പക്ഷികൾക്ക് 90 ഗ്രാം വരെ ഭാരം കാണും. ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 40 സെ.മീ. വരെ ഉണ്ടാകും. തല മുഴുവൻ കറുപ്പ് നിറമാണ്. കൊക്കിന് മഞ്ഞയോ റോസ് നിറമോ ആയിരിക്കും. കണ്ണിന് ഇരുണ്ട നിറമായിരിക്കും. പ്രജനന പ്രായത്തിലുള്ള പക്ഷികളുടെ ശിരസ്സിൻറെ പിറകിലെ തൂവലുകൾക്ക് നീളം കൂടുതലാണ്. ആൺ പക്ഷികൾക്ക് ഈ തൂവലിന് പെൺപക്ഷിയുടേതിനേക്കാൾ അല്പം നീളം കൂടുതലായിരിക്കും. ആൺ പെൺ പക്ഷികൾക്ക് ഈ തൂവലുകൾ വിടർത്താൻ പറ്റും. ഉത്തേജിതനാകുമ്പോൾ ശിരസ്സിനു മുകളിൽ ഒരു കിരീടം പോലെ ഈ തൂവലുകൾ ഉയർന്നു നിൽക്കും.
ശിരസ്സിൽ നിന്നും കറുപ്പ് നിറം മുൻ ഭാഗത്ത് കഴുത്ത് വഴി നെഞ്ചിലേക്കും പിറകിൽ കഴുത്തിൻറെ താഴെ വരെയും നീളുന്നു. ഇതിൻറെ അരികുകൾ മുള്ളുകൾ പോലെ നീളം കൂടിയും കുറഞ്ഞും ഇരിക്കും. ചിറകുകളുടെ അരികുകളിൽ നല്ല വീതിയിൽ കറുപ്പ് നിറമാണ്. ഇതിന് നീല കലർന്ന തിളക്കം ഉണ്ടാകും. ബാക്കി ഭാഗത്ത് ശരീരത്തിൻറെ പുറകിൽ വരെ റോസ് നിറം ആയിരിക്കും. കൂടാതെ നെഞ്ചിന്റെ താഴെ മുതൽ വയറിൻറെ ഭാഗം മുഴുവനും ഗുദഭാഗത്തും ഇതേ നിറം ആയിരിക്കും. കാലിൻറെ മുകൾ ഭാഗത്ത് കറുപ്പ് നിറവും താഴെ ഭാഗത്ത് കുറച്ചു കൂടി കടുത്ത റോസ് നിറം ആയിരിക്കും. വാൽ നല്ല കറുപ്പ് നിറമാണ്. ചിറകുകളുടെ ഉൾഭാഗത്ത് ഇരുണ്ട തവിട്ട് നിറമായിരിക്കും.
പെൺപക്ഷികൾക്ക് ആൺപക്ഷികളേക്കാൾ നിറം അല്പം മങ്ങിയതായിരിക്കും. ശിരസ്സിൻറെ പിൻഭാഗത്തെ നീണ്ട തൂവലുകൾ ആൺ പക്ഷിയിൽ നീളം കൂട്ടിയതായിരിക്കും എന്നതും ഒഴിച്ചാൽ പ്രകടമായ വ്യത്യാസം ആൺ പെൺ പക്ഷികൾ തമ്മിലില്ല. പ്രജനനകാലത്തൊഴികെ ഈ പക്ഷികൾക്ക് പൊതുവെ അല്പം മങ്ങിയ നിറം ആയിരിക്കും.
പ്രജനന പ്രായത്തിൽ എത്തിയിട്ടില്ലാത്ത പക്ഷികൾക്ക് കുഞ്ഞുങ്ങൾക്ക് തല ഭാഗം മുതൽ കറുപ്പിന് പകരം മങ്ങിയ തവിട്ട് നിറം ആയിരിക്കും. റോസ് നിറത്തിന് പകരം മങ്ങിയ തവിട്ടുനിറവും ചിറകറ്റങ്ങളിൽ കടും തവിട്ടും ആയിരിക്കും. കാലുകൾ തവിട്ടുനിറത്തിലാണ്. കൊക്കുകളുടെ അറ്റത്ത് കറുപ്പും ബാക്കി ഭാഗം മഞ്ഞ നിറവും ആയിരിക്കും.
സ്വഭാവം
വലിയ പറ്റങ്ങളായി സഞ്ചരിക്കുന്ന സ്വഭാവക്കാരാണ് പന്തിക്കാളി പക്ഷികൾ. ഇത്തരം കൂട്ടങ്ങൾ വലിയ കലപില ശബ്ദത്തോടെ ആകാശത്ത് പറന്ന് കാണിക്കുന്ന അഭ്യാസങ്ങൾ അത്ഭുതാവഹമായ കാഴ്ചയാണ്. (വീഡിയോ ഇവിടെ കാണാം). രാവിലെയും വൈകുന്നേരം ചേക്കേറുന്നതിന് മുൻപും ആണ് ഇത്തരം കാഴ്ചകൾ സാധാരണയായി കാണുന്നത്. ഉത്തരേന്ത്യയിൽ പലപ്പോഴും പന്തിക്കാളി കൂട്ടങ്ങളുടെ വായുവിലെ ഇത്തരം അഭ്യാസങ്ങൾ കാണാൻ പറ്റുമത്രേ. ദേശാടനം നടത്തുന്ന ഈ പക്ഷികൾ ഇത്തരത്തിൽ വലിയ കൂട്ടങ്ങളായി തന്നെയാണ് പറക്കുന്നത്. ഇവയുടെ കൂട്ടങ്ങളിൽ പലപ്പോഴും നാട്ടുമൈനകളെയും മറ്റും കാണാറുണ്ട്.
നാട്ടുമൈന പന്തിക്കാളികൾക്കൊപ്പം
തുടർച്ചയായി വേഗത്തിൽ ചിറകടിച്ച് ചെറുതായി ഗ്ലൈഡ് ചെയ്ത് പറക്കുന്ന രീതിയാണ് പന്തിക്കാളി പക്ഷിക്ക്. പൂവിടുന്ന മരങ്ങളോട് ഇവയ്ക്ക് പ്രിയം കൂടുതലാണ്.
പന്തിക്കാളി പക്ഷികൾ ചേക്കേറുമ്പോഴും കുഞ്ഞുങ്ങൾക്ക് നൽകുമ്പോഴും ചെറുതായി ചിലച്ച് കൊണ്ടിരിക്കും. പറക്കുമ്പോൾ ഹ്രസ്വമായ പരുക്കൻ ശബ്ദമാണ് ഉണ്ടാക്കുക. ഇണയെ ആകർഷിക്കാനുള്ള ശ്രമത്തിൽ ആൺകിളികൾ ചൂളം വിളിയും പരുഷമായ ശബ്ദവും ഉൾപ്പെട്ട നീളത്തിൽ ഉള്ള പാട്ടുകൾ പാടാറുണ്ട്.
പന്തിക്കാളിയുടെ ശബ്ദം
ആഹാരരീതി
കൂട്ടങ്ങളായാണ് പന്തിക്കാളി പക്ഷികൾ ഇര തേടുന്നത്. പലപ്പോഴും ഇത്തരം വലിയ സംഘങ്ങളെ ഒന്നിച്ച് ഒരിടത്ത് വന്നിറങ്ങി ഇര തേടുന്നതായി കാണാം. വൈവിധ്യമാർന്ന ഇനങ്ങളാണ് പന്തിക്കാളിയുടെ ഭക്ഷണക്രമത്തിലുള്ളത്. വെട്ടുകിളികളും പുൽച്ചാടികളും പുഴുക്കളും തുടങ്ങി ഉറുമ്പ് ശലഭം വണ്ട് ചിലന്തി ഒച്ച് വരെ ഇവ അകത്താക്കും. നിലത്ത് നിന്നും ഇരകളെ കൊത്തിത്തിന്നുന്ന രീതിയാണ് ഇവയ്ക്ക്. കൂടാതെ പ്രജനനകാലത്തിന് ശേഷം പഴങ്ങളും ധാന്യങ്ങളും പൂക്കളിൽ നിന്നുള്ള തേനും ഇവ ഭക്ഷണമാക്കുന്നു. ഇവ കന്നുകാലികൾക്ക് പിന്നാലെ പലപ്പോഴും ഇര തേടി നടക്കുന്നതായി കാണപ്പെടാറുണ്ട്.
വെട്ടുകിളികളും പുൽച്ചാടികളും അടക്കം ഇവ ആഹാരമാക്കുന്നത് പ്രധാനമായും പ്രജനനകാലത്താണ്. തണുപ്പ് കാലത്തിന് മുൻപുള്ള സമയം പഴങ്ങളെയാണ് ഇവ ആഹാരത്തിനായി ആശ്രയിക്കുന്നത്. തണുപ്പ് കാലത്തെ ആഹാരം, കീടങ്ങൾ പഴങ്ങൾ ധാന്യങ്ങൾ ഇവയുടെ ഒരു മിശ്രണം ആണ്. അതുകൊണ്ട് ചില അവസരങ്ങളിൽ ഫല ധാന്യ കർഷകർക്ക് കുറച്ചൊക്കെ ശല്യം ആകാറുണ്ടെങ്കിലും വെട്ടുകിളികളെയും മറ്റും ആഹരിക്കുന്നത് കൊണ്ട് ഇവ കർഷകർക്ക് വലിയ സഹായം ആകാറുണ്ട്. ചൈന പോലുള്ള രാജ്യങ്ങളിൽ ഈ പക്ഷികളെ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഇതിനായി കൃത്രിമകൂടുകൾ നിർമിച്ച് പന്തിക്കാളി പക്ഷികളെ ആകർഷിക്കാൻ ശ്രമിക്കാറുണ്ടത്രെ. ഇത് വിജയവും ആണെന്ന് അവകാശപ്പെടുന്നുണ്ട്.
ജൂലൈ ആഗസ്ത് മാസത്തിൽ ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ദേശാടനം ചെയ്യുന്നതോടെ ഇവയുടെ ആഹാര രീതി പ്രകടമായി മാറുന്നു. പ്രജനനകാലമായ മെയ്-ജൂലൈ മാസങ്ങളിൽ കീടങ്ങളെ ആഹാരമാക്കുന്ന പന്തിക്കാളി അതിന് ശേഷം പ്രധാനമായും പഴങ്ങളും കായ്കളും ധാന്യങ്ങളും അല്പമായി കീടങ്ങളേയും ആഹാരമാക്കും. ഉത്തരേന്ത്യയിൽ കൃഷി ചെയ്യുന്ന മണിച്ചോളം (ജോവർ) ആഹാരമാക്കുന്നതുകൊണ്ട് ഇവയ്ക്ക് ജോവാരി എന്നൊരു പേര് അവിടെ ഉണ്ടത്രേ.
പ്രജനനം
ഏഷ്യയിലെ ചില പ്രദേശങ്ങളിലും കിഴക്കൻ യൂറോപ്പിലും ആണ് പന്തിക്കാളിപക്ഷികൾ പ്രജനനം നടത്തുന്നത്. വലിയ കൂട്ടങ്ങളായാണ് ഈ പക്ഷികൾ പ്രജനനം നടത്തുന്നത്. ഒരു വർഷത്തിൽ ഒരു തവണ മാത്രം പ്രജനനം നടത്തുന്ന പക്ഷികളാണ് ഇവ. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾ ആണ് പ്രജനനകാലം. ഇവയുടെ ചുരുങ്ങിയ പ്രജനനകാലം ഭക്ഷണ ലഭ്യതയുടെ ബന്ധപ്പെട്ടിരിക്കുന്നു. പ്രജനന മേഖലകളിൽ വെട്ടുകിളികളുടെയും പുൽച്ചാടികളുടെയും ഉയർന്ന ലഭ്യത ഈ കാലഘട്ടത്തിലെ ഉയർന്ന ഭക്ഷണ ആവശ്യങ്ങളെ നിറവേറ്റുന്നു.
പന്തിക്കാളി പക്ഷികൾ ഒരു സമയം ഒറ്റ ഇണയെ മാത്രം തെരഞ്ഞെടുക്കുന്ന പക്ഷികളാണ്. ഇണപ്പക്ഷികൾ ഒരുമിച്ചാണ് കൂട് നിർമിക്കുന്നത്. കൂടുകൾ മിക്കവാറും പാറക്കെട്ടുകൾക്കിടയിലോ കീഴ്ക്കാംതൂക്കായ പാറകളിൽ ഉള്ള മാളങ്ങളിലോ ഒക്കെയാണ് കാണപ്പെടുന്നത്. കൂടാതെ മരങ്ങളിലെ പൊത്തുകളും കെട്ടിടങ്ങളിലെ ദ്വാരങ്ങളും ഉപേക്ഷിക്കപ്പെട്ട കൂടുകളും ഇവ ഉപയോഗിക്കാറുണ്ടത്രെ. ചുള്ളിക്കമ്പുകളും പുല്ലും മറ്റും ഉപയോഗിച്ചാണ് കൂട് നിർമാണം. കൂടിന്റെ ഉൾവശം നനുത്ത പുല്ലും തൂവലുകളും ചില അവസരങ്ങളിൽ സുഗന്ധവാഹികളായ ചെറുചെടികളും വെച്ച് മൃദുവാക്കുന്നു.
ഒരു തവണ മൂന്ന് മുതൽ ആറ് വരെ മുട്ടകൾ ഇടുന്നു. മുട്ടകൾക്ക് മങ്ങിയ നീല നിറമാണ്. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കും എങ്കിലും പെൺ പക്ഷിയാണ് കൂടുതൽ സമയം അടയിരിക്കുന്നത്. 11 മുതൽ 16 ദിവസം കൊണ്ട് മുട്ടകൾ വിരിയും. കുഞ്ഞുങ്ങളെ തീറ്റിക്കുന്നതും ഇണപ്പക്ഷികൾ ഒരുമിച്ചാണ്. കുഞ്ഞുങ്ങൾ നാല് ആഴ്ച കൊണ്ട് പറക്കമുറ്റും. പറന്ന് തുടങ്ങിയാലും കുറച്ച് നാളുകൾ കുഞ്ഞുങ്ങൾ മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
പന്തിക്കാളി പക്ഷികളുടെ പ്രജനന കോളനികൾ മറ്റ് ഇരപിടിയൻ പക്ഷികളുടെയും സസ്തനികളുടെയും അക്രമത്തിന് ഇരയാവാറുണ്ട്. നാലര വർഷം വരെയാണ് ഇവയുടെ ആയുർദൈർഘ്യം.
ആവാസമേഖല
ശക്തമായ ദേശാടന സ്വഭാവം ഉള്ള ഒരു പക്ഷിയാണ് പന്തിക്കാളി. പ്രജനനകാലത്ത് ഇവ തെക്ക് കിഴക്കൻ യൂറോപ്പ് മുതൽ മധ്യ ഏഷ്യ വരെ നീണ്ട കിടക്കുന്ന വിശാലമായ പുൽമേടുകളിൽ ആണ് കാണപ്പെടുന്നത്. ഈ മേഖലകളിലെ താഴ്‌വരകളിൽ ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ ആണ് ഇവയുടെ കൂട്ടങ്ങളെ കാണുന്നത്. പ്രജനനകാലത്തിന്റെ അവസാന ഘട്ടങ്ങളിൽ ഇവ വനമേഖലകളിലേക്ക് മാറുന്നു. പ്രജനനകാലം കഴിയുന്നതോടെ വിവിധ ദേശാടന മേഖലകളിലേക്ക് ഇവ പറക്കാൻ തുടങ്ങുന്നു. വിവിധ തരത്തിലുള്ള പ്രദേശങ്ങളിൽ ഇവ ചെന്നെത്താറുണ്ട്. ഇതിൽ വൃക്ഷ സമൃദ്ധമായ പ്രദേശങ്ങൾ മുതൽ മരുപ്രദേശങ്ങൾ വരെ ഉണ്ടാകാം. സമുദ്ര നിരപ്പിൽ നിന്നും 1500 മുതൽ 2000 മീറ്റർ വരെ ഉള്ള പ്രദേശങ്ങളിൽ വരെ ഇവയുടെ സാന്നിധ്യം കാണാറുണ്ട്.. ഇന്ത്യയിൽ ചതുപ്പ് പ്രദേശങ്ങൾ മുതൽ മഴക്കാടുകൾ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കാണാം.
ഇന്ത്യയിലേക്ക് വേനൽ കാലത്തിനുശേഷം ആദ്യം എത്തുന്ന ദേശാടകർ ആണ് പന്തിക്കാളി പക്ഷികൾ എന്ന് പറയാം. ആഗസ്ത് - സെപ്തംബർ മാസം മുതൽ പന്തിക്കാളി പക്ഷികൾ ഇന്ത്യയിൽ എത്തിത്തുടങ്ങും. ഏപ്രിൽ മാസത്തോടെ ഇവ പ്രജനന മേഖലകളിലേക്ക് മടങ്ങിത്തുടങ്ങും. പ്രജനനമേഖലകളിൽ കുറവും ദേശാടന മേഖലകളിൽ കൂടുതലും സമയം ചെലവഴിക്കുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് പന്തിക്കാളി.
ഉക്രൈൻ, റഷ്യ, മംഗോളിയ, ചൈന, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, തുർക്കി, ജോർജിയ, അസർബൈജാൻ, അർമീനിയ, ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പന്തിക്കാളി പക്ഷിയെ കാണാം. ഈ രാജ്യങ്ങളെ കൂടാതെ റുമേനിയ, ബൾഗേറിയ മുതൽ ഫ്രാൻസും ഇംഗ്ളണ്ടും അയർലണ്ടും വരെ ഇവയുടെ ദേശാടനം ചെന്നെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത കാലത്തായി പടിഞ്ഞാറൻ യൂറോപ്പിലേക്ക് വരുന്ന ഇവയുടെ എണ്ണം കൂടുന്നതായി പറയപ്പെടുന്നു. കൂടാതെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇവ എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒഴികെ മിക്കവാറും സംസ്ഥാനങ്ങളിൽ ഇവയെ കാണാം.
മറ്റു ഭാഷകളിൽ
Afrikaans: Roosspreeu
Albanian: Cerloi roze, Cerloi rozë
Arabic: السمرمر, السمرمر سمنة
Armenian: Վարդագույն սայրակ, Վարդագույն Սարյակ
Azerbaijani: Ala sığırçını, Boz sığırçın
Basque: Estornell rosat
Belarusian: Ружовы шпак, Шпак ружовы
Bengali: গোলাপি কাঠশালিক
Bulgarian: Розов скорец
Catalan (Balears): Estornell rosat
Catalan: Estornell rosat
Chinese: 粉紅椋鳥, 粉红椋鸟
Cornish: Molgh ruth
Croatian: Ružičasti čvorak, Škvrlj kriješvar
Czech: Špacek ružový, Špaček růžový, špaèek rùžový
Danish: Rosenstær
Dutch: Rose Spreeuw, Roze Spreeuw
English: Rose-colored Starling, Rose-coloured Starling, Rosy Pastor, Rosy Starling
Esperanto: roza sturno
Estonian: Roosa-kuldnokk
Faroese: Brandstari
Finnish: Punakottarainen
French: Étourneau roselin, Martin rose, Martin roselin
Gaelic: Druid Dhearg
Galician: Estornell rosat , Estorniño rosado
Georgian: ვარდისფერი შოშია, ტარბი
German: Rosenstar
Greek: Αγιοπούλι, Ακριδοπούλλι
Hebrew: זרזיר ארבה, זרז-יר ארבה, זרזיר ערבה
Hindi: गुलाबी मैना
Hungarian: Pásztormadár
Icelandic: Rósastari
Irish: Druid Rósach
Italian: Storno roseo
Japanese (Kanji): 薔薇色椋鳥
Japanese: バライロムクドリ
Kazakh: Алаторғай, Бөр қараторғай
Khakas: Ах-хызыл парчых
Korean: 분홍찌르레기
Latvian: Sārtais strazds
Lithuanian: Rožinis varnenas, Rožinis varnėnas
Macedonian: розев сколовранец, Розов сколовранец
Malay: Burung Perling Hitam-Ros
Maltese: Sturnell Roza, Sturnell Roża
Manx: Trutlag rangagh
Marathi: पळस मैना
Moldavian: Lăcustar
Mongolian: Ягаан жимсэн, Ягаан жимсэн тодол, Ягаан тодол
Montenegrin: ružičasti čvorak
Norwegian Nynorsk: Rosenstare
Norwegian: Rosenstær, Steppestær
Persian: سار صورتی
Pinyin: fěn-hóng liáng-niǎo
Polish: pasterz, pasterz (pasterz różowy), Pasterz różowy
Portuguese: Estorinho-rosado, estorninho-rosado
Romanian: Lăcustar
Romansh: Sturnel cotschnì, sturnel rosa
Russian: Rozovy Skvorets, Розовый скворец, Скворец розовый
Scots: Druid dhearg
Serbian: ružicasti cvorak, ružičasti čvorak, Ружичасти чворак
Slovak: Ékorec pastier, Ékorec ružový, pastier ružový, škorec ružový
Slovenian: rožasti škorec, rožnati škorec
Spanish: Estornino pinto, Estornino Rosado
Swedish: Rosenstare
Tamil: சூறைக்குருவி
Thai: นกกิ้งโครงสีกุหลาบ
Turkish: Ala sığırcık, Ala Sışırcık, Alasığırcık, alasyğyrcyk, Pembe sığırcık, Su Sığırcığı, Алаторғай
Turkmen: Çal sar
Tuvinian: Яагаан кара-баарзык
Ukrainian: Рожевий шпак, Шпак рожевий
Vietnamese: Chim Sáo hồng, Sáo hồng
Welsh: Drudwen wridog, Drwdwy gochliw
No comments:
Post a Comment