എന്‍റെ നാട്ടിലെ പക്ഷികള്‍: പൂന്തത്ത

Monday, June 28, 2021

പൂന്തത്ത


Plum headed parakeet

ശാസ്ത്രീയ നാമം

Psittacula cyanocephala


ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Psittaciformes
കുടുംബം Psittaculidae
ജനുസ്സ് Psittacula
വർഗ്ഗം P. cyanocephala


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കണ്ടുവരുന്ന ആകർഷകമായ നിറങ്ങളോട് കൂടിയ ഒരു തത്ത ഇനമാണ് പൂന്തത്ത. മോതിരതത്തകൾ ഉൾപ്പെടുന്ന Psittacula ജനുസ്സിൽ ആണ് ഇവയും പെടുന്നത്. ഈ ജനുസ്സിൽ പെടുന്ന ആൺ തത്തകൾക്ക് കഴുത്തിന് ചുറ്റുമായി ഒരു വളയമോ താടിയിൽ നിന്ന് കഴുത്തിലേക്ക് നീളുന്ന ഒരു അടയാളമോ കാണാറുണ്ട്. 

പൂന്തത്ത

ഇംഗ്ലീഷിൽ Plum-headed parakeet എന്ന് വിളിക്കപ്പെടുന്ന ഈ പക്ഷികൾ ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന മൂന്നിനം തത്തകളിൽ ഒന്നാണ്. മോതിരതത്തയും വൻതത്തയും ആണ് മറ്റ് രണ്ടിനങ്ങൾ. പല വിദേശരാജ്യങ്ങളിൽ പോലും ഈ പക്ഷിയെ കൂടുകളിൽ ഇണക്കി വളർത്താറുണ്ട്. മുൻപ് ഇവ blossom-headed parakeet (Psittacula roseata) എന്ന വർഗ്ഗത്തിൻറെ വ്യതിയാനം ആണെന്ന് തെറ്റിദ്ധരിച്ചിരുന്നെങ്കിലും ഇന്ന് പൂന്തത്തകളെ ഒരു വ്യത്യസ്ത വർഗം ആയാണ് കണക്കാക്കുന്നത്.

ശരീരഘടന


പൂന്തത്തകൾ ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായമായ വ്യത്യാസം ഉള്ളവയാണ് (Sexual dimorphism). തിളങ്ങുന്ന പച്ചയും കടുംചുകപ്പും അടക്കം മനോഹരമായ നിറങ്ങൾ കൊണ്ട് പെട്ടെന്ന് തന്നെ ആരെയും ആകർഷിക്കുന്ന പക്ഷികളാണ് ആൺ പൂന്തത്തകൾ. പെൺപക്ഷികളുടെ നിറം അത്ര തന്നെ ആകർഷകമല്ല എങ്കിലും അവയും ശ്രദ്ധയാകർഷിക്കും. 

സാധാരണയായി മോതിരത്തത്തകളേക്കാൾ വലുപ്പം കുറവാണ് പൂന്തത്തകൾക്ക്. പ്രായപൂർത്തിയായ പക്ഷിക്ക് ശരാശരി 33 സെ.മീ. മുതൽ 35 സെ.മീ. വരെ നീളവും 70 മുതൽ 80 ഗ്രാം വരെ ഭാരവും കാണും. ഇതിൽ വാലിന് മാത്രം 22 സെ.മീ. വരെ നീളം ഉണ്ടാകും.

ആൺ പക്ഷികളുടെ തലക്ക് നല്ല ചുവന്ന നിറമാണ്. തലയുടെ പിറകെ ഭാഗത്ത് ഈ ചുവപ്പിലേക്ക് നീല കലർന്ന ഊതവർണം പടർന്നു കാണാം. ഇരുണ്ട കണ്ണിന് ചുറ്റും വെളുത്ത ഒരു വലയം ഉണ്ടാകും. മേൽകൊക്കിന് ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ്. കീഴ്കൊക്ക് ഇരുണ്ട നിറത്തിലായിരിക്കും. 

പൂന്തത്ത

ആൺ പക്ഷിയുടെ കഴുത്തിന് ചുറ്റും കറുപ്പ് നിറത്തിലുള്ള വളയം കാണാം. ഇവയുടെ കീഴ്കൊക്ക് മുതൽ കഴുത്തിലെ വളയം വരെ കറുപ്പ് നിറത്തിലുള്ള ഒരു ഭാഗം താടി പോലെ കാണാം. ചുമലുകളിലായി ഒരു ചുവപ്പ് നിറത്തിലുള്ള അടയാളം ഉണ്ടാകും. കഴുത്തിലെ വളയത്തിന് താഴെയായി അല്പം നീല കലർന്ന പച്ച നിറം ആണെങ്കിലും ബാക്കി  ശരീരത്തിൻറെ പുറം ഭാഗവും അടിഭാഗവും മഞ്ഞ കലർന്ന പച്ച ആയിരിക്കും. ചിറകുകൾ നീല കലർന്ന പച്ചയാണ്. ചിറകുകളുടെ അരികുകൾ തവിട്ട് നിറത്തിൽ കാണപ്പെടുന്നു. വാൽ നീലയോ നീലപച്ച നിറമോ ആകും. വാലിൻറെ കീഴ് അറ്റത്ത് വെള്ള നിറവും കാണാം.

പെൺപക്ഷി ആൺ പക്ഷികളുടെ അത്ര വർണഭംഗി തോന്നുന്നവയല്ല. ഇവയുടെ തലയിൽ നീല കലർന്ന ചാരവർണമാണ്. കഴുത്തിന് ചുറ്റും വളയം കാണുകയില്ല. പകരം ഒരു മഞ്ഞ പട്ട പോലെ കാണാം. മേൽ കൊക്ക് മഞ്ഞ നിറത്തിൽ ആയിരിക്കും. കീഴ് കൊക്ക് ചാരനിരത്തിലും.

പൂന്തത്ത

ചിറകുകൾ നല്ല പച്ച നിറമായിരിക്കും. ആൺ പക്ഷിക്ക് കാണുന്ന ചുവന്ന അടയാളം പെൺപക്ഷിയുടെ ചുമലുകളിൽ കാണില്ല. വാൽ നീല നിറത്തിലും വാലറ്റം വെള്ള നിറത്തിലും ആയിരിക്കും. കഴുത്ത് മുതൽ താഴേക്ക് ശരീരത്തിന് മഞ്ഞ കലർന്ന പച്ച നിറം ആണെങ്കിലും താഴേക്ക് വരും തോറും മഞ്ഞ നിറം കുറഞ്ഞ് നല്ല പച്ച നിറമായി മാറും.

പ്രായപൂർത്തി എത്താത്ത പൂന്തത്തകളുടെ രൂപം പെൺ പക്ഷിയുടേതിന് സമാനം ആയിരിക്കും. പക്ഷെ തലക്ക് ചാരനിറം കലർന്ന പച്ച നിറം ആയിരിക്കും. കണ്ണുകൾ ചാരനിറം ആയിരിക്കും. വാലിന് നീളം കുറവായിരിക്കും. തലയുടെ നിറം മാറ്റം സംഭവിക്കുന്നത് ഒരു വയസ് പ്രായം ആകുന്നതോടെയാണ്. ആൺപക്ഷികളുടെ തലയിലെ ചാരനിറത്തിലുള്ള തൂവലുകൾ മാറി ചുവന്ന തൂവലുകൾ വന്ന് പൂർണമായ രൂപം നേടുന്നത് 30 മാസം വരെ എടുത്തതാണ്.
.
പൂന്തത്ത
പ്രായപൂർത്തിയാവാത്ത ആൺ പൂന്തത്ത.


പൂന്തത്ത
പ്രായപൂർത്തിയാവാത്ത പെൺ പൂന്തത്ത.

പ്രായപൂർത്തിയാവാത്ത പെൺപക്ഷികൾ മുതിർന്ന പക്ഷികളുടെ രൂപം നേടുന്നത് 15 മാസം കൊണ്ടാണ്. 

വടക്കേ ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന Blossom-headed Parakeet എന്ന തത്തയുമായി ഇവയ്ക്ക് നല്ല സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വേറെ വേറെ വർഗ്ഗത്തിൽ ആണ് പെടുന്നത്.

സ്വഭാവം


ഊർജസ്വലരായ പക്ഷികളാണ് പൂന്തത്തകൾ. കൂട്ടങ്ങളായി സഞ്ചരിക്കാൻ ഇഷ്ടപെടുന്ന ഈ പക്ഷികൾ മിക്കവാറും ഉറക്കെ ചിലച്ചുകൊണ്ടായിരിക്കും സഞ്ചരിക്കുന്നത്. അതിവേഗം പറക്കുന്ന ഇവ ഇടക്കിടെ വളഞ്ഞും തിരിഞ്ഞും ആകും പറക്കുന്നത്. കൂട്ടമായി മുളങ്കൂട്ടങ്ങളിലോ മരക്കൊമ്പുകളിലോ വിശ്രമിച്ച് കലപില കൂട്ടുന്ന സ്വഭാവം പൂന്തത്തയ്ക്കുണ്ട്. പ്രജനനകാലത്തൊഴികെ മറ്റ് പക്ഷികളുടെ സാമീപ്യം ഇവയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാറില്ല.

പൂന്തത്തയുടെ ശബ്ദം 

ഇവയിൽ വളർത്തുപക്ഷികൾ ചില ശബ്ദങ്ങൾ, മനുഷ്യരുടെ സംസാരം തുടങ്ങിയവ  അനുകരിക്കുന്നതിനുള്ള കഴിവ് നേടാറുണ്ട്. ഇങ്ങനെ വളർത്തുന്ന പക്ഷികൾ ഉടമസ്ഥരുടെ വളരെ ബന്ധം ഉണ്ടാക്കുമത്രേ. അതുകൊണ്ട് തന്നെ ഇവ വളരെ കൂടുതലായി അരുമപ്പക്ഷികളിയായി വളർത്തപ്പെടുന്നു.

പ്രജനനം


ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇന്ത്യയിൽ ഇവയുടെ പ്രജനന കാലം. ഒരു വർഷം ഒരു തവണ മാത്രമേ പ്രജനനം നടത്താറുള്ളൂ. ആൺ പക്ഷി ഇണയെ ആകർഷിക്കാനായി വിവിധ ശബ്ദങ്ങൾ ഉണ്ടാക്കി ചിറകുവിരിച്ചും വാൽ ഉയർത്തി വീശിയും മറ്റും ശ്രമങ്ങൾ നടത്തും. കൊക്ക് തമ്മിൽ ഉരുമ്മിയും പെൺ കിളിക്ക് ഭക്ഷണം നൽകിയും പെണ്ണിനെ ആൺകിളി ആകർഷിക്കും.

പൂന്തത്ത

മരപ്പൊത്തിലോ അത് പോലെ സൗകര്യം ഉള്ള സ്ഥലങ്ങളിലോ ആണ് കൂട് നിർമിക്കുന്നത്. ഇണക്കിളികൾ ഒന്നിച്ചാണ് കൂട് നിർമാണം നടത്തുക. മരത്തടിയിൽ കൊക്ക് കൊണ്ട് തുറന്നാണ് കൂട്ടിനുള്ള പൊത്ത്‌ നിർമിക്കുന്നത്. ഒരേ മരത്തിൽ തന്നെ ഒന്നിലധികം കൂടുകൾ ഉണ്ടാവാം. കൂടിൻറെ ഉൾഭാഗം ഭംഗിയായി ഒരുക്കുന്ന രീതി ഈ പക്ഷികൾക്കില്ല. കൂട് നിർമാണ സമയത്ത് ചിതറുന്ന ചെറിയ മരച്ചീളുകൾക്ക് മുകളിലാണ് മുട്ടയിടുന്നത്.

നാല് മുതൽ ആറ് വരെ മുട്ടകൾ ഒരു തവണ ഇടുന്ന പെൺപക്ഷി രണ്ടാമത്തെ മുട്ട ഇടുന്ന ദിവസം മുതൽ അടയിരിക്കാൻ തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയിടും. മുട്ട വെളുത്ത നിറത്തിലാണ്. പെൺ പക്ഷി മാത്രമേ അടയിരിക്കാറുള്ളൂ. പെൺ പക്ഷി അടയിരിക്കാൻ തുടങ്ങിയാൽ മുട്ട വിരിയുന്നത് വരെ ആൺ പക്ഷി കൂട്ടിനുള്ളിൽ പ്രവേശിക്കില്ല. മുട്ട വിരിയുന്നതിന് മുൻപായി കുഞ്ഞ് മുട്ടയുടെ തോടിൽ ഒരു ചെറിയ ദ്വാരം കൊക്ക് കൊണ്ട് കൊത്തിയുണ്ടാകും. 'pip hole' എന്ന വിളിക്കപ്പെടുന്ന ഈ ദ്വാരത്തിലൂടെ കുഞ്ഞിന് ശ്വാസം എടുക്കാൻ പറ്റും. 24 വരെ ദിവസങ്ങൾ കൊണ്ട് മുട്ട വിരിയാൻ തുടങ്ങും.

ആൺ പക്ഷി കൂട്ടി കയറി എന്നാൽ അത് മുട്ട വിരിഞ്ഞു എന്നതിന് ഒരു സൂചന ആയി കാണാം. ആദ്യ ദിവസങ്ങളിൽ ആൺ പക്ഷി പെൺ പക്ഷി ഭക്ഷണം എത്തിച്ചു നൽകും. പെൺ പക്ഷിയാണ് അത് കുഞ്ഞുങ്ങൾക്ക് നൽകുക. എന്നാൽ രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ ആൺ പക്ഷി കുഞ്ഞുങ്ങൾക്ക് നേരിട്ട് ഭക്ഷണം നൽകാൻ തുടങ്ങും. ഇണക്കിളികൾ ഒരുമിച്ചാണ് കുഞ്ഞുങ്ങളെ തീറ്റുന്നത്.

കുഞ്ഞുങ്ങൾ ആറ് ആഴ്ച വരെ കൂട്ടിൽ തന്നെ കഴിയും. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിലായി കുഞ്ഞുങ്ങൾ ഓരോന്നായി കൂട്ടിൽ നിന്ന് പുറത്തേക്ക് പോകും. പുറത്തിറങ്ങിയാലും മൂന്ന് മുതൽ നാലാഴ്ച വരെ മാതാപിതാക്കൾ തന്നെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകും. സ്വയം ഭക്ഷണം തേടി  ജീവിക്കാറായാലും കുഞ്ഞുങ്ങളെ മാതാപിതാക്കൾ ദൂരേക്ക് അകറ്റിവിടാറില്ല. 

ആൺ പെൺ കുഞ്ഞുങ്ങൾ തമ്മിൽ കാഴ്ചയിൽ വ്യത്യാസം ഉണ്ടാകില്ല. 30 മാസം കൊണ്ടാണ് ആൺ കിളി അതിൻറെ പ്രായപൂർത്തിയിലുള്ള രൂപം നേടുന്നത്. 3 വർഷം കൊണ്ട് കിളികൾ പ്രായപൂർത്തി നേടും.

15 മുതൽ 20 വർഷം വരെയാണ് സാധാരണ പൂന്തത്തയുടെ ആയുസ് എങ്കിലും ഇണക്കി വളർത്തുന്ന കിളികൾ 30 വർഷം വരെ ജീവിച്ചതായി പറയപ്പെടുന്നുണ്ട്.

ആഹാരരീതി


സസ്യാഹാരിയായ പൂന്തത്തകൾ പഴങ്ങളും ധാന്യങ്ങളും ആഹാരമാക്കുന്നു. ഇലവ്, മുരിക്ക് തുടങ്ങിയ വൃക്ഷങ്ങളുടെയും മറ്റും പൂക്കളുടെയും പഴങ്ങളുടെയും ലഭ്യതക്കനുസരിച്ച് ഈ പക്ഷികൾ തങ്ങളുടെ ആവാസമേഖല ചെറിയ ദൂരത്തിൽ മാറാറുണ്ട്. 

പൂന്തത്ത

കട്ടിയുള്ള വിത്തുകൾ ഇവ കൊക്ക് കൊണ്ട് കടിച്ചുപൊട്ടിക്കാൻ ഇവയ്ക്ക് പറ്റും. പാടങ്ങളിലും കൃഷിഭൂമിയിലും ഇവ ആഹാരം തേടി എത്താറുണ്ട്.

ആവാസമേഖല


കാടുകളിലും തുറസായ കാട്ടുപ്രദേശങ്ങളിലും ആണ് പൂന്തത്തകൾ വിഹരിക്കുന്നത്. ഇന്ത്യയിൽ കൃഷിയിടങ്ങൾക്കരികിലും ഇവയെ വ്യാപകമായി കാണാം. സാധാരണയായി സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ആണ് ഇവ ഇഷ്ടപ്പെടുന്നതെങ്കിലും 1500 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇവ അധിവസിക്കുന്നുണ്ട്. ഭക്ഷണ ലഭ്യതക്കനുസരിച്ച് പ്രാദേശികമായി ആവാസം മാറാറുണ്ടെങ്കിലും വലിയ തോതിലുള്ള ദേശാടനം പൂന്തത്തകൾ നടത്താറില്ല.

ഉത്തരേന്ത്യയിൽ ഹിമാലയത്തിൻറെ താഴ്വാരങ്ങൾ മുതൽ തെക്ക് കന്യാകുമാരി വരെ ഈ പക്ഷികളെ കാണാം. എന്നാൽ രാജസ്ഥാനിലെ പടിഞ്ഞാറൻ ഭാഗങ്ങളിലെ മരുഭൂമേഖലകളിലും കിഴക്ക് ബംഗാളിൻറെ കിഴക്ക് ഭാഗങ്ങൾ മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇവ സാധാരണ കാണാറില്ല. കൂടാതെ പാകിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ഈ പക്ഷികൾ കണ്ടുവരുന്നു.


കൂടാതെ ലോകത്ത് പല രാജ്യങ്ങളിലും പൂന്തത്തകൾ വളർത്തുപക്ഷിയായി സൂക്ഷിക്കപ്പെടുന്നുണ്ട്. intermediate parakeet (Psittacula intermedia) എന്നറിയപ്പെടുന്ന ഒരിനം തത്തകൾ പൂന്തത്തകളുടെയും slaty-headed parakeet എന്ന ഇനം തത്തകളുടെയും സങ്കര ഇനമായി കണക്കാക്കപ്പെടുന്നു.

പൂന്തത്തകളെ ഒരു വംശനാശ ഭീഷണി നേരിടുന്ന ഇനമായി കണക്കാക്കുന്നില്ലെങ്കിലും ഇവയുടെ എണ്ണം വൻ കുറയുന്നതായാണ് പറയപ്പെടുന്നത്. ആവാസവ്യവസ്ഥാനാശം ആണ് ഇതിന് പ്രധാന കാരണം. 1972 ലെ വന്യജീവി സംരക്ഷണനിയമപ്രകാരം തത്തകൾ ഷെഡ്യൂൾ 4 ൽ പെടുന്നു. ഇവയെ പിടിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്.

മറ്റ് ഭാഷകളിൽ 


Bengali: লালমাথা টিয়া
Catalan: Cotorra cap de pruna
Chinese: 梅头鹦鹉
Chinese-traditional: 花頭鸚鵡
Croatian: šljivastoglava aleksandra
Czech: Alexandr rudohlavý
Danish: Blommehovedet Ædelparakit
Dutch: Pruimekopparkiet
Estonian: karmiinpea-kaeluspapagoi
Finnish: Luumupääkaija
French: Perruche à tête de prune
German: Pflaumenkopfsittich
Hungarian: szilvafejű papagáj
Icelandic: Plómupáfi
Irish: pearaicít bhláthcheannach
Italian: Parrocchetto testa di prugna
Japanese: コセイインコ
Lithuanian: Violetinė žieduotoji papūga
Nepali: टुइ“सी सुगा
Norwegian Nynorsk: Plommehovudparakitt
Norwegian: Plommehodeparakitt
Polish: aleksandretta śliwogłowa
Portuguese: Periquito-cabeça-de-ameixa
Russian Красноголовый кольчатый попугай
Serbian: Šljivoglavi papagaj
Slovak: Ladniak pestrý
Spanish (Spain): Cotorra Cabeciazul
Swedish: Plommonhuvad parakit
Tamil: Senthalai Kili
Ukrainian: Папуга фіолетовоголовий





1 comment:

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...