Siberian stonechat | |||
ശാസ്ത്രീയ നാമം | Saxicola maurus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Muscicapidae | ||
ജനുസ്സ് | Saxicola | ||
വർഗ്ഗം | S. maurus |
തണുപ്പ് കാലത്ത് വടക്കുനിന്ന് കേരളത്തിലേക്ക് വിരുന്നെത്തുന്ന ഒരു ചെറു പക്ഷിയാണ് ചരൽക്കുരുവി. സൈബീരിയൻ ചരൽക്കുരുവികൾ എന്നും അറിയപ്പെടുന്ന ഈ പക്ഷിയുടെ പേര് ഇംഗ്ലീഷിൽ Siberian stonechat എന്നാണ്. കൂടാതെ ഇവ Asian stonechat എന്നും അറിയപ്പെടാറുണ്ട്.
ചരൽക്കുരുവികൾ പുള്ള് വിഭാഗത്തിൽ (Turdidae) പെട്ടവ ആണെന്ന് ആദ്യകാലത്ത് തെറ്റിദ്ധരിച്ചിരുന്നു എങ്കിലും ഇപ്പോൾ ഇവയെ പാറ്റപിടിയൻ (Muscicapidae) പക്ഷികളിൽ പെടുന്നവ ആയാണ് കണക്കാക്കുന്നത്. മുൻപ് Common Stonechat എന്ന വർഗ്ഗത്തിൻറെ ഉപവർഗം ആയി പരിഗണിച്ചിരുന്ന ഈ പക്ഷികൾ ഇപ്പോൾ Saxicola maurus എന്ന ശാസ്ത്രീയ നാമത്തിൽ പ്രത്യേക വർഗമായാണ് പരിഗണിക്കപ്പെടുന്നത്.
ശരീരഘടന
ശരാശരി 12.5 സെ.മീ വരെ നീളവും 17 ഗ്രാം വരെ ഭാരവും ഉണ്ടാകുന്ന ചരൽക്കുരുവി പക്ഷികളുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 18 മുതൽ 21 സെ.മീ. വരെ കാണും.
ആൺ പെൺ ചരൽക്കുരുവികൾ തമ്മിൽ പ്രകടമായ നിറവ്യത്യാസങ്ങൾ ഉണ്ട്. ആൺപക്ഷികൾക്ക് പ്രജനനകാലത്തും ശേഷവും ശരീരത്തിലെ നിറവ്യത്യാസം പ്രകടമായി കാണാം.
പ്രജനനകാലത്ത് ആൺ പക്ഷിയുടെ തലക്ക് നല്ല കറുപ്പ് നിറമായിരിക്കും. ചെറുതായി ഇളം തവിട്ട് നിറത്തിലുള്ള വരകൾ കണ്ടേക്കാം. കണ്ണിനും കൊക്കിനും ഇരുണ്ട നിറമാണ്. കഴുത്തിൻറെ പിറകിലും രണ്ട് വശങ്ങളിലുമായി ഒരു വെള്ള കോളർ കാണാം. ശരീരത്തിൻറെ പിൻഭാഗം മിക്കവാറും ഇരുണ്ട നിറമാണ്. ചിറകുകൾ ഇരുണ്ട നിരത്തിലാണെങ്കിലും വെള്ള അടയാളങ്ങൾ കാണാം. വാലിൻറെ തൊട്ട് മുകൾഭാഗം (പൃഷ്‌ഠഭാഗം) വെള്ള നിറത്തിലായിരിക്കും. വാൽ ഇരുണ്ട നിറത്തിലാണ്. നെഞ്ച് മുതൽ താഴേക്ക് ഓറഞ്ച് നിറം ആണ്. വയറിൻറെ മുകൾ ഭാഗം മുതൽ ഓറഞ്ച് നിറം മങ്ങി വരുന്നു. ഗുദഭാഗത്ത് എത്തുമ്പോഴേക്ക് ഇത് മങ്ങിയ വെള്ള നിറമാകും. കാലിന് കറുത്ത നിറം ആണ്.
എന്നാൽ തണുപ്പ് കാലത്ത് ആൺപക്ഷിയുടെ നിറം പെൺ പക്ഷിയുടേതിന് അല്പം സാമ്യം വരുന്ന വിധം ആയിരിക്കും.
തലയിലെ കറുപ്പ് നിറം മങ്ങി ഇളം തവിട്ട് നിറത്തിലുള്ള വരകൾ കൂടുതൽ പ്രകടമായി വരും. ചിറകുകളിലും കറുപ്പ് നിറം മങ്ങി ഇളം തവിട്ട് വരകൾ പ്രകടമായി കാണും. കേരളത്തിൽ ഈ പക്ഷിയെ കാണുന്ന സമയങ്ങളിൽ പക്ഷി ഈ രൂപത്തിൽ ആയിരിക്കും.
ചരൽക്കുരുവി പെൺ പക്ഷിക്ക് ശരീരമാകെ പ്രധാനമായും മങ്ങിയ തവിട്ട് നിറമാണ്. കൊക്കും കണ്ണും ഇരുണ്ട നിറമാണ്. കണ്ണിന് ചുറ്റും മങ്ങിയ വലയം കാണാം. കൊക്കിന് താഴെ കഴുത്തിന് മങ്ങിയ വെളുപ്പ് നിറമാണ്. നെഞ്ച് മുതൽ താഴേക്ക് ഇളം തവിട്ട് നിറം ആയിരിക്കും. തലയിൽ ഇളം തവിട്ട് നിറത്തിൽ ഇടക്കിടെ കറുപ്പ് പാടുകൾ കാണാം.
ചിറകുകളിൽ ഈ കറുപ്പ് പാടുകൾ കൂടുതൽ പ്രകടമായിരിക്കും. ചിറകുകളുടെ കീഴറ്റത്ത് കറുപ്പ് അരികുകൾ കാണാം. വാലിന് കറുപ്പ് നിറമാണ്. പക്ഷെ വാലിൻറെ അരികുകൾ ഇളം തവിട്ട് നിറമായിരിക്കും. കാലുകൾക്ക് കറുപ്പ് നിറം ആണ്.
പ്രായപൂർത്തിയിൽ എത്തിയിട്ടില്ലാത്ത ചരൽക്കുരുവി പക്ഷികൾ കാഴ്ചയിൽ പെൺപക്ഷികളെ പോലെയിരിക്കും.
സ്വഭാവം
ചരൽക്കുരുവികൾ കൂടുതലായും ഇണയോടൊപ്പം മരക്കൊമ്പുകളിൽ വിശ്രമിക്കുന്നതായി കാണും. ഇവയ്ക്ക് ഇടക്കിടെ ചിറകും വാലും ഇളക്കുന്ന ശീലമുണ്ട്.
ആൺ പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ വെള്ളാരം കല്ലുകൾ തമ്മിൽ മുട്ടുമ്പോൾ ഉള്ള ശബ്ദം പോലെ തോന്നും.
പ്രജനനം
ചരൽക്കുരുവികൾ കേരളത്തിൽ പ്രജനനം നടത്താറില്ല. ഹിമാലയം മുതൽ വടക്കോട്ട് പാകിസ്ഥാൻറെ ചില ഭാഗങ്ങളിലും മധ്യേഷ്യ, കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയിലുള്ള പ്രദേശങ്ങൾ, തെക്കൻ, മധ്യ ചൈനയിലെ പ്രദേശങ്ങൾ, മംഗോളിയ, റഷ്യയിൽ സൈബീരിയ വരെയുള്ള പ്രദേശങ്ങളിൽ ഒക്കെയാണ് ഇവ വംശവർദ്ധനവ് നടത്തുന്നതായി പറയപ്പെടുന്നത്.
ഹിമാലയൻ പ്രദേശങ്ങളിൽ ഏപ്രിൽ മുതൽ ആഗസ്ത് വരെയാണ് പ്രജനനകാലം. എന്നാൽ സൈബീരിയൻ മേഖലയിൽ മെയ് മാസത്തിൻറെ പകുതി മുതലാണ് പ്രജനനകാലം ആരംഭിക്കുന്നത്.
പ്രജനനകാലം ആകുന്നതോടെ ആൺ പക്ഷികളുടെ നിറത്തിൽ പ്രകടമായ മാറ്റം വരും. തവിട്ട് നിറം കുറഞ്ഞ് കറുപ്പ് നിറത്തിലുള്ള പ്രജനനകാല രൂപത്തിലേക്ക് ഇവ മാറും.
ഒരു തവണ 18 മി.മീ വരെ വലുപ്പമുള്ള നാല് മുതൽ ആറ് വരെ മുട്ടകൾ ഇട്ടും. മുട്ടകൾക്ക് പച്ച കലർന്ന നീല നിറം ആയിരിക്കും. മുട്ടകളിൽ ചുവപ്പ് തവിട്ട് നിറത്തിലുള്ള കുത്തുകൾ കാണാം. പെൺ പക്ഷിയാണ് അടയിരിക്കുന്നത്. 15 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയും. രണ്ടാഴ്ച വരെ കൂടുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ പറക്കമുറ്റി പുറത്തിറങ്ങും. മുട്ട വിരിഞ്ഞു മൂന്നാഴ്ചയാകുന്നതോടെ കുഞ്ഞുങ്ങൾ സ്വയം ഇര തേടാൻ പ്രാപ്തരാകുമെങ്കിലും ഒരു മാസം വരെ മാതാപിതാക്കൾ ഭക്ഷണം നൽകും. ഒന്നര മാസം കഴിയുന്നതോടെ കുഞ്ഞുങ്ങൾ സ്വതന്ത്രരായി പറന്നകലും. ശരാശരി 4 വർഷമാണ് ഇവയുടെ ആയുർദൈർഘ്യം.
ആഹാരരീതി
ആവാസമേഖല
വർഷത്തിൽ പല സമയങ്ങളിലായി വടക്ക് ഫിൻലാൻഡ്,റഷ്യ മുതൽ തെക്ക് ഭാഗത്തേക്ക് മംഗോളിയ, മധ്യേഷ്യൻ രാജ്യങ്ങൾ, അഫ്ഘാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാൻമർ, തായ്‌ലൻഡ് വരെയും പടിഞ്ഞാറ് കൊക്കേഷ്യൻ രാജ്യങ്ങൾ, തുർക്കി, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ, വടക്ക് കിഴക്കൻ ആഫ്രിക്കൻ വൻകരയുടെ ഓരത്ത് വരെ വിവിധ ഉപവിഭാഗങ്ങളിലായി സൈബീരിയൻ ചരൽക്കുരുവികൾ കാണപ്പെടുന്നു. ദേശാടനകാലത്ത് ഇവ ജപ്പാനിലും കൊറിയയിലും പടിഞ്ഞാറൻ യൂറോപ്പിലും എത്തിയതായും പറയപ്പെടുന്നുണ്ട്.
ചരൽക്കുരുവികൾ കേരളത്തിൽ കാണപ്പെടുന്നത് തണുപ്പ് കാലത്താണ്.
ഈ പക്ഷികൾ ആറ് ഉപവിഭാഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.S. m. hemprichii എന്ന ഉപവിഭാഗം വോൾഗ നദിയുടെയും ഉറാൽ നദിയുടെയും പ്രദേശങ്ങളിലെ പുൽമേടുകൾ മുതൽ കിഴക്കൻ കൊക്കേഷ്യൻ പ്രദേശങ്ങൾ വരെ കാണപ്പെടുന്നു. കിഴക്കൻ കൊക്കേഷ്യൻ പ്രദേശങ്ങൾ മുതൽ വടക്ക് പടിഞ്ഞാറൻ ഇറാൻ വരെ കാണുന്നത് S. m. variegatus എന്ന ഉപവിഭാഗം ആണ്. S. m. armenicus എന്ന ഉപവിഭാഗം തെക്ക് കിഴക്കൻ തുർക്കി മുതൽ തെക്ക് പടിഞ്ഞാറൻ ഇറാൻ വരെ കാണപ്പെടുന്നു. S. m. maurus എന്ന ഉപവിഭാഗമാണ് കിഴക്കൻ ഫിൻലാൻഡ് മുതൽ റഷ്യയുടെ യൂറോപ്യൻ പ്രദേശങ്ങൾ മംഗോളിയ, മധ്യേഷ്യ, വടക്കേ ഇന്ത്യ വരെ കാണപ്പെടുന്നത്. വടക്ക് പടിഞ്ഞാറൻ ഹിമാലയമേഖലകളിലും മധ്യ ഹിമാലയ മേഖലകളിലും S. m. indicus എന്ന ഉപവിഭാഗം കാണപ്പെടുന്നു. S. m. przewalskii എന്ന ഉപവിഭാഗം ടിബറ്റ്, മധ്യ ചൈന മുതൽ വടക്കൻ മ്യാൻമാർ വരെ കാണപ്പെടുന്നു.
ഇവയെ കൂടാതെ S. m. stejnegeri എന്ന വിഭാഗം കിഴക്കൻ സൈബീരിയ, കിഴക്കൻ മംഗോളിയ, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഈ വിഭാഗത്തെ ഒരു പ്രത്യേക സ്പീഷീസായും കണക്കിലെടുക്കാറുണ്ട് (Stejneger's Stonechat).
മറ്റ് ഭാഷകളിൽ
Armenian: Սևագլուխ չքչքան
Bengali: পাতি শিলাফিদ্দা
Bulgarian: Сибирско ливадарче
Catalan: Bitxac comú siberià
Chinese (Taiwan): 黑喉鸲
Chinese (Traditional): 黑喉石䳭
Chinese: 黑喉石鵖
Croatian: sibirski batić
Czech: bramborníček sibiřský
Danish: Sibirisk bynkefugl
Dutch: Aziatische Roodborsttapuit
Estonian: niidu-kaelustäks
Faroese: Sibirisk svartstólpa
Finnish: Idänpensastasku
French: Tarier de Sibérie
Georgian: შავთავა ოვსადი
German: Siberisches Schwarzkehlchen
Hebrew: דוחל מזרחי
Hungarian: keleti cigánycsuk
Indonesian: Burung Decu Batu
Italian: Saltimpalo siberiano
Japanese (Kanji): 野鶲
Japanese: ノビタキ
Kazakh: Қарабас шақшақ
Korean: 검은딱새
Latvian: Sibīrijas čakstīte
Lithuanian: Sibirine juodagalvė kiauliukė
Malay: Burung Murai Batu Pejal
Mongolian: Хар эрхэт шулганаа
Northern Sami: Ásiačáhppesskilki
Norwegian: Asiasvartstrupe
Persian: چک سیبری
Pinyin: xībǐlìyà shízi shí-qī-niǎo
Polish: klaskawka syberyjska
Portuguese (Portugal): Cartaxo-siberiano
Romanian: Mărăcinar asiatic
Russian: Сибирский чекан
Serbian: Sibirska travarka
Slovak: pŕhľaviar kapucňový
Spanish: Tarabilla Siberiana
Swedish: Sibirisk buskskvätta
Tamil: கல்குருவி
Thai: นกยอดหญ้าหัวดำ
Turkish: Taşkuşu, Қарабас шақшақ
Ukrainian: Трав'янка сибірська
Vietnamese: Chim Sẻ bụi Xibêri
No comments:
Post a Comment