Asian openbill stork | |||
ശാസ്ത്രീയ നാമം | Anastomus oscitans |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Ciconiiformes | ||
കുടുംബം | Ciconiidae | ||
ജനുസ്സ് | Anastomus | ||
വർഗ്ഗം | A. oscitans |
ചതുപ്പിൽ നടന്ന് ഇര തേടുന്ന കൊറ്റി ( ബകം - Stork) വിഭാഗത്തിൽ പെടുന്ന പക്ഷികളിൽ ഒന്നാണ് ചേരാക്കൊക്കൻ. ഞവുഞ്ഞിപ്പൊട്ടൻ എന്നും ഇരട്ടക്കൊക്കൻ ബകം എന്നും ഇവ അറിയപ്പെടാറുണ്ട്. ചേരാക്കൊക്കൻ എന്ന പേര് അന്വർത്ഥമാക്കുന്ന വിധം ഈ പക്ഷിയുടെ മേൽകൊക്കും കീഴ്കൊക്കും തമ്മിൽ ഒരു വിടവ് കാണാം. ഈ സൂചന കൊണ്ട് തന്നെ ഈ പക്ഷിയെ എളുപ്പം തിരിച്ചറിയാനാകും.
ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന Anastomus എന്ന ജനുസ്സിൽ പെടുന്ന ചേരാക്കൊക്കൻ പക്ഷികളെ ഇംഗ്ലീഷിൽ Asian openbill എന്നും Asian openbill stork എന്നും വിളിക്കുന്നു.
ശരീരഘടന
നല്ല വലുപ്പമുള്ള ശരീരത്തോടുകൂടിയ ഒരു പക്ഷിയാണ് ചേരാക്കൊക്കൻ. 76 മുതൽ 81 വരെ സെ.മീ വരെ നീളവും 147 - 149 സെ.മീ വരെ ചിറകറ്റങ്ങൾ തമ്മിലുള്ള ദൂരവും കാണുന്ന ഈ പക്ഷികൾക്ക് നിൽക്കുമ്പോൾ 68 സെ.മീ വരെ പൊക്കം ഉണ്ടാകും. ചേരാക്കൊക്കൻ പക്ഷികൾക്ക് പരമാവധി 9 കി.ഗ്രാം വരെ ഭാരം ഉണ്ടാകും.
ആൺ പെൺ പക്ഷികൾക്ക് രൂപത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രായപൂർത്തിയായ പക്ഷികൾക്ക് പ്രജനനകാലത്ത് തല മുതൽ ശരീരത്തിന് പ്രധാനമായും വെള്ള നിറമായിരിക്കും എങ്കിലും പ്രജനനകാലം അല്ലാത്തപ്പോൾ വെളുപ്പ് മാറി ചാര നിറം ആയി വരും. ചിറകുകൾക്ക് മധ്യഭാഗം മുതൽ അരികുകൾ വരെ തിളങ്ങുന്ന കറുപ്പ് നിറം ആയിരിക്കും. ഇതുപോലെ തന്നെ വാലിനും അഗ്രഭാഗം മുഴുവനായും നല്ല കറുപ്പ് നിറം തന്നെ. പന്ത്രണ്ട് തൂവലുകൾ ഉള്ള വാലിൻറെ ഈ കറുപ്പ് നിറത്തിന് ചെറിയ പച്ച അല്ലെങ്കിൽ ഊതനിറത്തിലുള്ള തിളക്കം തോന്നും. പ്രജനനകാലത്ത് ശരീരത്തിൻറെ നിറം കൊണ്ട് ഈ പക്ഷിയെ വെൺബകവുമായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്.
ഇവയുടെ കരുത്തുറ്റ വലിയ കൊക്കിന് ചാരനിറമായിരിക്കും. കൊക്കുകൾ തമ്മിലുള്ള വിടവാണ് ഇവയെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേകത. പ്രായപൂർത്തിയിലെത്തിയ പക്ഷികൾക്കാണ് ഇങ്ങനെ ഉള്ള കൊക്കുകൾ കാണുന്നത്. കീഴ്കൊക്കിന് മധ്യഭാഗം അല്പം താഴേക്ക് വളഞ്ഞിരിക്കും. മേൽകൊക്കിൻറെ ഉൾഭാഗം മദ്ധ്യം മുതൽ അല്പം വീതി കുറഞ്ഞിരിക്കും. പിന്നീട് കൊക്കിൻറെ കീഴറ്റം മാത്രമേ തമ്മിൽ കൂട്ടിമുട്ടൂ.
കണ്ണുകൾ ഇരുണ്ട തവിട്ട് നിറമായിരിക്കും. പ്രജനനകാലത്ത് മങ്ങിയ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന കാലുകൾ മറ്റുള്ള സമയങ്ങളിൽ ചാരനിറം കലർന്ന മങ്ങിയ പിങ്ക് നിറം ആയിരിക്കും.
പ്രായപൂർത്തിയാവാത്ത ചേരാക്കൊക്കൻ പക്ഷികൾക്ക് ചാരനിറം കലർന്ന ചിറകുകളും പുറം ഭാഗവും ആയിരിക്കും. കുഞ്ഞുങ്ങൾക്ക് തവിട്ട് കലർന്ന നിറം ആയിരിക്കും. പ്രായപൂർത്തി എത്താത്ത പക്ഷികൾക്ക് വിടവ് കാണാത്ത കൊക്കുകൾ ആവും ഉണ്ടാകുക. പിന്നീട് വളർച്ചയോടൊപ്പം ആണ് കൊക്കിലും മാറ്റം സംഭവിക്കുന്നത്.
സ്വഭാവം
പകൽ സമയം സജീവമാകുന്ന വിഭാഗത്തിൽ പെട്ട പക്ഷിയാണ് ചേരാക്കൊക്കൻ. ഉയരെ പറക്കുന്ന പല വലിയ പക്ഷികളും ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇവയും പറക്കാൻ ഉപയോഗിക്കാറുള്ളത്. അന്തരീക്ഷത്തിലെ ചൂട് വായുവിൻറെ മുകളിലേക്കുള്ള പ്രവാഹത്തെ ഉപയോഗിച്ച് മുകളിലേക്ക് ഉയർന്ന പറക്കും. പിന്നീട് സാവധാനം ലക്ഷ്യത്തിലേക്ക് ഗ്ലൈഡ് ചെയ്ത് ഇറങ്ങും. കാഴ്ചയിൽ സാമ്യം തോന്നുന്ന ചായമുണ്ടി പോലെ ഹെറോൺ വിഭാഗത്തിൽ പെടുന്ന പക്ഷികളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇവ പറക്കുന്നത്. ഹെറോൺ വിഭാഗത്തിൽ പെടുന്ന പക്ഷികൾ കഴുത്ത് "S" ആകൃതിയിൽ വെച്ചാണ് പറക്കുന്നതെങ്കിൽ ചേരാക്കൊക്കൻ പോലെ ഉള്ള ബകങ്ങൾ (കൊറ്റി) കഴുത്ത് മുന്നിലേക്ക് നീട്ടി പിടിച്ചാണ് പറക്കുന്നത്.
ഒറ്റക്ക് ഇര തേടുന്നവരെ കാണാമെങ്കിലും സമൂഹങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന പക്ഷികളാണിവ. മിക്കവാറും കൂട് കെട്ടുന്ന വലിയ കൂട്ടങ്ങളിൽ മറ്റ് ഇനം ബകങ്ങളും ജലപക്ഷികളും കാണും. ബകങ്ങൾ (കൊറ്റി) വിഭാഗത്തിൽ പെടുന്ന പക്ഷികൾക്ക് സാധാരണ പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ശബ്ദം ഉണ്ടാക്കാൻ സഹായിക്കുന്ന syrinx പേശികളുടെ അഭാവം കാരണം ശബ്ദം ഉണ്ടാക്കുന്നതിൽ പരിമിതികൾ ഉണ്ട്. കൂട്ടമായി പറക്കുമ്പോൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ശീലമുണ്ട്. ഇവയുടെ ശബ്ദം കേൾക്കാൻ സുഖമുള്ള തരത്തിലുള്ളതല്ല. പരസ്പരം ശ്രദ്ധ ആകർഷിക്കാൻ കൊക്കുകൾ തമ്മിൽ അടിച്ച് ശബ്ദം ഉണ്ടാക്കുന്ന രീതി ഇവർക്കുണ്ട്.
ചേരാക്കൊക്കൻ പക്ഷിയുടെ ശബ്ദം
പ്രജനനം
ചേരാക്കൊക്കൻ പക്ഷികളുടെ പ്രജനനകാലം മഴക്കാലത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നു. മഴക്കാലത്തിൻറെ അവസാനം ആണിവയുടെ പ്രജനനം. ഉത്തരേന്ത്യയിലും നേപ്പാളിലും ജൂലൈമാസത്തിന് ശേഷം സെപ്തമ്പർ വരെയും തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും നവമ്പർ മുതൽ മാർച് വരെയും ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വരൾച്ചാ കാലം ആണെങ്കിൽ ഇവ പ്രജനനം ആ വർഷം ഒഴിവാക്കുക പതിവുണ്ടത്രേ.
ചേരാക്കൊക്കൻ പക്ഷികൾ വലിയ കൂട്ടങ്ങളായി പ്രജനനം നടത്തുന്നവയാണ്. പലപ്പോഴും വെള്ളത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളാണ് കൂട് നിർമിക്കാൻ തെരഞ്ഞെടുക്കുന്നത്. കൂട് നിർമ്മിക്കുന്ന മരങ്ങളിൽ പലപ്പോഴും ചേരക്കോഴി, കൊക്കുകൾ, നീർക്കാക്കകൾ തുടങ്ങിയ മറ്റു പക്ഷികളും കൂട് കെട്ടാറുണ്ട്. ഓരോ ഇനം പക്ഷികളും വൃക്ഷത്തിൻറെ പല ഉയരങ്ങളിൽ ആയാണ് കൂട് ഒരുക്കാറുള്ളത്. ഇതിൽ ചേരാക്കൊക്കൻ വൃക്ഷത്തിൻറെ ഏറ്റവും ഉയരത്തിലാണ് കൂട് നിർമിക്കുന്നത്. ഇങ്ങനെ വലിയ കൂട്ടങ്ങളായി പല തട്ടുകളിലായി വിവിധ ഇനം പക്ഷികൾ കൂട് കെട്ടുന്നത് കൂട്ടിലെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നു എന്നാണ് കരുതുന്നത്.
പെൺപക്ഷിയെ ആകർഷിക്കാൻ ശ്രമിക്കുന്ന ആൺപക്ഷികൾ കൂട് നിർമിക്കാൻ പറ്റിയ സ്ഥലങ്ങൾ അവയ്ക്ക് കാണിച്ചുകൊടുത്ത് കൂട് കെട്ടാനുള്ള സാമഗ്രികൾ കൈകാര്യം ചെയ്ത് കഴിവ് തെളിയിക്കാൻ ശ്രമിക്കും. ഇത് വഴി ആൺ പക്ഷി പ്രജനനത്തിനായി അവയുടെ താത്പര്യവും കഴിവും അവയുടെ ജീനിൻറെ കരുത്തും തെളിയിക്കുന്നു. നന്നായി കൂട് നിർമിക്കാൻ കഴിവുള്ള ആൺ പക്ഷിയെ ഇണയായി തെരഞ്ഞെടുക്കുകവഴി പ്രജനനകാലത്തേക്ക് അവയുടെ അധ്വാനം കരുതിവെക്കാൻ പെൺപക്ഷിക്ക് കഴിയുന്നു. ഇണചേരുന്ന സമയത്ത് ഇണക്കിളികൾ പരസ്പരം മുട്ടിയുരുമ്മി പറക്കുകയും ഒന്നിച്ച് മരക്കൊമ്പിൽ വിശ്രമിക്കുകയും ചെയ്യും.
സാധാരണയായി ഒരു ഇണ മാത്രമാണെങ്കിലും അപൂർവമായി ആൺപക്ഷികൾ ഒന്നിലധികം പെൺപക്ഷികളുമായി, മിക്കവാറും രണ്ട് പക്ഷികളുമായി, ബന്ധം സ്ഥാപിക്കാറുണ്ട്. ഇവ രണ്ടും ഒരേ കൂട്ടിൽ തന്നെ മുട്ടയിടും എന്നും പറയപ്പെടുന്നു.
ഇണപ്പക്ഷികൾ കൂട് നിർമിക്കുന്ന വൃക്ഷത്തിലേക്ക് പ്രജനനകാലം തുടങ്ങുമ്പോൾ തന്നെ എത്താൻ ശ്രമിക്കും. ഒരു വൃക്ഷം പൂർണമായി മറ്റു ചേരാക്കൊക്കൻ പക്ഷികൾ വാസത്തിനായി തെരഞ്ഞെടുത്ത ശേഷം വൈകിയെത്തുന്ന ആൺ പക്ഷികൾ സ്ഥലം കൈയടക്കാൻ ശ്രമിക്കുകയും അതുവഴി നിരവധി ആൺ പക്ഷികൾ തമ്മിൽ ഇതിനായി പരസ്പരം പോരടിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം പോരാട്ടങ്ങൾക്കൊടുവിൽ ഇണപ്പക്ഷികളിൽ ആദ്യമുണ്ടായ ആൺ പക്ഷി പുറത്താവുകയോ അല്ലെങ്കിൽ മൂന്നാമനായി മറ്റൊരു ആൺപക്ഷി കൂട് പങ്ക് വെക്കുകയോ ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ടത്രെ. ഇങ്ങനെ വരുന്ന മൂന്നാമനും കൂട് നിർമാണം, അടയിരിക്കൽ, കുഞ്ഞുങ്ങളെ പരിചരിക്കൽ എന്നിങ്ങനെ കൂടിലെ ഉത്തരവാദിത്തങ്ങൾ പൂർണമായും നിറവേറ്റും.
ആൺപക്ഷി കൂടുണ്ടാക്കാനുള്ള വസ്തുക്കൾ ശേഖരിച്ച് കൂട് നിർമിക്കുമ്പോൾ പെൺപക്ഷി കൂടിനെ മറ്റു പക്ഷികളിൽ നിന്ന് സംരക്ഷിക്കുന്നു. 12 മുതൽ 15 ദിവസങ്ങൾ കൊണ്ട് ആണ് കൂട് പൂർത്തിയാക്കുന്നത്. വൃത്താകാരമായ തട്ടുപോലെ ചുള്ളിക്കമ്പുകൾ നിരത്തിയുണ്ടാക്കിയ കൂടിൻറെ നടുഭാഗത്തുള്ള കുഴിയിൽ ജലസസ്യങ്ങളുടെ തണ്ടും ഇലകളും നിരത്തിയിടും. അതിന് ശേഷം പെൺ പക്ഷി കൂട്ടിൽ മുട്ടയിടും. രണ്ട് മുതൽ അഞ്ച് വരെ മുട്ടകളാണ് ഒരു തവണ ഇടുന്നത്. ഇണപ്പക്ഷികൾ മാറി മാറി അടയിരിക്കും. അതോടൊപ്പം സാവധാനം കൂട്ടിൻറെ വലിപ്പം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.
25 മുതൽ 30 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയും. ശരാശരി 36 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും. കുഞ്ഞുങ്ങൾ തീരെ ചെറുതായിരിക്കുന്ന കാലത്ത് ഇണപ്പക്ഷികൾ പരമാവധി കൂട്ടിൽ തങ്ങി കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കും. കടുത്ത വെയിലോ മഴയോ ഉള്ള അവസരങ്ങളിൽ ഇണപ്പക്ഷികൾ തങ്ങളുടെ ചിറകുകൾ വിരിച്ച് കുഞ്ഞുങ്ങൾക്ക് രക്ഷ നൽകും. ആൺപക്ഷി തീറ്റ എത്തിക്കുമ്പോൾ പെൺപക്ഷി കൂടുതലായും കൂട്ടിൽ തുടരും. 60 ദിവസങ്ങൾ കൊണ്ട് പ്രജനനപരമായ പ്രായപൂർത്തി ആകുന്നത് വരെ മാതാപിതാക്കളുടെ സംരക്ഷണയിൽ തുടരും. തുടർന്ന് കൂട് ഉപേക്ഷിച്ച് പറന്നുപോകുന്ന കുഞ്ഞുങ്ങൾക്ക് തങ്ങൾ പിറന്ന അതെ പ്രജനന സീസണിൽ തന്നെ സ്വന്തം കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയും എന്ന് ഈ പക്ഷികളെ പറ്റി പഠിച്ച ഗവേഷകർ പറയുന്നു.
ചേരാക്കൊക്കൻ പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളും ഉടുമ്പ്, പരുന്ത്, കാക്ക തുടങ്ങിയവയൊക്കെ ഭക്ഷണമാക്കാറുണ്ട്. എന്നാൽ പ്രായപൂർത്തിയെത്തിയ പക്ഷികൾക്ക് പ്രകൃത്യാ ഭീഷണി കുറവാണ്. കൂട്ടിൽ വളർത്തിയ ഒരു ചേരാക്കൊക്കൻ പക്ഷി 18 വർഷം വരെ ജീവിച്ചതായി പറയപ്പെടുന്നു.
ആഹാരരീതി
മാംസഭുക്കായ ചേരാക്കൊക്കൻ പക്ഷിയുടെ പ്രധാന ആഹാരം കട്ടിയുള്ള തോടുള്ള മൊളസ്ക വിഭാഗത്തിൽ പെടുന്ന ഞവണിക്ക (നൊയിച്ചിങ്ങ, നത്തക്ക, ഞവനിങ്ങ, ഞവനിക്ക, ഞവുഞ്ഞി) തുടങ്ങിയവയാണ്. ഞവുഞ്ഞി എന്ന ഇവയുടെ ഈ ഇഷ്ടാഹാരത്തിൽ നിന്നാണ് ഞവുഞ്ഞിപ്പൊട്ടൻ എന്ന പേര് വന്നത്.
കൂട്ടമായോ അപൂർവ്വമല്ലെങ്കിലും ഒറ്റക്കോ ചതുപ്പുകളിലും അര മീറ്ററിലധികം ആഴമില്ലാത്ത ജലാശയങ്ങളിലും വയലുകളിലും പതിയെ തെരഞ്ഞ് നടന്ന് ഈ പക്ഷികൾ തങ്ങളുടെ ഇരയെ കണ്ടെത്തുന്നു. പലപ്പോഴും കൊക്ക് കൊണ്ട് വെള്ളത്തിനടിയിൽ ചളിയിൽ തെരഞ്ഞാണ് ഇരയെ കണ്ടെത്തുന്നത്. നീളമുള്ള കൊക്ക് കൊണ്ട് കൊത്തിയെടുത്തശേഷം ഉള്ളിലെ മാംസളമായ ഭാഗം ആഹരിക്കുന്നു.
ഞവണിക്കക്ക് പുറമെ മറ്റു കക്കകളും ഞണ്ടുകളും ചെറുപാമ്പുകളും തവളകൾ പ്രാണികൾ എന്നിവയുമൊക്കെ ഇവയ്ക്ക് ആഹാരമാകാറുണ്ട്.
ഇവ വിടവുള്ള കൊടിൽപോലെയുള്ള കൊക്ക് ഉപയോഗിച്ച് ഞവണിക്കയുടെ കട്ടിയുള്ള തോട് പൊട്ടിക്കാറുണ്ട് എന്ന പൊതുധാരണ തെറ്റാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാരണം ചെറുപ്രായത്തിലുള്ള പക്ഷികളിൽ ഈ വിടവ് കാണുന്നില്ലെങ്കിലും ആ പക്ഷികളും മുതിർന്ന പക്ഷികളെ പോലെ ഞവണിക്ക ആഹരിക്കാറുണ്ട്.
ആവാസമേഖല
നദികളും ചതുപ്പുകളും കായലുകളും മറ്റ് ജലാശയങ്ങളും നിറഞ്ഞ പ്രദേശങ്ങളാണ് ചേരാക്കൊക്കൻ പക്ഷികളുടെ ആവാസമേഖല. കൂടാതെ വെള്ളം നിറഞ്ഞു നിൽക്കുന്ന പാടങ്ങളിലും ഇവയെ കാണാം. പ്രജനനത്തിനായി ദേശാടന സ്വഭാവം കാണിക്കുന്ന ഈ പക്ഷികൾ ആയിരം കിലോമീറ്റർ വരെ ദൂരെ ഉള്ള പ്രദേശങ്ങളിലേക്ക് പറന്നെത്തിയതായി കണ്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ പക്ഷിയെ കണ്ടിട്ടുണ്ട്.
ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ മരുഭൂ ഭാഗങ്ങളും ഹിമാലയൻ പ്രദേശങ്ങളും ഒഴികെ മിക്കവാറും പ്രദേശങ്ങളിൽ ചേരാക്കൊക്കൻ പക്ഷികളെ കാണാം. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻറെ ചില ഭാഗങ്ങൾ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ളാദേശ്, മ്യാൻമാർ, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാം. കേരളത്തിൽ ഈ പക്ഷി പൊതുവെ പ്രജനനം നടത്തുന്നതായി പറയപ്പെടുന്നില്ല എങ്കിലും വ്യാപകമായി കാണപ്പെടാറുണ്ട്.
അമിതമായ കീടനാശിനി ഉപയോഗം, സ്വാഭാവിക ആവാസമേഖലയായ തണ്ണീർത്തടങ്ങളുടെ നാശം, വേട്ടയാടൽ തുടങ്ങിയവ കാരണം ഇവയുടെ നിലനില്പും ഭീഷണി നേരിടുന്നുണ്ട്.
മറ്റ് ഭാഷകളിൽ
Assamese: শামুকভঙা
Bengali: এশিয় শামখোল
Bhojpuri: गंगला, डोकर
Bulgarian: Азиатски цепкоклюн щъркел
Catalan: Bec de tenalla asiàtic
Chinese (Traditional): 鉗嘴鸛
Chinese: 钳嘴鹳
Croatian: otvorenokljuna roda
Czech: zejozob asijský
Danish: Asiatisk Gabenæb
Dutch: Indische Gaper
Estonian: valge-irvnokk
Finnish: Aasianrakonokka
French: Bec-ouvert indien
German: Silberklaffschnabel
Gujarati: ફાટીચાંચ ઢોંક, ગુગળા
Hindi: गुंग्ला, घुंगिल, घोंघिल
Hungarian: ázsiai tátogató gólya
Icelandic: Glufustorkur
Italian: Anastomo asiatico
Japanese (Kanji): 隙嘴鸛
Japanese: スキハシコウ
Kannada: ಬಾಯ್ಕಳಕ ಕೊಕ್ಕರೆ
Lithuanian: Indinis kiaurasnapis gandras
Malay: Burung Botak Siput
Marathi: गोगल्याफोड्या करकोचा
Nepali: घुगीफोर गरुड
Norwegian Nynorsk: Asiagapenebb
Norwegian: Asiagapenebb
Oriya: ଗେଣ୍ଡାଳିଆ
Pinyin: qián-zuǐ guàn
Polish: kleszczak azjatycki
Portuguese: Bico-aberto-branco
Russian: Индийский аист-разиня
Sanskrit: शंबूक भंजन
Serbian: Azijska šupljokljuna roda
Sinhalese (Transliteration): Asia Vivarathuduwa
Slovak: škározobec driemavý
Spanish: Picotenaza Asiático
Swedish: asiatisk gapnäbbsstork
Tamil: நத்தை குத்தி நாரை, அகலவாயன்
Thai: นกปากห่าง
Turkish: Ak açıkgaga, Kara Açıkgaga
Ukrainian: Лелека-молюскоїд індійський
Vietnamese: Chim Cò nhạn, Cò ốc
Good information. Try to include some video as wel
ReplyDeleteGood One
ReplyDelete