എന്‍റെ നാട്ടിലെ പക്ഷികള്‍: അരിപ്രാവ്

Sunday, October 24, 2021

അരിപ്രാവ്

അരിപ്രാവ് കുട്ടത്തിപ്രാവ് മണിപ്രാവ് ചക്കരക്കുട്ടപ്രാവ്

Spotted Dove

Mountain dove

Pearl-necked dove

ശാസ്ത്രീയ നാമം

 Streptopelia chinensis



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Columbiformes 
കുടുംബം Columbidae
ജനുസ്സ് Spilopelia
വർഗ്ഗം S. chinensis
ഉപ വർഗ്ഗം S. c. suratensis


കേരളത്തിൽ എങ്ങും കണ്ടുവരുന്ന പ്രാവ് വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് അരിപ്രാവ്. തവിട്ട് നിറക്കാരായ ഈ പ്രാവുകളുടെ കുറുകൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ മിക്കവാറും കേൾക്കാം.


അരിപ്രാവ്


Columbidae എന്ന കുടുംബക്കാരായ ഇവയ്ക്ക് ഇംഗ്ലീഷിൽ Spotted Dove എന്നാണ് പേര്.


ശരീരഘടന


ഒരു ഇടത്തരം വലിപ്പമുള്ള പക്ഷിയായ അരിപ്രാവിന് 28 മുതൽ 32 സെ.മീ വരെ നീളവും ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 43 മുതൽ 48 വരെ സെ.മീ വരെയും 160 ഗ്രാം വരെ ഭാരവും കാണും. ശരീരത്തിന് പ്രധാനമായും മങ്ങിയ തവിട്ട് നിറമാണ്. തലക്ക് ചാരനിറം ആയിരിക്കും. കൊക്കിന് കറുപ്പ് നിറമാണ്. കണ്ണുകൾചുവപ്പ് നിറമാണ്. തലക്ക് മുൻ ഭാഗവും കൊക്കിന് താഴെ കഴുത്തും അല്പം പിങ്ക് കലർന്ന പോലെയുള്ള ഇളം തവിട്ട് നിറം ആണ്. മറ്റു പ്രാവിനങ്ങളിൽ ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നത് ഇവയുടെ കഴുത്തിന് പിറകിൽ കാണുന്ന കറുപ്പ് നിറത്തിലുള്ള ഭാഗവും അതിലെ വെള്ള പുള്ളികളുമാണ്. ഈ വെള്ള പുള്ളികളിൽ നിന്നാണ് ഇവയുടെ പേര് വന്നതും. കഴുത്തിൻറെ മുൻഭാഗത്ത് ഒഴികെ ഇരു വശങ്ങളിലും പിറകിലും ഈ ഭാഗം കാണാം. നെഞ്ച് മുതൽ താഴേക്ക് അല്പം പിങ്ക് കലർന്ന  പോലെയുള്ള ഇളം തവിട്ട് നിറമാണ്. മങ്ങിയ നിറം ഗുദഭാഗം വരെ നീളും. 


അരിപ്രാവ്


ചിറകുകൾ മുതൽ പിറകെ വശത്ത് വാൽ വരെ ഇരുണ്ട തവിട്ട് നിറമാണ്. ചിറകുകളിൽ ഇടക്കിടെ ഇളം തവിട്ട് പുള്ളികളും അതിൻറെ നടുവിലായി കറുപ്പ് അടയാളവും കാണാം. കാരണം ഇവിടെ തൂവലുകളുടെ അഗ്രഭാഗത്ത് ഇരുവശവും മങ്ങിയ തവിട്ട് നിറവും മധ്യത്തിൽ കറുപ്പ് നിറവും ആണ്. ഇതിന് ശേഷം അല്പം ചാരനിറം ഉള്ള ഭാഗമാണ്. ചിറകുകളുടെ അരികുകളിൽ ഇരുണ്ട തവിട്ട് നിറം ആണുള്ളത്. ചിറകുകൾ ഒതുക്കിവെച്ചിരിക്കുമ്പോൾ ഈ ഭാഗങ്ങൾ അത്ര വ്യക്തമായി കാണാൻ കഴിയണമെന്നില്ല. വാലിൻറെ മുകൾ ഭാഗം മുഴുവനായും ഇരുണ്ട തവിട്ട് നിറമാണ്. അടിഭാഗം അല്പം മങ്ങിയ വെള്ള നിറമാണ്. പറക്കുമ്പോൾ ഇത് കാണാൻ കഴിഞ്ഞേക്കും.


ആൺ പെൺ പക്ഷികൾക്ക് കാഴ്ചയിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല എങ്കിലും പെൺപക്ഷിക്ക് അല്പം വലിപ്പക്കുറവും കഴുത്തിലെ പുള്ളികളിൽ നിറക്കുറവും കാണാറുണ്ട്.


പ്രായപൂർത്തിയെത്താത്ത പക്ഷികൾ മുതിർന്ന പക്ഷികളെ പോലെയിരിക്കുമെങ്കിലും അവയ്ക്ക് കഴുത്തിന് പിറകിലെ കറുത്ത അടയാളം കാണുന്നതിന് പകരം മങ്ങിയ ചാരനിറമായിരിക്കും. പൊതുവെ ഇരുണ്ട നിറം കുറവും ആയിരിക്കും. കൃഷ്ണമണി മഞ്ഞ കലർന്ന തവിട്ട് നിറവും ആയിരിക്കും.



ഇവയുടെ വിവിധ ഉപവിഭാഗങ്ങളിൽ ചെറിയ നിറവ്യതിയാനങ്ങൾ കണ്ടുവരാറുണ്ട്.


സ്വഭാവം


പലപ്പോഴും ഇവയെ ഇണകളായോ ചെറു സംഘങ്ങളായോ നിലത്ത് നടന്ന് തീറ്റ തേടുന്നതോ മരക്കൊമ്പുകളിൽ വിശ്രമിക്കുന്നതോ ഒക്കെ ആയാണ് കാണുന്നത്. വളരെ വേഗത്തിൽ പറക്കുന്ന ഇവ നിലത്തേയ്ക്ക് പതിയെ തെന്നിപ്പറന്ന് വരുന്നതും കാണാം. നിലത്ത് നിന്ന് പറന്നുയരുന്ന സമയത്ത് ശക്തമായി ചിറകടിക്കുമ്പോൾ കൈയടിക്കുന്നത് പോലെ ഒച്ച കേൾക്കാം. അധികം ദൂരം തുടർച്ചയായി പറക്കുന്ന രീതി ഇവയ്ക്കില്ല. ഉരുണ്ട തള്ളി നിൽക്കുന്ന മാറിടം ഇളക്കി പതിയെയുള്ള ഈ പക്ഷികളുടെ നടത്തം രസകരമാണ്. നാണംകുണുങ്ങികളായ മരക്കൊമ്പിലും മറ്റും ഇരിക്കുന്ന സമയത്ത് താൻ ശ്രദ്ധിക്കപ്പെടുന്നു എന്ന് തോന്നിയാൽ ഉടൻ പറന്നകലും.


അരിപ്രാവ്

അരിപ്രാവിൻറെ കുറുകൽ കുക്കൂ കൂർ കുർ കുർ കുർ ഒരേ ഈണം കൃത്യമായി  ആവർത്തിക്കുന്നത് പോലെ തോന്നും. കൂർ കൂർ എന്ന് പല ഈണത്തിൽ ഇവ ശബ്ദം ഉണ്ടാകുന്നത് കേൾക്കാം. പെൺ പക്ഷിയുടെ കുറുകലിന്  ശബ്ദം ആണിനേക്കാൾ അല്പം കുറവായിരിക്കും.


അരിപ്രാവിൻറെ ശബ്ദം.

പ്രജനനം 


അരിപ്രാവുകൾക്ക് പ്രത്യേകമായി ഒരു പ്രജനന സീസൺ ഇല്ല. വർഷത്തിൽ ഏത് സമയവും ഇവയ്ക്ക് ഒരുപോലെ ആണെങ്കിലും പ്രധാനമായും മഴ ഒഴിഞ്ഞ ശേഷമാണ്. ഉഷ്ണ മേഖലകളിൽ ഇത് വർഷത്തിൽ ഏത് സമയവും ആയേക്കാം.


പെൺ പക്ഷികളെ ആകർഷിക്കാനായി കൊമ്പിലിരുന്ന് ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കും.  കൊമ്പിൽ നിന്ന്  ആൺ പക്ഷി കുത്തനെ മേലേക്ക് പറക്കും. അതോടൊപ്പം ശക്തിയായി ചിറകടിക്കുന്ന ശബ്ദവും ഉണ്ടാക്കും. 30 - 40 മീറ്റർ ഉയരത്തിൽ എത്തിയശേഷം ചിറകടി നിർത്തി ചിറകുകളും വാലും വിടർത്തി സാവധാനം താഴേക്ക് ഒഴുകി ഇറങ്ങും. കൂടാതെ പെൺ പക്ഷിക്ക് മുൻപിൽ തൻറെ കഴുത്തിലെ പുള്ളികൾ തെളിച്ച് കാട്ടി തല മേലേക്കും താഴേക്കും ഇളക്കി നടക്കും. ഒരു ഇണ മാത്രമേ ഉണ്ടാകൂ.


അരിപ്രാവ്


കൂട് വളരെ ലളിതമാണ്. ആൺ പെൺ പക്ഷികൾ ഒരുമിച്ച് അധികം ഉയരെ അല്ലാത്ത മരക്കൊമ്പിലോ കെട്ടിടത്തിലോ ചുള്ളിക്കമ്പുകൾ പെറുക്കി അടുക്കി നിർമിക്കുന്ന ഒരു തട്ട് പോലെ ആണ് ഇവയുടെ കൂട്. പലപ്പോഴും ഇവയുടെ കൂട്ടിലെ മുട്ടകൾ താഴെ നിന്ന് നോക്കിയാൽ കാണും വിധം മോശമാണ് ഇവയുടെ കൂട് നിർമാണം. കൂട്ടിൽ നിന്ന് മുട്ട താഴേക്ക് വീഴുമോ എന്ന് തോന്നിപ്പോകും.


ഒരു തവണ വെളുത്ത രണ്ട് മുട്ടകൾ ഉണ്ടാകും. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കും. 14 - 16 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും.


കുഞ്ഞുങ്ങളെ പരിചരിക്കുന്നതും ഇണക്കിളികൾ ഒരുമിച്ചാണ്. ആദ്യ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് കൊഴുത്ത പാൽ പോലെ ഒരു ദ്രാവകം ആണ് നൽകുന്നത്. മുട്ട വിരിയുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ആൺ പെൺ പക്ഷികളുടെ അന്നനാളത്തിന് താഴെയുള്ള ക്രോപ് എന്ന അവയവത്തിൽ നിന്ന് കട്ടിയുള്ള ഈ പാൽ പോലെയുള്ള കട്ടിയുള്ള ദ്രാവകം ഉത്പാദിപ്പിക്കപ്പെടും. കുഞ്ഞുങ്ങൾക്ക് ഇത് നൽകുന്നതിനായി ആദ്യദിവസങ്ങളിൽ  ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. കുഞ്ഞുങ്ങൾ മുതിർന്ന പക്ഷിയുടെ തൊണ്ടയിലേക്ക് കൊക്ക് കടത്തി ഇത് ആഹരിക്കുന്നു. മാംസ്യവും കൊഴുപ്പും വളരെ അധികം അടങ്ങിയിട്ടുള്ള ഈ ഭക്ഷണം കുഞ്ഞുങ്ങളെ വേഗത്തിൽ വളരാനും രോഗപ്രതിരോധശേഷി കൈവരിക്കാനും സഹായിക്കുന്നു. ഒരാഴ്ചക്ക് ശേഷം മറ്റ് ഭക്ഷ്യപദാർത്ഥങ്ങൾ കുഞ്ഞുങ്ങൾക്ക് നല്കിത്തുടങ്ങും. വിത്തുകളും മറ്റും മുതിർന്ന പക്ഷി അതിൻറെ വായിൽ കുതിർത്ത് ശേഷം കുഞ്ഞുങ്ങൾക്ക് നൽകും. 14 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും.


ഒരു വർഷത്തിൽ ഒന്നിലധികം തവണ പ്രജനനം നടത്തുന്നതും അസ്വാഭാവികമല്ല. 8 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുർദൈർഘ്യം.


ആഹാരരീതി 


അരിപ്രാവുകളുടെ പ്രധാന ആഹാരം വിത്തുകളും ധാന്യങ്ങളും ആണ്. ഒറ്റക്കോ ചെറിയ കൂട്ടമായോ നിലത്ത് നടന്ന് വിത്തുകൾ കൊത്തിത്തിന്നുതാണ് ഇവയുടെ രീതി. മരക്കൊമ്പിൽ നിന്നും വിത്തുകൾ കൊത്തിത്തിന്നുകയും ചെയ്യാറുണ്ട്. 


അരിപ്രാവ്


അപൂർവമായി ചെറുകീടങ്ങളെയും തിന്നാറുണ്ട്. മഴപ്പാറ്റകളെ തിന്നുന്നതായും പറയപ്പെടുന്നുണ്ട്. പ്രാവുകൾ വെള്ളം കൊക്ക് കൊണ്ട് വലിച്ച് കുടിക്കുന്നത് കൊണ്ട് മാറ്റ് പക്ഷികളെ പോലെ കൊക്കിൽ വെള്ളം എടുത്ത് തല പിന്നോട്ട് ഉയർത്തി വെള്ളം ഇറക്കേണ്ടുന്ന ആവശ്യമില്ല.


ആവാസമേഖല 


തുറസായ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും മനുഷ്യവാസപ്രദേശങ്ങളിലും തുടങ്ങി പലയിടങ്ങളിലും അരിപ്രാവുകളെ കാണാം.


അരിപ്രാവുകൾ തെക്ക് കിഴക്കൻ ഏഷ്യക്കാരാണ്. പാകിസ്ഥാൻ,  നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ്,  ശ്രീലങ്ക, മാലിദ്വീപ്, മ്യാൻമാർ, ഇന്തോചൈന, ഫിലിപൈൻസ്, ഇന്തോനേഷ്യ, തെക്ക് കിഴക്കൻ, മധ്യ, കിഴക്കൻ ചൈന, തായ്‌വാൻ വരെയാണ് ഇവയുടെ സ്വാഭാവിക ആവാസപ്രദേശങ്ങൾ. എങ്കിലും ഇവ പല രാജ്യങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടോടെ തന്നെ ഇവ ആസ്‌ത്രേലിയയിൽ എത്തിക്കപ്പെട്ടു. കൂടാതെ ഫിജി, മൗറീഷ്യസ്, പാപുവ ന്യൂഗിനി, ന്യൂസിലാൻഡ്, ഹവായ്, വടക്കേ അമേരിക്ക തുടങ്ങി പല സ്ഥലങ്ങളിലും ഇപ്പോൾ ഇവ അധിവസിക്കുന്നുണ്ട്.


അരിപ്രാവുകൾ പ്രകടമായി ദേശാടനസ്വഭാവം കാണിക്കുന്നില്ല.



S. c. suratensis എന്ന ഉപവിഭാഗമാണ് കേരളം ഉൾപ്പെടെ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പാകിസ്താൻ, നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും കാണുന്നത്. S. c. ceylonensis എന്ന ഉപവിഭാഗം ശ്രീലങ്കയിൽ കാണപ്പെടുന്നു. ഈ രണ്ട് ഉപവിഭാഗങ്ങളും മറ്റുള്ളവയിൽ നിന്ന് ശബ്ദത്തിലും നിറത്തിലും അല്പം  കാണിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശ്, ഇന്തോ ചൈന ഫിലിപൈൻസ് എന്നിവിടങ്ങളിലും S. c. tigrina എന്ന ഉപവിഭാഗം കാണപ്പെടുന്നു  S. c. chinensis എന്ന ഉപവിഭാഗമാണ് മ്യാൻമർ മുതൽ മധ്യ,കിഴക്കൻ ചൈനയിലും തായ്‌വാനിലും വരെ കണ്ടുവരുന്നത്. തെക്ക് കിഴക്കൻ ചൈനയിൽ S. c. hainana എന്ന ഉപവിഭാഗം കാണപ്പെടുന്നു. 


മറ്റ് ഭാഷകളിൽ


Arabic: حمامة مرقطة

Assamese: তিল কপৌ

Bengali: তিলা ঘুঘু

Catalan: Tórtora colltacada oriental

Cebuano: tokmo

Chinese (Taiwan): 珠颈斑鸠

Chinese: 中斑

Croatian: Pjegava grlica

Czech: Hrdlicka kropenatá

Danish: Perlehalsdue

Dutch: Parelhalstortel

English (Hawaii): ʻEhakō - Spotted Dove

Estonian: džungli-turteltuvi

Finnish: Aasiantunturikyyhky

French: Tourterelle tigrine

German: Östliche Perlhalstaube

Hungarian: gyöngyösnyakú gerle

Icelandic: Flekkdúfa

Indonesian: Tekukur biasa

Italian: Tortora macchiata

Japanese (Kanji): 鹿の子鳩

Japanese: カノコバト

Kannada: ಚೋರೆ ಹಕ್ಕಿ

Korean: 목점박이비둘기

Latvian: Ķīnas ūbele

Lithuanian: dėmėtasis purplelis

Malay: Tekukur Merbuk Balam

Marathi: ठिपकेवाला कवडा

Norwegian Nynorsk: Perlekragedue

Norwegian: Perlekragedue

Odiya: ବଣକାପ୍ତା

Persian: فاخته نقطه دار

Polish: synogarlica perloszyja

Portuguese: Rola-malhada

Punjabi: ਚੀਨੀ ਘੁੱਗੀ

Russian: Китайская горлица

Serbian: Pegava grlica

Sinhalese: අළු කොබෙයියා

Slovak: Hrdlička perlokrká

Slovenian: Biserna grlica

Spanish (Mexico): Paloma de Oriente

Spanish (Spain): Tórtola moteada

Swedish: Pärlhalsduva

Tamil: மணிப்புறா

Thai: นกเขาใหญ่

Turkish: Küpeli üveyik

Ukrainian: Горлиця китайська

Vietnamese: Cu gáy






No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...