എന്‍റെ നാട്ടിലെ പക്ഷികള്‍: കാടുമുഴക്കി (ഇരട്ടവാലൻ)

Sunday, September 4, 2022

കാടുമുഴക്കി (ഇരട്ടവാലൻ)

Greater racket-tailed drongo

ശാസ്ത്രീയ നാമം

 Dicrurus paradiseus 


ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes    
കുടുംബം Dicruridae
ജനുസ്സ് Dicrurus
വർഗ്ഗം D. paradiseus



കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് കാടുമുഴക്കി. ഡ്രോംഗോ വിഭാഗത്തിൽ പെടുന്ന ഈ പക്ഷി ഈ വിഭാഗത്തിൽ വലുപ്പത്തിൽ മുൻപനാണ്. നല്ല രസകരമായ ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം മികച്ച മിമിക്രിക്കാരനും കൂടിയായ ഈ പക്ഷിയെ ഇവയുടെ നീണ്ട ഇരട്ടവാൽ കൊണ്ട് എളുപ്പം തിരിച്ചറിയാൻ പറ്റും. ഇവ പറക്കുമ്പോൾ ഒരു പക്ഷിക്ക് പിന്നാലെ പറക്കുന്ന രണ്ട് കരിയിലകൾ എന്ന തോന്നിപ്പോകുന്ന തരത്തിൽ രസകരമാണിവയുടെ വാല്.


കാടുമുഴക്കി


ഇംഗ്ലീഷിൽ Racket-tailed drongo എന്ന് വിളിക്കപ്പെടുന്ന ഈ പക്ഷികൾക്ക് കേരളത്തിൽ ഇരട്ടവാലൻ പക്ഷി, കരാളൻ ചാത്തൻ എന്നിങ്ങനെയും പേരുകളുണ്ട്. ധാരാളം മരങ്ങൾ ഉള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ കാണാം.

ശരീരഘടന


ഇടത്തരം വലുപ്പക്കാരനായ കാടുമുഴക്കി പക്ഷികൾ ശ്രദ്ധേയരാകുന്നത് അറ്റത്ത് മാത്രം വീതിയുള്ള നീണ്ട ഇരട്ടവാലുകൊണ്ടാണ്. നീണ്ട വാൽ ഒഴികെ ഇവയ്ക്ക് ഒരു നാട്ടുമൈനയുടെ വലുപ്പം കാണും. 70 മുതൽ 120 ഗ്രാം വരെ ഭാരം കാണുന്ന ഈ പക്ഷികൾക്ക് നീണ്ട വാൽ കൂട്ടാതെ 30 മുതൽ 35 സെ.മീ. വരെ നീളം ഉണ്ടാകും. വാലുൾപ്പടെ 60 സെ.മീ. വരെ നീളം കാണും. ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 15 മുതൽ 20 സെ.മീ. വരെ ഉണ്ടാകും. 



ശരീരമാസകലം തിളങ്ങുന്ന കറുപ്പ് നിറമാണ്. ഇരുണ്ട നിറത്തിലുള്ള കൊക്കുകൾക്ക് മുകളിലായി ഉയർന്ന നിൽക്കുന്ന നേരിയ തൂവലുകൾ പിന്നോട്ട് വളഞ്ഞു നിൽക്കുന്നത് കാണാം. മുഖമാകെയും നല്ല കറുപ്പ് നിറമാണ്. കണ്ണുകൾ ഇരുണ്ട ചുവപ്പുനിറമായിരിക്കും. തലയുടെ പിറകിൽ മുതൽ താഴേക്ക് പുറം ഭാഗം മുഴുവൻ തിളങ്ങുന്ന കറുപ്പം നിറം വെയിലിൽ തിളങ്ങുമ്പോൾ നീല നിറം പോലെ തോന്നും. കൊക്കിന് താഴെ മുതൽ വയർ ഭാഗം ആകെയുമുള്ള ഭാഗം കറുപ്പ് നിറത്തിലാണെങ്കിലും പുറം ഭാഗത്തെ പോലെ തിളങ്ങുന്ന തൂവലുകൾ കുറവാണ്. കാലുകൾ താരതമ്യേന ചെറുതാണ്. അറ്റത്ത് രണ്ട് വശത്തേക്കായി ചെറുതായി വളഞ്ഞു നിൽക്കുന്ന തൂവലുകളാണ് വാലിൽ. അതിൽ രണ്ട് തൂവലുകൾ മറ്റുള്ളവയെക്കാൾ നീണ്ട് അറ്റത്ത് മാത്രം ഇഴകളുള്ള കമ്പിത്തൂവലുകളാണ്. ചില അവസരങ്ങളിൽ പൊഴിക്കാറുള്ളത് കൊണ്ട് ഈ കമ്പിത്തൂവലുകൾ കണ്ടില്ലെന്നും വരാം.



ആൺ പെൺ പക്ഷികൾക്ക് കാഴ്ചയിൽ പ്രകടമായ വ്യത്യാസങ്ങളില്ല. പ്രായപൂർത്തിയാവാത്ത പക്ഷികൾ അല്പം മങ്ങിയ നിറത്തിലാണ് കാണാറുള്ളത്. കൂടാതെ അവയ്ക്ക് കൊക്കിന് പിന്നിലായുള്ള ഉയർന്ന തൂവലുകൾ കാണില്ല. 


ഏഷ്യയിൽ വിവിധ ഭാഗങ്ങളിൽ കാണുന്ന നിരവധി ഉപവിഭാഗങ്ങളിൽ രൂപത്തിൽ പല വ്യത്യസ്തതകൾ കാണാവുന്നതാണ്.

സ്വഭാവം


അതി രാവിലെ തന്നെ സജീവമാകുന്ന സ്വഭാവക്കാരാണ് കാടുമുഴക്കി പക്ഷികൾ. ഇവരുടെ സാന്നിധ്യം ഉള്ള പ്രദേശങ്ങളിൽ സൂര്യോദയത്തിന് മുൻപേ തന്നെ ഇവരുടെ ബഹളം കേൾക്കാം. അതുപോലെ വൈകീട്ട് ഇരുൾ വീഴാൻ നേരവും ഇവർ വളരെ സജീവമായിരിക്കും. ഒറ്റയ്ക്കോ ഇണയ്‌ക്കൊപ്പമോ ഓലേഞ്ഞാലി ചവലാച്ചി നാട്ടുമരംകൊത്തി ഉൾപ്പെടെ  വിവിധ പക്ഷികൾ ചേരുന്ന ഇരതേടൽ കൂട്ടങ്ങൾക്കൊപ്പമോ ഒക്കെ ഇവയെ കാണാം.



ചെറിയ കാലുകളായത്കൊണ്ട് ഇവ മരക്കൊമ്പിൽ വളരെ നിവർന്നാണ് ഇരിക്കുന്നത്. മിക്കവാറും സമയങ്ങളിൽ ഉയർന്ന തുറസായ മരക്കൊമ്പിൽ ഇരുന്ന് ചുറ്റും വീക്ഷിക്കുന്നത് കാണാം. ഡ്രോംഗോ വിഭാഗത്തിൽ പെട്ട മറ്റു പക്ഷികളെ പോലെ ഇവയുടെയും പറക്കൽ രീതി ഇടവിട്ടുള്ള ചിറകടിയും തുടർന്ന് വായുവിലൂടെ തെന്നി പറന്ന് വീണ്ടും ചിറകടിച്ച് നീങ്ങുന്നതാണ്. തന്നെക്കാൾ ശരീരവലുപ്പം കൂടിയ  പക്ഷികളെ പോലും ആക്രമിച്ച് തുരത്താൻ ഇവർ മടിക്കാറില്ല. പ്രത്യേകിച്ച് പ്രജനന കാലത്ത്.

കാടുമുഴക്കി പറക്കലിനിടയിൽ 

ഉറക്കെ കേൾക്കുന്ന കാടുമുഴക്കി പക്ഷികളുടെ ശബ്ദം വളരെ വ്യത്യസ്ത ഈണങ്ങൾ കൂടിക്കലർന്നതാണ്. ഒരു പോലെ ആവർത്തിക്കപ്പെടുന്ന ചൂളം വിളികൾ മുതൽ മുഴക്കമുള്ള ഈണങ്ങളും മറ്റ് പക്ഷികളുടെ ശബ്ദങ്ങളുടെ അനുകരണവും ഇവയുടെ ശബ്ദത്തെ വൈവിധ്യപൂർണമാക്കുന്നു. അതിരാവിലെ മുതൽ ഇവയുടെ ബഹളം കേൾക്കാം. മിക്കപ്പോഴും വിവിധ പക്ഷികൾ അടങ്ങുന്ന കൂട്ടങ്ങളിലെ പ്രധാന അംഗമാകുക വഴി  മറ്റുപക്ഷികളുടെ അപായമുന്നറിയിപ്പ് ശബ്ദങ്ങൾ ഇവ പഠിക്കുകയും അവ സന്ദർഭത്തിനനുസരിച്ച് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ പല പക്ഷികളുടെ ശബ്ദം അനുകരിക്കുക വഴി ഇവ കീടങ്ങളെ ആഹാരമാക്കുന്ന പക്ഷികളുടെ ഇര തേടൽ കൂട്ടങ്ങൾ രൂപീകരിക്കാൻ സഹായിക്കാറുണ്ട്. ഇങ്ങനെയുള്ള കൂട്ടം കാടുമുഴക്കിക്കും മറ്റ് പക്ഷികൾക്കും തീറ്റ തേടാൻ സഹായകരമാണ്. കൂട്ടത്തിൻറെ സുരക്ഷക്ക് ഇവയ്ക്ക് വലിയ സ്ഥാനം കാണും. അപകടസാഹചര്യം വന്നാൽ ശബ്ദമുണ്ടാക്കി മറ്റു പക്ഷികളെ ജാഗരൂകരാക്കും. എങ്കിലും പ്രാപ്പിടിയൻറെ ശബ്ദം ഉണ്ടാക്കി  മറ്റ് പക്ഷികളെ പരിഭ്രമിപ്പിച്ച് അവയുടെ കൈയിലെ തീറ്റ തട്ടിയെടുക്കാൻ ഇവ ശ്രമിക്കാറുണ്ട്.


കാടുമുഴക്കിയുടെ ശബ്ദം 

മുകളിലേക്ക്

പ്രജനനം


ഫെബ്രുവരി മുതൽ മെയ് വരെയാണ് കാടുമുഴക്കിയുടെ പ്രജനനകാലം. ഇവയുടെ വിശാലമായ ആവാസമേഖലകളിൽ പലയിടത്തും പ്രജനനകാലത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. വടക്കൻ മേഖലകളിൽ ഇത് ജൂൺ ജൂലൈ മാസം വരെ പോകുമത്രേ. പ്രജനനകാലത്ത് ഒരു ഇണയെ മാത്രമേ സ്വീകരിക്കാറുള്ളൂ. വർഷത്തിൽ ഒരു തവണ മാത്രമാണ് പ്രജനനം നടത്തുന്നത്.



ഇണപ്പക്ഷികൾ ഒരുമിച്ചാണ് കൂട് നിർമിക്കുന്നത്. മരത്തിൻറെ കൊമ്പിൽ Y ആകൃതിയിലുള്ള ചില്ലയിൽ കെട്ടുന്ന കൂടിന് കപ്പ് ആകൃതിയാണ്. ഒരു ചായ അരിപ്പ പോലെ തോന്നും ചില്ലയും കൂടിൻറെ ആകൃതിയും ചേർന്ന്.  വാഴയുടെയും ഓലയുടെയും മറ്റും നാരുകളും നേരിയ പുൽനാരും ഒക്കെ വെച്ച് നിർമിക്കുന്ന കൂട് ഉള്ളിൽ അപ്പൂപ്പൻ താടിയുടെയും ചിലന്തിവലയുടെയും മറ്റും നാരുകൾ കാണും. നാരുകൾ കൊണ്ട് മരച്ചില്ലയിൽ അരികുകൾ കെട്ടിവെച്ച രീതിയിലാണ് കൂട് നിർമിക്കുന്നത്. കൂടിൻറെ അടിഭാഗത്ത് താങ്ങൊന്നും ഉണ്ടാവില്ല. പ്രജനനകാലത്ത് ഇവ കൂടിൻറെ പരിസരങ്ങളിൽ വളരെ അക്രമണസ്വഭാവം കാണിക്കും. തന്നെക്കാൾ വലിയ പക്ഷികളെ പോലും തുരത്തി ഓടിക്കാൻ മടിക്കാറില്ല.


ഒരു തവണ വെളുത്ത നിറത്തിൽ തവിട്ട് പുള്ളികളുള്ള ഒന്ന് മുതൽ നാല് മുട്ടകൾ വരെ കാണും. ശരാശരി മൂന്ന് മുട്ടകൾ വരെ ഉണ്ടാകും. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരിക്കും. 15 മുതൽ 17 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വരും. കുഞ്ഞുങ്ങളെ പരിചരിക്കുന്നതിൻറെ ഉത്തരവാദിത്തവും ഇണപ്പക്ഷികൾ പങ്കിടുന്നു. 17 മുതൽ 28 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റും. ശരാശരി 19 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റി കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഇതിനുശേഷം 4 മുതൽ 6 ആഴ്ച വരെ രക്ഷിതാക്കളുടെ സംരക്ഷണയിലായിരിക്കും. പ്രായപൂർത്തിയെത്താത്ത പക്ഷികൾ അതിൻറെ മാതാപിതാക്കളുടെ പുതിയ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിൽ സഹായിക്കാറുണ്ടെന്ന് പറയപ്പെടുന്നു. കൂട് വിട്ടാലും മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാറുണ്ടത്രെ.

മുകളിലേക്ക്

ആഹാരരീതി


കാടുമുഴക്കി പക്ഷികൾ പ്രധാനമായും പ്രാണിപിടിയന്മാരാണ്. ഉറുമ്പ്, ഈച്ചകൾ, വണ്ടുകൾ, തുമ്പികൾ, ശലഭങ്ങൾ, പുൽച്ചാടികൾ, തൊഴുകൈയ്യൻ, ചിതൽ, തുടങ്ങി വിവിധ ഷഡ്പദങ്ങളെയും പ്രാണികളെയും ഇവ ആഹരിക്കാറുണ്ട്. 



ഡ്രോംഗോ വിഭാഗത്തിൽ പെട്ട മറ്റുപക്ഷികളെ പോലെ ഇവയും പ്രാണികളെ പറക്കലിനിടയിലാണ് പിടിക്കുന്നത്. ഈ പ്രാണികൾക്ക് പുറമെ ചെടികളിൽ നിന്ന് തേനും ആഹരിക്കുമത്രേ. 

മുകളിലേക്ക്

ആവാസമേഖല


കാടുകളിലും ധാരാളം മരങ്ങൾ നിറഞ്ഞ നാട്ടിൻ പുറങ്ങളിലുമാണ് കാടുമുഴക്കി പക്ഷികളെ പ്രധാനമായും കാണുന്നത്. സമുദ്രനിരപ്പിൽ നിന്ന് മുതൽ പരമാവധി 2000 മീറ്റർ വരെ ഉയരം ഉള്ള പ്രദേശങ്ങൾ വരെ ഈ പക്ഷികളെ കാണുന്നുണ്ട്. മലകൾക്കിടയിലെ തേക്ക് മുള കാടുകളാണ് ഇവയുടെ പ്രധാന ആവാസമേഖല. ഈ പക്ഷികൾക്ക് ദേശാടനസ്വഭാവം ഇല്ല.



കാടുമുഴക്കി പക്ഷികൾ ഇന്ത്യയിൽ വടക്ക് ഹിമാലയപ്രദേശങ്ങൾ മുതൽ തെക്ക് വരെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ, കമ്പോഡിയ, വിയറ്റ്നാം, തെക്കൻ ചൈന, ഇന്തോനേഷ്യ വരെ ഈ പക്ഷികൾ കാണപ്പെടുന്നു.

ഇവയുടെ വിശാലമായ ആവാസമേഖലയിലായി 13 ഉപവിഭാഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. D. p. paradiseus എന്ന ഉപവിഭാഗമാണ് കേരളത്തിൽ ഉൾപ്പെടെ തെക്കൻ ഇന്ത്യയിൽ കാണപ്പെടുന്നു. കൂടാതെ ഇവ തെക്കൻ തായ്‌ലൻഡിലും വടക്കൻ മലയ ഉപദ്വീപിലും തെക്കൻ ഇന്തോചൈനയിലും കാണുന്നു. D. p. grandis എന്ന ഉപവിഭാഗം വടക്കൻ ഇന്ത്യയിലും മ്യാൻമാർ  മുതൽ വടക്കൻ വിയറ്റ്നാം വരെയും കാണപ്പെടുന്നു. D. p. rangoonensis മദ്ധ്യേന്ത്യയിലും തെക്കൻ മ്യാൻമർ മുതൽ ഇന്തോചൈന വരെയും കാണപ്പെടുന്നു. D. p. johni എന്ന ഉപവിഭാഗം തെക്കൻ ചൈനയിലെ ഹൈനാൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു. D. p. hypoballus മലയ ഉപദ്വീപിൽ കാണുന്നു. D. p. platurus തെക്കൻ മലയ ഉപദ്വീപിലും സുമാത്രയിലും സമീപ ദ്വീപുകളിലും കാണപ്പെടുന്നു. ശ്രീലങ്കയിൽ കാണുന്നത് D. p. ceylonicus എന്ന ഉപവിഭാഗമാണ്. D. p. otiosus ആൻഡമാൻ ദ്വീപുകളിൽ കാണുന്നവയാണ്. നിക്കോബാർ ദ്വീപുകളിൽ D. p. nicobariensis കാണപ്പെടുന്നു. D. p. banguey എന്ന ഉപവിഭാഗമാണ് വടക്കൻ ബോർണിയോയിൽ കാണപ്പെടുന്നത്. D. p. brachyphorus ബോർണിയോവിൽ കാണപ്പെടുന്നു. D. p. microlophus വടക്കൻ നതുനാ ദ്വീപുകളിൽ കാണപ്പെടുന്നു. D. p. formosus എന്ന ഉപവിഭാഗമാണ് ജാവയിൽ കാണുന്നത്.

മറ്റ് ഭാഷകളിൽ 


Assamese: ভীমৰাজ

Asturian: Drongo de raquetes grande

Bengali: বড় রেকেটফিঙে

Bulgarian: Голям вимпелоопашат дронго

Burmese: လင်းမြီးဆွဲငှက်

Catalan: Drongo de raquetes gros

Chinese (Traditional): 大盤尾

Chinese: 大盘尾

Croatian: drongo barjaktar

Czech: drongo vlajkový

Danish: Stor Pragtdrongo

Dutch: Vlaggendrongo

Estonian: paradiisidrongo

Finnish: viiridrongo

French: Drongo à raquettes

German: Flaggendrongo

Hebrew: דרונגו פרדיסאוס

Hungarian: paradicsomdrongó

Icelandic: Paradísardrungi

Indonesian: Burung Srigunting Batu

Italian: Drongo coda a racchetta maggiore

Japanese (Kanji): 飾り烏秋

Japanese: カザリオウチュウ

Kannada: ಭೀಮರಾಜ

Lithuanian: Didysis rojinis drongas

Malay: Cecawi Anting-anting Besar

Marathi: भृंगराज कोतवाल

Nepali: भीमराज चिबे

Norwegian: Dragedrongo

Persian: بوجانگای دم‌پارویی بزرگ

Pinyin: dà pán wěi

Polish: dziwogon rajski

Russian: Ракетохвостый дронго

Serbian: Veliki repati drongo

Sinhalese: මහා කවුඩ

Slovak: drongo zástavkový

Spanish: Drongo de Raquetas Grande

Swedish: Större vimpeldrongo

Tamil: துடுப்பு வால் கரிச்சான் 

Thai: นกแซงแซวหางบ่วงใหญ่

Turkish: Büyük raket kuyruklu drongo

Ukrainian: Дронго великий

Vietnamese: Chèo bẻo cộ đuôi chẻ

Welsh: Drongo llwy-gynffon mawr

മുകളിലേക്ക്




2 comments:

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...