എന്‍റെ നാട്ടിലെ പക്ഷികള്‍: അയോറ

Wednesday, June 26, 2024

അയോറ

Common iora

ശാസ്ത്രീയ നാമം

Aegithina tiphia


ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം
 Animalia
ഫൈലം
 Chordata
ക്ലാസ്സ്
‌ Aves
നിര
 Passeriformes
കുടുംബം
 Aegithinidae
ജനുസ്സ്
 Aegithina
വർഗ്ഗം
 A. tiphia
ഉപ വർഗ്ഗം
 A. t. multicolor


മരക്കൊമ്പുകളിൽ ചാടി നടന്ന് ഇരതേടുന്ന ഒരു ചെറിയ പക്ഷിയാണ് അയോറ പക്ഷി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്ക് കിഴക്കൻ ഏഷ്യയുടെ ചില പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവയെ  ഉറക്കെയുള്ള ചൂളം വിളി ശബ്ദവും തിളങ്ങുന്ന മഞ്ഞ നിറവും കൊണ്ട് എളുപ്പം തിരിച്ചറിയാം.



Aegithinidae എന്ന കുടുംബത്തിൽ പെട്ട അയോറ പക്ഷികൾക്ക് Common iora എന്നാണ് ഇംഗ്ലീഷിൽ പേര്. ഇവയുടെ ശാസ്ത്രീയ നാമം Aegithina tiphia എന്നാണ്.



ശരീരഘടന


താരതമ്യേന ചെറിയ പക്ഷികളായ അയോറ പക്ഷികൾക്ക് ശരാശരി 12 - 14 സെ.മീ നീളവും 12 മുതൽ 17 ഗ്രാം വരെ ഭാരവും കാണും. ആൺ പക്ഷികൾ പെൺ പക്ഷികളെ അപേക്ഷിച്ച് അല്പം വലുതായിരിക്കും. അയോറ പക്ഷികളുടെ കൂർത്ത കൊക്കുകൾക്കും കാലിനും ചാരനിറമായിരിക്കും. ബാക്കി ആകെ നോക്കിയാൽ ഒരു മഞ്ഞ ഒലിവ് പച്ച നിറമാണ് ഈ പക്ഷിക്ക്.

ആൺപക്ഷി 

പ്രജനനകാലത്തെ ആൺ പക്ഷി 

പെൺപക്ഷി 

അയോറകളിൽ ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം. എല്ലാ സമയത്തും ചില നിറവ്യത്യാസങ്ങൾ കാണാമെങ്കിലും പ്രജനനകാലത്താണ് ഇത് അതിൻറെ പരമകാഷ്ഠയിലെത്തുന്നത്. ഈ സമയത്ത് ആൺ പക്ഷിയുടെ ശിരസിൽ കൊക്ക് മുതൽ കറുപ്പ് നിറമായിരിക്കും. ഇത് നെറ്റിയിലൂടെ കയറി തലയുടെ പിറകിൽ വരെ എത്തുന്നു. സ്വതവേ ഇരുണ്ട നിറത്തിലുള്ള ചിറകുകൾ കറുപ്പ് നിറമാകും. വാലും കറുപ്പ് നിറമായിരിക്കും. 

പ്രജനനകാലത്തല്ലെങ്കിൽ ആൺ പെൺ പക്ഷികൾ തമ്മിൽ വ്യത്യാസങ്ങൾ ഇത്ര അധികം കാണില്ല. ആൺ പക്ഷിയുടെ ചിറകുകളും വാലും ഇരുണ്ട നിറം തന്നെ ആയിരിക്കും. ആൺ പക്ഷിയുടെ തലയുടെ പിറകു ഭാഗം മുതൽ പിന്നിലേക്ക് അല്പം ഇരുണ്ട നിറമായിരിക്കും. ബാക്കി ശരീരം മിക്കവാറും പെൺ പക്ഷിയെ പോലെ തന്നെ ആയിരിക്കും. 

പെൺ പക്ഷിക്ക് ഋതുഭേദങ്ങൾക്കനുസരിച്ച്  നിറത്തിൽ വലിയ വ്യത്യാസം കാണാറില്ല. ഒലിവ് പച്ച നിറത്തിലുള്ള ചിറകുകൾക്ക് കറുപ്പും വെള്ളയും വരകൾ ഇടവിട്ടുള്ള അരികുകൾ കാണാം. വാലും ഒലിവ് പച്ച നിറത്തിലാണ്. 
ശരീരത്തിൻറെ അടിഭാഗം ആൺ പെൺ പക്ഷികളിൽ ഒരുപോലെ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. ആൺ പക്ഷികളിൽ ചിറകുകളിൽ കാണപ്പെടുന്ന വെള്ള വരകൾ പ്രജനനകാലത്ത് അല്പം കൂടി പ്രകടമായി കാണാം. ആൺ പക്ഷിയുടെ കണ്ണിന് ഇരുണ്ട നിറമായിരിക്കും. പെൺ പക്ഷിയുടെ കണ്ണിന് മങ്ങിയ നിറമായിരിക്കും.

വിവിധ ഉപവിഭാഗങ്ങളിൽ ശരീരത്തിൻറെ നിറങ്ങളിൽ വ്യത്യാസങ്ങൾ കാണാറുണ്ട്.


സ്വഭാവം


മിക്കവാറും സമയം ഇടതൂർന്ന ഇലകളുള്ള മരക്കൊമ്പുകളിൽ ഒറ്റയ്ക്കോ ഇണയ്‌ക്കൊപ്പമോ വിശ്രമമില്ലാതെ ചാടി നടക്കുന്ന സ്വഭാവക്കാരാണ് അയോറ പക്ഷികൾ. പലപ്പോഴും ഈ ഇരതേടൽ മറ്റു കുഞ്ഞു പക്ഷികൾക്കൊപ്പം കൂട്ടമായി ആവാം. 


ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കുമ്പോഴും ഉറക്കെ ചൂളമിട്ടുകൊണ്ടിരിക്കുകയും ചെയ്യും. ആൺ പക്ഷി നീളമുള്ള ഒരു ചൂളം വിളി കൊണ്ട് തൻറെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കും. അതുകൂടാതെ പലതരം ചെറിയ ചൂളം വിളി ശബ്ദങ്ങളും ഇവ ഉണ്ടാക്കും. മറ്റ് ചില  പക്ഷികളുടെ ശബ്ദം ഇവ അനുകരിക്കുമെന്ന് പറയപ്പെടുന്നു.

അയോറ പക്ഷികളുടെ ശബ്ദം

പ്ലാവ്, മാവ്, പുളി തുടങ്ങിയ ഇടതൂർന്ന ഇലകൾ ഉള്ള മരങ്ങളിലാണ് അയോറ പക്ഷികൾ മിക്കവാറും കാണാൻ സാധ്യത.


പ്രജനനം


ജനുവരി മുതൽ ജൂലൈ മാസം വരെയാണ് തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡ മേഖലയിൽ അയോറ പക്ഷികളുടെ പ്രജനനകാലം. ഈ പക്ഷിക്ക് ഒരു സമയത്ത് ഒരു ഇണ മാത്രമേ കാണുകയുള്ളൂ. 


പ്രജനന കാലത്ത് ആൺ പക്ഷികളുടെ ശരീരത്തിൽ പ്രകടമായ വ്യത്യാസങ്ങൾ രൂപപ്പെടും. തല മുതൽ പുറം ഭാഗം ഇരുണ്ട കറുപ്പ് നിറമായി മാറും. ഇണയെ ആകർഷിക്കാൻ തൂവലുകൾ വികസിപ്പിച്ചും വായുവിൽ അഭ്യാസം കാണിച്ചും ശ്രമിക്കും.



മരത്തിൻറെ ശിഖരത്തിൽ മൂന്നു നാല് ചില്ലകൾ ചേരുന്ന ഇടങ്ങളിൽ പുല്ലും നാരും ചിലന്തിവലയും മറ്റും ചേർത്തതാണ് കൂട് നിർമിക്കുന്നത്. കൂടിന് രണ്ട് മൂന്നിഞ്ച് വ്യാസം കാണും. അരിപ്പൂ ചെടിയുടെ കൊമ്പിൻറെ പുറം തൊലിയിൽ നിന്ന് കൊത്തിയെടുക്കുന്ന നാരുകൾ വെച്ചാണ് കൂടിൻറെ ഉൾഭാഗം മെനയുന്നത്.


അരിപ്പൂ ചെടിയിൽ നിന്ന് നാര് കൊത്തിയെടുക്കുന്ന ആൺ അയോറ പക്ഷി 

ഒരു തവണ രണ്ട് മുതൽ നാല് മുട്ടകൾ വരെ കാണും. മുട്ടയ്ക്ക് ഇല പച്ച കലർന്ന വെള്ള നിറമായിരിക്കും. മുട്ടുകളിൽ ചെറിയ തവിട്ട് പുള്ളികൾ കാണും. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കും. പ്രധാനമായും പെൺ പക്ഷി രാത്രിയും ആൺ പക്ഷി പകലും ആണ് ആടായിരിക്കുന്നതത്രെ. രണ്ടാഴ്ച കൊണ്ട് മുട്ടകൾ വിരിയും. കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും ആൺ പെൺ പക്ഷികൾ ഒന്നിച്ചാണ്.  4.8 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്.


പാമ്പുകൾ, ചെമ്പോത്ത്, കാക്ക തുടങ്ങിയ ജീവികൾ അയോറ പക്ഷികളുടെ മുട്ടകൾ ആഹാരമാക്കാൻ ശ്രമിക്കാറുണ്ട്.


ചെങ്കുയിൽ അയോറകളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. മുട്ട വിരിഞ്ഞ് ഈ കുയിൽ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നതും അയോറകൾ തന്നെയാണ്. തങ്ങളേക്കാൾ രണ്ട് മൂന്നിരട്ടി വലിപ്പമുള്ള കുയിൽ കുഞ്ഞിനെ തീറ്റ കൊടുത്ത് കൊണ്ട് വീണ്ടും ഇര തേടി മരക്കൊമ്പുകളിൽ ചാടി നടക്കുന്ന ഈ കുഞ്ഞൻ പക്ഷികളെ നാട്ടിൻ പുറങ്ങളിൽ കാണാം.


മുകളിലേക്ക്


ആഹാരരീതി


ഇടതൂർന്ന ഇലകളുള്ള മരക്കൊമ്പുകളിൽ ചാടി നടന്ന ഇര തേടുന്ന രീതിയാണ് അയോറ പക്ഷികൾക്ക്. നിറയെ ഇലകളുള്ള മാവ് പ്ലാവ് തുടങ്ങിയ മരങ്ങളിൽ ചാടി നടക്കുന്ന ഈ പക്ഷികളെ ഗ്രാമങ്ങളിൽ കാണാം. പ്രാണികൾക്കായി  ഇവ മരക്കൊമ്പിൽ തലകീഴായും തിരയുന്നത് അപൂർവമായി കാണാറുണ്ട്.



ചിലന്തികൾ, പുൽച്ചാടികൾ, ചീവീടുകൾ, തുമ്പികൾ, ശലഭങ്ങൾ, തൊഴുകൈയ്യൻ പ്രാണികൾ, പുഴുക്കൾ, വിവിധതരം ലാർവകൾ, ചിതൽ, ഉറുമ്പ്, തുടങ്ങിയവയൊക്കെ ഈ പക്ഷികൾ ആഹാരമാക്കാറുണ്ട്. മരക്കൊമ്പുകളിലും ഇലകളിലും നിന്ന് കൊത്തിത്തിന്നുന്നതിന് പുറമെ വളരെ അപൂർവമായി പറക്കുന്ന പ്രാണികളെയും ഇവ പിടിക്കാറുണ്ട്.


മുകളിലേക്ക്


ആവാസമേഖല


വളരെ അധികം നിബിഡമല്ലാത്ത കാടുകളിലും കാടുകളുടെ പരിസരങ്ങളിലും ഗ്രാമങ്ങളിലും ആണ് അയോറ പക്ഷിയെ സാധാരണ കണ്ടുവരുന്നത്. എന്നാൽ ഇവ അതിനിബിഡ വനങ്ങൾ ഒഴിവാക്കാറാണ് പതിവ്.


തെക്ക്, തെക്ക് കിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ ഉപോഷ്ണമേഖല പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങൾ, കണ്ടൽ വനങ്ങൾ, വനങ്ങൾക്ക് സമീപത്തെ വൃക്ഷങ്ങൾ ധാരാളമുള്ള ഗ്രാമപ്രദേശങ്ങൾ, തുടങ്ങിയ പ്രദേശങ്ങളാണ് അയോറ പക്ഷികളുടെ സ്വാഭാവിക ആവാസമേഖലകൾ. 


സമുദ്ര നിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ പക്ഷിയെ കണ്ടുവരാറുണ്ട്.


അയോറ പക്ഷികൾ ദേശാടന സ്വഭാവം കാണിക്കുന്നവയല്ല. ഭക്ഷണത്തിൻറെ ലഭ്യത, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് ചെറിയ യാത്രകൾ നടത്താറുണ്ടെന്ന് മാത്രം.


ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളും ഉയർന്ന ഹിമാലയൻ പ്രദേശങ്ങളും ഒഴികെ മിക്കവാറും ഭാഗങ്ങളിൽ അയോറ പക്ഷികളെ കാണാം. പാകിസ്ഥാൻ, ശ്രീലങ്ക,നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമാർ, തായ്‌ലൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തെക്കൻ ചൈനയിലെ യുനാൻ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണെയ്‌, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കണ്ടുവരുന്നുണ്ട്.



 A. t. multicolor എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട് തുടങ്ങി തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഈ ഉപവിഭാഗം കാണപ്പെടുന്നു. A. t. tiphia എന്ന ഉപവിഭാഗം പഞ്ചാബ് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇന്ത്യയിലെ ഹിമാലയൻ സമീപ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പടിഞ്ഞാറൻ മ്യാൻമാർ എന്നിവിടങ്ങളിലും കാണപ്പെടുന്നു. മറ്റൊരു ഉപവിഭാഗമായ A. t. septentrionalis വടക്ക് പടിഞ്ഞാറൻ ഹിമാലയ പ്രദേശങ്ങളായ ഹിമാചൽ പ്രദേശിലും പഞ്ചാബിലും കാണപ്പെടുന്നു. A. t. humei എന്ന ഉപവിഭാഗമാണ് കിഴക്കൻ രാജസ്ഥാൻ മുതൽ പശ്ചിമ ബംഗാൾ വരെയുള്ള മദ്ധ്യ ഇന്ത്യൻ ഭൂഭാഗത്ത് കണ്ടുവരുന്നു. 


കിഴക്കൻ മ്യാൻമാർ മുതൽ വടക്ക്, മദ്ധ്യ തായ്‌ലൻഡ്,  വടക്കൻ ലാവോസ്, വടക്കൻ വിയറ്റ്നാം, തെക്കൻ ചൈനയിലെ യുനാൻ എന്നിവിടങ്ങളിൽ A. t. philipi  എന്ന ഉപവിഭാഗം കാണപ്പെടുന്നു. വടക്കൻ മ്യാന്മറിൽ കാണപ്പെടുന്നത് A. t. deignani എന്ന ഉപവിഭാഗമാണ്. A. t. horizoptera എന്ന ഉപവിഭാഗം തെക്കൻ മ്യാൻമർ, മദ്ധ്യ തെക്കൻ തായ്‌ലൻഡ്, മലേഷ്യൻ ഉപഭൂഖണ്ഡം, സിംഗപ്പൂർ, ഇന്തോനേഷ്യയിലെ സുമാത്ര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തെക്ക് കിഴക്കൻ തായ്‌ലൻഡ്, കമ്പോഡിയ, തെക്കൻ ലാവോസ്, തെക്കൻ വിയറ്റ്നാം എന്നിവിടങ്ങളിൽ A. t. cambodiana എന്ന ഉപവിഭാഗം കാണപ്പെടുന്നു. A. t. aequanimis ഫിലിപ്പൈൻസിൽ പലാവൻ,  വടക്കൻ ബോർണിയോയിലെ ബ്രൂണെയ്‌, മലേഷ്യൻ ഭൂഭാഗം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തെക്കൻ ബോർണിയോയിലെ ഇന്തോനേഷ്യൻ ഭൂഭാഗത്ത് കാണപ്പെടുന്നത് A. t. viridis  എന്ന ഉപവിഭാഗം ആണ്. A. t. scapularis എന്ന ഉപവിഭാഗമാണ്  ഇന്തോനേഷ്യയിലെ ജാവയിലും ബാലിയിലും കാണപ്പെടുന്നത്.


അയോറ പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നതായി രേഖപ്പെടുത്തിയിട്ടില്ല.


മുകളിലേക്ക്


മറ്റ് ഭാഷകളിൽ 


Assamese: বিহুৱতী চৰাই
Bengali: পাতি ফটিকজল
Catalan: iora comuna
Chinese: 黑翅雀鹎
Croatian: bjelokrila jora
Czech: jora černohkřídlá
Danish: Iora
Dutch: Gewone Iora
English: Common Iora
Esperanto: Tipa egitino
Estonian: harilik mangolind
Finnish: Jora
French: Petit Iora
German: Garteniora
Gujarati: શૌબિન્ગા
Hindi: Chinna mampazha kuruvi
Hungarian: feketeszárnyú poszátalevélmadár
Icelandic: Laufaljómi
Indonesian: Burung Cipoh Kacat
Italian: Iora comune
Japanese: ヒメコノハドリ
Lithuanian: Juodasparnė jora
Malay: Burung Kunyet Kecil
Marathi: सुभग
Nepali: सुसेलीचरी
Norwegian: Parkløvfugl
Odiya: ସୌଭାଗ୍ୟ ପକ୍ଷୀ
Pinyin: hēi-chì què-bēi
Polish: paskownik zmienny
Portuguese: Iora-d'asa-escura
Russian: Пестрокрылая йора
Serbian: Obična jora
Sinhalese: පොදු අයෝරාවා
Slovak: Jara čiernokrídla
Spanish: Iora Común
Swedish: parkiora
Tamil: மாம்பழச்சிட்டு
Thai: นกขมิ้นน้อยธรรมดา
Turkish: İora
Ukrainian: Йора чорнокрила
Vietnamese: Chim nghệ ngực vàng





2 comments:

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...